“വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ ഉണ്ണുന്നവന്‍ അറിയണം”

അച്ചു മൂളിയവരെ ജയിപ്പിക്കുക എന്ന ധിക്കാരം ഇക്കാലത്തു പല അക്ഷരശ്ലോകസംഘടനകളും കാണിക്കാറുണ്ട്. തുരുതുരെ അച്ചു മൂളിയവന്‍ “ജയിച്ച്” ഒന്നാം സമ്മാനവും കൊണ്ടു പോകുമ്പോള്‍ ഒരു ചാന്‍സും വിടാതെ മുഴുവന്‍ റൗണ്ടിലും തെറ്റില്ലാതെ ശ്ലോകം ചൊല്ലിയവര്‍ മിഴുങ്ങസ്യ എന്നു നോക്കി നില്‍ക്കേണ്ടി വരുന്നു. അവര്‍ക്ക് ഒരക്ഷരം പോലും മിണ്ടാന്‍ കഴിയുകയില്ല. സാഹിത്യമൂല്യം എന്ന വജ്രായുധം പ്രയോഗിച്ചാല്‍ അവരുടെ സപ്തനാഡികളും തളര്‍ന്നുപോകും. ഇതറിയാവുന്ന ഖലന്മാര്‍ പരാജയം അര്‍ഹിക്കുന്ന അല്പജ്ഞാനികളായ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും യാതൊരുളുപ്പും ഇല്ലാതെ ജയിപ്പിക്കും.

ഇവിടെ സംഘാടകരാണു കുറ്റക്കാര്‍ എങ്കിലും അവരെ തിരുത്താന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. അലാവുദീന്‍ ഖില്‍ജി നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്ന ഒരു ചക്രവര്‍ത്തി ആയിരുന്നു. പക്ഷേ അയാളെ തിരുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഇതുപോലെയാണ് ഇന്നത്തെ അക്ഷരശ്ലോകസാമ്രാജ്യത്തിലെയും അവസ്ഥ. ചക്രവര്‍ത്തിയുടെ കിരീടം സ്വയം എടുത്തണിഞ്ഞ ചില ഉന്നതന്മാര്‍ “ഞങ്ങള്‍ അച്ചു മൂളിയവരെ ജയിപ്പിക്കും” എന്നു പ്രഖ്യാപിക്കുന്നു. വിനീതവിധേയന്മാരായ പ്രജകളെല്ലാം “എറാന്‍ എറാന്‍” എന്നു പറഞ്ഞ് ഓച്ഛാനിച്ചു നില്‍ക്കുന്നു. യാതൊരര്‍ഹതയും ഇല്ലാത്ത സമ്മാനം കിട്ടിയവര്‍ രണ്ടു കയ്യും നീട്ടി അതു വാങ്ങിക്കൊണ്ടു പോകുന്നു. കൊടുക്കുന്നവനും ഉളുപ്പില്ല, വാങ്ങുന്നവനും ഉളുപ്പില്ല.

ഈ പ്രശ്നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാന്യനായ ഒരു അക്ഷരശ്ലോകപ്രേമി പറഞ്ഞ വാചകമാണു ഹെഡ്ഡിംഗ് ആയി മുകളില്‍ കൊടുത്തിരിക്കുന്നത്.

നിങ്ങള്‍ ഒരു അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുക്കുകയും അച്ചു മൂളുകയും ചെയ്തു. അച്ചു മൂളാതെ മത്സരം പൂര്‍ത്തിയാക്കിയവരെ അവഗണിച്ചു കൊണ്ടു സംഘാടകഖില്‍ജികള്‍ നിങ്ങള്‍ക്കു സമ്മാനം തന്നു. അപ്പോള്‍ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്? അക്ഷരശ്ലോകപ്രസ്ഥാനത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ നിങ്ങള്‍ ആ സമ്മാനം നന്ദിപൂര്‍വ്വം നിരസിക്കുകയാണു വേണ്ടത്. അല്ലാതെ ആലു കുരുത്താല്‍ അതും തണല്‍ എന്നു പറഞ്ഞതു പോലെ ആ നാണംകെട്ട സമ്മാനം സ്വീകരിച്ചു സ്വയം പരിഹാസ്യനാകരുത്.

നിങ്ങള്‍ പങ്കെടുത്തത് അക്ഷരശ്ലോകമത്സരത്തിലാണ്; വെറും ശ്ലോകമത്സരത്തിലോ ശ്ലോകപ്പാട്ടുമത്സരത്തിലോ അല്ല എന്ന കാര്യം മറക്കാതിരിക്കുക.

“അച്ചു മൂളിയവര്‍ ജയിച്ചാലെന്താ?”

ഇങ്ങനെയൊരു ചോദ്യം ഏതെങ്കിലും അക്ഷരശ്ലോകപ്രേമിക്ക്‌ എന്നെങ്കിലും കേള്‍ക്കേണ്ടി വരുമെന്നു പണ്ടാരും സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല. കലികാലവൈഭവമാകാം ഇപ്പോള്‍ അതും കേള്‍ക്കേണ്ടി വന്നിരിക്കുന്നു.

ചോദിക്കുന്നതു സാധാരണക്കാരൊന്നുമല്ല. അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍, വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ അറിയപ്പെടുന്ന ഉന്നതന്മാരാണ്. അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചു മൂളിയവരെ ജയിപ്പിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ലത്രേ. അവര്‍ക്ക് അതിനു ന്യായവാദങ്ങളും ഉണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം.

“അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണ്. നല്ല സാഹിത്യമൂല്യം ഉളള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന ഉത്തമകലാകാരന്മാര്‍ക്ക് ഒന്നോ രണ്ടോ റൗണ്ടില്‍ ശ്ലോകം ചൊല്ലാന്‍ പറ്റാതെ വന്നാല്‍ അതൊരു വലിയ പോരായ്മയായി കണക്കാക്കേണ്ടതുണ്ടോ? അവര്‍ നേടിയ മൊത്തം മാര്‍ക്കു പരിഗണിച്ച് അവരെ ജയിപ്പിക്കുന്നതില്‍ എന്താണു തെറ്റ്? 20 റൗണ്ടിലും നാല്‍ക്കാലി ശ്ലോകങ്ങള്‍ ചൊല്ലിയ ആളിനെക്കാള്‍ കേമനല്ലേ 18 റൗണ്ടില്‍ നല്ല തിളങ്ങുന്ന മുക്തകങ്ങള്‍ അവതരിപ്പിച്ച ഉത്തമകലാകാരന്‍? ഷഡ്ഗുണങ്ങള്‍ ഉള്ള ശബ്ദവും സംഗീതഗന്ധിയായ ആലാപനശൈലിയും ഉള്ള പ്രതിഭാശാലികള്‍ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കേണ്ടതല്ലേ? ഒരാള്‍ 20 റൗണ്ട് ചൊല്ലി നേടിയ മാര്‍ക്കിനെക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ 18 റൗണ്ട് ചൊല്ലി നേടിയാല്‍ രണ്ടാമനല്ലേ കൂടുതല്‍ മികച്ച അക്ഷരശ്ലോകവിദഗ്ദ്ധന്‍? ശ്ലോകം ചൊല്ലാതിരിക്കുന്ന റൗണ്ടില്‍ അവര്‍ക്കു പൂജ്യം മാര്‍ക്കു മാത്രമേ കൊടുക്കുന്നുള്ളൂ. അതില്‍ കൂടുതല്‍ ശിക്ഷ അവര്‍ക്കു കൊടുക്കേണ്ട ആവശ്യമുണ്ടോ?”

ഈ മുടന്തന്‍ ന്യായങ്ങളെല്ലാം എറാന്‍ എറാന്‍ എന്നുപറഞ്ഞു ശരി വച്ച് ഈ ഉന്നതന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കുന്ന “അക്ഷരശ്ലോക”പ്രേമികള്‍ ധാരാളമുണ്ട് എന്നതാണ് അത്യത്ഭുതം.

ഇത്തരം കൊഞ്ഞാണന്മാര്‍ ഉള്ളിടത്തോളം കാലം അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചു മൂളിയവരെ ജയിപ്പിക്കാനുള്ള ധാര്‍ഷ്ട്യം മുന്‍പറഞ്ഞ ഉന്നതന്മാര്‍ക്ക് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

“അക്ഷരശ്ലോകമോതീടില്‍ അച്ചു കൂടാതെ ചൊല്ലണം” എന്ന ബാലപാഠം പോലും ഈ ഉന്നതന്മാര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ചതുരംഗം കളിയില്‍ അടിയറവു പറഞ്ഞവന്‍ പരാജിതനാകുന്നതു പോലെ അക്ഷരശ്ലോകത്തില്‍ അച്ചു മൂളിയവന്‍ പരാജിതനാകും. പരാജിതരായ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും യാതൊരു ഉളുപ്പും ഇല്ലാതെ വിജയികളെന്നു പ്രഖ്യാപിക്കുന്ന പ്രമത്തന്മാരായ ഈ ധിക്കാരികള്‍ ഈ പ്രസ്ഥാനത്തിനു ശാപമാണ്. അവരുടെ മുമ്പില്‍ എറാന്‍ മൂളി നില്‍ക്കുന്ന ചിന്താശൂന്യന്മാര്‍ അതിലും വലിയ ശാപം.

വിജയം രണ്ടു തരം; പരാജയവും.

അക്ഷരശ്ലോകമത്സരങ്ങളിലെ ജയാപജയങ്ങള്‍ക്കു പണ്ടു തരംതിരിവുകള്‍ യാതൊന്നും ഉണ്ടായിരുന്നില്ല. കിട്ടിയ അക്ഷരങ്ങളിലെല്ലാം ശ്ലോകം ചൊല്ലിയാല്‍ അന്തസ്സായിട്ടു ജയിക്കാം. അച്ചു മൂളേണ്ടി വന്നാല്‍ അന്തസ്സായിട്ടു പരാജയപ്പെടുകയും ചെയ്യാം.

പക്ഷേ അടുത്ത കാലത്ത് അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ എന്ന്‍ അവകാശപ്പെടുന്ന ചില ഉന്നതന്മാര്‍ വരുത്തിയ “വമ്പിച്ച പുരോഗമനം” കാരണം ജയാപജയങ്ങള്‍ രണ്ടു തരത്തില്‍ ഉണ്ടെന്നു വന്നിരിക്കുന്നു. അന്തസ്സുള്ളതും നാണംകെട്ടതും.

അന്തസ്സുള്ള വിജയം

കിട്ടിയ അക്ഷരങ്ങളിലെല്ലാം മുട്ടാതെ (അച്ചു മൂളാതെ) ശ്ലോകം ചൊല്ലി നേടുന്ന വിജയം അന്തസ്സുള്ള വിജയമാണ്.

നാണം കെട്ട വിജയം

കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം തോന്നാതെ മിഴിച്ചിരുന്നാലും ഇക്കാലത്തു ചിലര്‍ “ജയിച്ച്” ഒന്നാം സമ്മാനവും ഗോള്‍ഡ്‌ മെഡലും ഒക്കെ വാങ്ങാറുണ്ട്. “ഷഡ്ഗുണങ്ങളുള്ള ശബ്ദമുണ്ട്‌, സംഗീതഗന്ധിയായ ആലാപനശൈലിയുണ്ട്, സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലി, ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു” എന്നൊക്കെ ചില മുടന്തന്‍ ന്യായങ്ങളും ചപ്പടാച്ചികളും പറഞ്ഞ് ഉന്നതന്മാര്‍ അവരെ ജയിപ്പിക്കുകയാണു ചെയ്യുന്നത്. ദയനീയമായ പരാജയം അര്‍ഹിക്കുന്ന ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ഇങ്ങനെ ജയിപ്പിച്ചു കൊമ്പത്തു കയറ്റാന്‍ ഉന്നതന്മാര്‍ക്കു യാതൊരു ഉളുപ്പും ഇല്ല. ഇതാണു നാണംകെട്ട വിജയം.

അന്തസ്സുള്ള പരാജയം

അച്ചു മൂളിയ ആള്‍ പരാജയം സമ്മതിച്ചാല്‍ അത് അന്തസ്സുള്ള പരാജയമാണ്. ഇങ്ങനെ പരാജയപ്പെടുന്നതില്‍ ലജ്ജാവഹമായി ഒന്നുമില്ല.

നാണം കെട്ട പരാജയം

അച്ചു മൂളാതെ മത്സരം പൂര്‍ത്തിയാക്കുകയും അച്ചു മൂളിയവന്‍റെ മുന്നില്‍ പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്താല്‍ അത് അങ്ങേയറ്റം ലജ്ജാവഹമായ ഒരു അവസ്ഥയാണ്. ഈ ദുരവസ്ഥയില്‍ ചെന്നു ചാടാതിരിക്കാന്‍ അന്തസ്സും അഭിമാനവും ഉള്ള എല്ലാ അക്ഷരശ്ലോകക്കാരും തക്കതായ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

പൊങ്ങച്ചത്തിനു വേണ്ടിയുള്ള വൃത്തനിബന്ധന എവിടെ കണ്ടാലും അതിനു പിന്നില്‍ നാണംകെട്ട ഭവിഷ്യത്തുകള്‍ പതിയിരിക്കുന്നു എന്നു മനസ്സിലാക്കണം. നാണംകെട്ട പരാജയം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണം.

  1. മാര്‍ക്കിടലും വൃത്തനിബന്ധനയും ഒരുമിച്ചുള്ള മത്സരങ്ങളെ എപ്പോഴും സംശയദൃഷ്ടിയോടെ വീക്ഷിക്കുക. അതിന്‍റെ സംഘാടകര്‍ തങ്ങളുടെ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ചുളുവില്‍ ജയിപ്പിക്കാന്‍ വേണ്ടി അങ്ങേയറ്റം തരം താണ പ്രവൃത്തികള്‍ ചെയ്യാന്‍ ഒട്ടും മടിക്കുകയില്ല. അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ പോലും അവര്‍ യാതൊരു ഉളുപ്പും ഇല്ലാതെ ലംഘിക്കും. അവരുടെ മത്സരങ്ങളില്‍ പങ്കെടുക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. പങ്കെടുക്കുന്നെങ്കില്‍ നാണംകെട്ട പരാജയം ഒഴിവാക്കാന്‍ തക്കതായ അടവുനയങ്ങള്‍ ബുദ്ധിപൂര്‍വ്വം ചിന്തിച്ചു കണ്ടുപിടിച്ചു നടപ്പാക്കുക. തല്‍പരകക്ഷികള്‍ നിര്‍ദ്ദേശിക്കുന്ന ഒരു വൃത്തത്തിലും ശ്ലോകം ചൊല്ലാതെ നിസ്സഹകരിക്കുന്നതു ഫലപ്രദമായ ഒരു നിവൃത്തിമാര്‍ഗ്ഗമാണ്.
  2. നീതി നടപ്പാകണമെങ്കില്‍ മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ ഒരു പ്രാവശ്യം എങ്കിലും അച്ചു മൂളിയവരെ ഉടന്‍ പുറത്താക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സംഘാടകര്‍ അതില്‍ അലംഭാവം കാണിച്ചാല്‍ അവരോടു നിസ്സഹകരിക്കുക.

ചുരുക്കിപ്പറഞ്ഞാല്‍ ഗാന്ധിജി ഉപദേശിച്ച നിസ്സഹകരണമാണു നാണംകെട്ട പരാജയം അടിച്ചേല്‍പ്പിക്കുന്ന ഖലന്മാര്‍ക്കെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ പ്രതിരോധതന്ത്രം.

നിര്‍ഭാഗ്യമെന്നു പറയട്ടെ, നാണംകെട്ട തോല്‍വി രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും തങ്ങളുടെ മേല്‍ അത് അടിച്ചേല്‍പ്പിച്ച ഖലന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛവും അടക്കി ഓച്ഛാനിച്ചു നില്‍ക്കുകയും ചെയ്യുക എന്നതാണ് ഇക്കാലത്തെ മിക്ക അക്ഷരശ്ലോകക്കാരും സ്വീകരിച്ചിട്ടുള്ള നയം. പ്രതികരണശേഷിയും ചിന്താശക്തിയും തീരെ ഇല്ലാത്ത ഇത്തരക്കാര്‍ കാരണമാണ് അക്ഷരശ്ലോകപ്രസ്ഥാനത്തിന് ഇത്രയേറെ അപചയം സംഭവിച്ചത്.

“ഞങ്ങള്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചേ അടങ്ങൂ”

ഒരിടത്തു പ്രതിഭാശാലികളായ കുറേ അക്ഷരശ്ലോകക്കാര്‍ ഉണ്ടായിരുന്നു. അവര്‍ ഒത്തുചേര്‍ന്ന് ഒരു ശപഥം ചെയ്തു. “ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ഞങ്ങള്‍ ജീവിതവ്രതമായി സ്വീകരിച്ചിരിക്കുന്നു. ഞങ്ങള്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചേ അടങ്ങൂ. ഷഡ്ഗുണങ്ങളുള്ള ശബ്ദവും സംഗീതഗന്ധിയായ ആലാപനശൈലിയും ഉള്ള ഉത്തമകലാകാരന്മാരായ ഞങ്ങള്‍ സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്നതും മുത്തു പോലെ തിളങ്ങുന്നതും ആയ പദ്യതല്ലജങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി സദസ്സില്‍ അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കും”

ഇതു കേട്ടു ധാരാളം സാഹിത്യാസ്വാദകന്മാര്‍ അവരുടെ ചുറ്റും കൂടി. “ഇത്രയും കേമന്മാരും പ്രതിഭാശാലികളും ആയ കലാകോവിദന്മാര്‍ നമ്മെ ആഹ്ലാദിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയല്ലേ? എന്നാല്‍ ആഹ്ലാദിക്കുക തന്നെ” എന്ന് അവര്‍ വിചാരിച്ചു.

അപ്പോള്‍ പ്രതിഭാശാലികള്‍ അവരോടു പറഞ്ഞു “ഞങ്ങള്‍ ഭാഷാവൃത്തകവിതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടേ നിങ്ങളെ ആഹ്ലാദിപ്പിക്കൂ.”

വന്നവരില്‍ 50% പേര്‍ ഇതു കേട്ടു നിരാശരായി തിരികെ പോയി. അവര്‍ ഭാഷാവൃത്തകവിതകള്‍ അത്യധികം ഇഷ്ടപ്പെടുന്നവര്‍ ആയിരുന്നു. ബാക്കി ഉള്ളവരോടു പ്രതിഭാശാലികള്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു “ഞങ്ങള്‍ അനുഷ്ടുപ്പ് ഒഴികെയുള്ള ശ്ലോകങ്ങള്‍ മാത്രമേ നിങ്ങളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ചൊല്ലുകയുള്ളൂ”.

ഇതു കേട്ട് 25% പേര്‍ കൂടി നിരാശരായി തിരികെ പോയി. അവര്‍ ഭഗവദ്ഗീത, വാല്മീകിരാമായണം, ഭാഗവതം, ഭാരതം മുതലായവ അത്യധികം ഇഷ്ടപ്പെടുന്നവര്‍ ആയിരുന്നു.

ബാക്കിയുള്ള 25% പേരോടു പ്രതിഭാശാലികള്‍ ഒരു കാര്യം കൂടി പറഞ്ഞു. “മൂന്നാം വരിയിലെ അക്ഷരം യോജിക്കുന്ന ശ്ലോകങ്ങള്‍ മാത്രമേ ഞങ്ങള്‍ നിങ്ങളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ചൊല്ലുകയുള്ളൂ.”

ഇതു കേട്ട് 24% പേര്‍ കൂടി നിരാശരായി തിരിച്ചു പോയി. നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുക്കാന്‍ അങ്ങേയറ്റം വിലങ്ങുതടിയല്ലേ ഈ വ്യര്‍ത്ഥനിബന്ധന? എന്ന് അവര്‍ ചോദിക്കുകയും ചെയ്തു. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി ശ്ലോകം ചൊല്ലുന്നവര്‍ അക്ഷരനിബന്ധന പാലിക്കേണ്ടതിന്‍റെ ആവശ്യകത അവര്‍ക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.

ആസ്വാദകരായി വന്നവരില്‍ ശേഷിച്ചതു വെറും 1% പേര്‍ മാത്രമായിരുന്നു. ഈ ഒരു ശതമാനത്തില്‍ ആരൊക്കെയാണ് ഉള്‍പ്പെടുന്നത്? ആഹ്ലാദിപ്പിക്കല്‍ വീരന്മാരുടെ ഏതാനും ബന്ധുക്കളും മിത്രങ്ങളും മാത്രം. അവരെ ആഹ്ലാദിപ്പിച്ച് ഈ കലാകോവിന്മാര്‍ അഭിമാനവിജൃംഭിതരായി സസന്തോഷം കഴിഞ്ഞു കൂടുന്നു. ചിലപ്പോള്‍ അവരും വരികയില്ല. അപ്പോള്‍ ഒഴിഞ്ഞ കസേരകളെ ആഹ്ലാദിപ്പിക്കാന്‍ ആണ് ഈ മഹാകേമന്മാരുടെ നിയോഗം.

“ഞങ്ങള്‍ ശ്രോതാക്കളെ പുളകം കൊള്ളിക്കുകയും ആനന്ദസാഗരത്തില്‍ ആറാടിക്കുകയും ചെയ്യുന്ന ഉത്തമകലാകാരന്മാരാണ്. ഞങ്ങള്‍ക്ക് ഗണ്യമായ ഒരു ആസ്വാദകവൃന്ദം ഉണ്ട്. ഞങ്ങള്‍ അക്ഷരശ്ലോകത്തെ രംഗപ്രയോഗസാദ്ധ്യതയുള്ള ഒരു കലയാക്കി ഉയര്‍ത്തിയിരിക്കുന്നു” എന്നൊക്കെ അവര്‍ നിരന്തരം വീമ്പിളക്കുന്നു.

ദോഷം പറയരുതല്ലോ. മേല്‍പ്പറഞ്ഞ അവകാശവാദങ്ങള്‍ എല്ലാം അംഗീകരിച്ചു ധനാഢ്യരായ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും ഇവര്‍ക്കു സ്വര്‍ണ്ണവും പണവും പട്ടും വളയും ഒക്കെ കൊടുക്കുന്നുണ്ട്. ഉത്തമകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന തങ്ങളുടെ കര്‍ത്തവ്യത്തില്‍ അവര്‍ ഒട്ടും തന്നെ വീഴ്ച വരുത്തുന്നില്ല. അക്ഷരശ്ലോകത്തിന്‍റെ ഏക ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്നു പൊതുജനങ്ങളെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കാന്‍ ഈ പ്രതിഭാശാലികള്‍ക്കു കഴിഞ്ഞു. അക്ഷരശ്ലോകമത്സരങ്ങളില്‍ ശ്രോതാക്കളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളക്കാന്‍ മാര്‍ക്കിടുന്ന രീതിയും അവര്‍ ഏര്‍പ്പെടുത്തി. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാത്തവരെ ആദ്യം തന്നെ എലിമിനേറ്റു ചെയ്യും. ആഹ്ലാദിപ്പിക്കുന്നവര്‍ അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കും.

അങ്ങനെ ആഹ്ലാദിപ്പിക്കല്‍ പ്രസ്ഥാനം പൊടിപൊടിക്കുന്നു.