മൂഢനിയമങ്ങള്‍ വ്യാജവിദഗ്ദ്ധന്മാരെ സൃഷ്ടിക്കും

ചിന്താശൂന്യന്മാരായ പൊങ്ങച്ചക്കാരുടെ വികലബുദ്ധിയില്‍ നിന്ന് ഉടലെടുക്കുന്നതാണ് മൂഢനിയമങ്ങള്‍. തങ്ങള്‍ ഉണ്ടാക്കുന്നതു മൂഢനിയമങ്ങള്‍ ആണെന്ന് അവര്‍ അറിയുന്നില്ല. അവരുടെ വിചാരം തങ്ങള്‍ അതിഗംഭീരവും അത്യുത്തമവും ഉദാത്തവും ആയ നൂതനനിയമങ്ങള്‍ സൃഷ്ടിച്ച് ഈ രംഗത്തു “വമ്പിച്ച പുരോഗമനം” ഉണ്ടാക്കുന്നു എന്നാണ്.

“കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; ചൊല്ലാതിരുന്നാല്‍ പരാജയപ്പെടും” ഇതാണു യഥാര്‍ത്ഥത്തില്‍ ഉള്ളതും സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും യുക്തിക്കും നിരക്കുന്നതും ആയ നിയമം.

“സാഹിത്യമൂല്യം കൂടിയ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; കുറഞ്ഞ ശ്ലോകം ചൊല്ലിയാല്‍ പരാജയപ്പെടും” എന്നൊരു നിയമം ഇല്ല. കേട്ടാല്‍ ഗംഭീരം എന്നു തോന്നുമെങ്കിലും അതൊരു മൂഢനിയമം ആണ്. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചുകൊണ്ടു വരുന്ന അല്പജ്ഞാനികള്‍ ജയിക്കാനും സ്വന്തമായി നിമിഷശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലുന്ന ഫാദര്‍ ജോര്‍ജ്ജിനെപ്പോലെയുള്ള അനുഗൃഹീതകവികള്‍ പരാജയപ്പെടാനും അത് ഇടയാക്കും.

“ശബ്ദമേന്മയുണ്ടെങ്കില്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും” എന്നതും ഒരു മൂഢനിയമമാണ്. അറിവു കുറഞ്ഞവര്‍ ജയിക്കാനും അറിവു കൂടിയവര്‍ തോല്‍ക്കാനും അതു വഴി വയ്ക്കും.

“സംഗീതഗന്ധിയായി ചൊല്ലിയാല്‍ ജയിക്കും; അല്ലെങ്കില്‍ പരാജയപ്പെടും” എന്നതും മൂഢനിയമം തന്നെ. എന്തുകൊണ്ടെന്നാല്‍ സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഇല്ല.

ഇത്തരം മൂഢനിയനമങ്ങള്‍ ഉണ്ടാക്കി മാര്‍ക്കിട്ടു പൊങ്ങച്ചക്കാരായ ഈ ഉന്നതന്മാര്‍ ശബ്ദമേന്മയും പാട്ടും ഉള്ളവരും വളരെ കുറച്ചു ശ്ലോകങ്ങള്‍ മാത്രം അറിയാവുന്നവരും ശരിയായ മത്സരത്തില്‍ പങ്കെടുത്താല്‍ തുരുതുരെ അച്ചുമൂളി മിഴിച്ചിരിക്കുന്നവരും ആയ ചിലരെ ജയിപ്പിച്ചു വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെയുള്ള പട്ടങ്ങള്‍ കൊടുത്ത് ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കും. യഥാര്‍ത്ഥ അക്ഷരശ്ലോകവൈദഗ്ദ്ധ്യം തൊട്ടുതീണ്ടിയിട്ടു പോലും ഇല്ലാത്ത ഇവരുടെ മനസ്സില്‍ “അമ്പട ഞാനേ!” എന്ന ഒരു ചിന്താഗതി തല്‍ഫലമായി ഉദയം ചെയ്യുകയും താമസിയാതെ  ഇവര്‍ ചക്രവര്‍ത്തി ചമഞ്ഞ് അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കാന്‍ തുടങ്ങുകയും ചെയ്യും. അപ്പോള്‍ നീതി കൂര്‍ക്കം വലിച്ച് ഉറങ്ങും. എന്തുകൊണ്ടെന്നാല്‍ നീതിക്കു പിന്നെ അവിടെ ഒന്നും ചെയ്യാനില്ല.

അതിനാല്‍ മൂഢനിയമങ്ങള്‍ എല്ലാം തുടച്ചുമാറ്റി  അക്ഷരശ്ലോകരംഗം ശുദ്ധീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ പ്രസ്ഥാനം ശരിയായ രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ അതിനു നമുക്കു വേണ്ടതു ശരിയായ വിദഗ്ദ്ധന്മാരെയാണ്. വ്യാജവിദഗ്ദ്ധന്മാരെയല്ല.

 

 

Leave a comment