ചെമ്പരത്തിയില മട്ടന്‍ കറി

പുതിയ പുതിയ പാചകക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു വാരികകളില്‍ പേരെടുക്കാന്‍ ശ്രമിക്കുന്ന വനിതാരത്നങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടാന്‍ വേണ്ടി പണ്ട് എം. കൃഷ്ണന്‍ നായര്‍ ഒരു പാചകക്കുറിപ്പു പ്രസിദ്ധീകരിച്ചു. അത്യന്തം പുതുമയുള്ള  ഒരു മട്ടന്‍ കറി. പേരു ചെമ്പരത്തിയില മട്ടന്‍ കറി. ഒരു കിലോ മട്ടനും ഒരു ചെമ്പരത്തിയിലയും ആണു വേണ്ടത്.

അതവിടെ നില്‍ക്കട്ടെ. ഇനി നമുക്ക് അക്ഷരശ്ലോകരംഗത്തു ചില ഉന്നതന്മാര്‍ വരുത്തിയ വമ്പിച്ച പുരോഗമനം പരിശോധിക്കാം.

ആസ്വാദകന്‍ :- എന്താണു നിങ്ങളുടെ പുതിയ പരിഷ്കാരം?
ഉന്നതന്‍ :- ഞങ്ങള്‍ സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുന്നു.
ആസ്വാദകന്‍ :- ബലേ ഭേഷ്! സാഹിത്യമൂല്യം അളക്കുന്നു. അത് അങ്ങനെ തന്നെ  വേണം. അതു വമ്പിച്ച പുരോഗമനം തന്നെ. നിങ്ങള്‍ക്ക് എന്‍റെ എല്ലാ പിന്തുണയും പ്രതീക്ഷിക്കാം.

ഇങ്ങനെ ഈ പുരോഗമാനക്കാര്‍ക്ക് ആസ്വാദകരുടെ നിര്‍ലോഭമായ പിന്തുണ കിട്ടുന്നു. അവര്‍ തങ്ങളുടെ വമ്പിച്ച പുരോഗമനവുമായി വര്‍ദ്ധിതവീര്യത്തോടെ മുന്നോട്ടു പോകുന്നു. സാഹിത്യമൂല്യം അളക്കുന്നുണ്ടെങ്കില്‍ അതൊരു മഹത്തായ കാര്യം ആയിരിക്കണമല്ലോ.

ചെമ്പരത്തിയില മട്ടന്‍ കറിയില്‍ ചെമ്പരത്തിയിലയ്ക്കുള്ള സ്ഥാനം മാത്രമേ ഇവിടെ സാഹിത്യമൂല്യത്തിനുള്ളൂ എന്ന നഗ്നസത്യം ഈ ആരാധകന്മാര്‍ അറിയുന്നില്ല. മാര്‍ക്കിന്‍റെ 95 ശതമാനവും നേടിത്തരുന്നതു ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ആണ്. ബാക്കി 5 ശതമാനം മാത്രമേ സാഹിത്യമൂല്യം നേടിത്തരുന്നുള്ളൂ.

അഥവാ ഇനി സാഹിത്യമൂല്യത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം എന്നു വച്ചാല്‍ത്തന്നെ സാഹിത്യമൂല്യം അളക്കേണ്ട ആവശ്യം ഉണ്ടോ? ഇല്ല എന്നതാണു വാസ്തവം. അക്ഷരനിബന്ധന പാലിച്ചും അനുഷ്ടുപ്പു നിരോധിച്ചും ഭാഷാവൃത്തങ്ങള്‍ ഒഴിവാക്കിയും ഉള്ള ഒരു വിനോദത്തില്‍ സാഹിത്യമൂല്യം അളക്കേണ്ട യാതൊരാവശ്യവും ഇല്ല. അളന്നാല്‍ അതൊരു വെറും ഭ്രാന്തു മാത്രം ആയിരിക്കും.

അനാവശ്യമായ ഒരു കച്ചിത്തുരുമ്പില്‍ കടിച്ചുതൂങ്ങിക്കിടന്നുകൊണ്ടു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ പിന്തുണ നേടി അതിന്‍റെ ബലത്താല്‍ യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാരെ പറ്റിക്കുന്ന ഇത്തരം പ്രഹസനങ്ങളുടെ ഉള്ളുകള്ളികള്‍ മനസ്സിലാകണമെങ്കില്‍ കൃഷ്ണന്‍ നായരെപ്പോലെ ചിന്തിക്കണം.

സ്വരമാധുര്യവും പാട്ടും കൊണ്ടു ചുളുവില്‍ ജയിക്കാന്‍ ഉതകുന്ന ഒരു കുരുട്ടു വിദ്യ മാത്രമാണ് ഇവരുടെ ഈ “വമ്പിച്ച പുരോഗമനം”.