ഒരിടത്ത് ഒരു ഉണ്ണിനമ്പൂതിരി ഉണ്ടായിരുന്നു. അദ്ദേഹം പല വീടുകളിലും ഗണപതിഹോമം, ഭഗവതിസേവ മുതലായ പൂജകള്‍ നടത്താന്‍ പോകുമായിരുന്നു. പൂജയ്ക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതുമ്പോള്‍ ആദ്യത്തെ രണ്ട് ഇനങ്ങള്‍ ഒരു പൂച്ചയും ഒരു കുട്ടയും ആയിരിക്കും. പൂജ തുടങ്ങുന്നതിനു മുമ്പു പൂച്ചയെ കുട്ട കൊണ്ടു മൂടി വയ്ക്കും. പൂജ കഴിയുമ്പോള്‍ തുറന്നു വിടുകയും ചെയ്യും. വീട്ടില്‍ പൂച്ച ഇല്ലെങ്കില്‍ എവിടെ നിന്നെങ്കിലും ഒരു പൂച്ചയെ കൊണ്ടു വന്നേ തീരൂ. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഉണ്ണിനമ്പൂതിരി തയ്യാറല്ല.
എന്തിനു വേണ്ടിയാണു പൂച്ച എന്നു ചോദിച്ചാല്‍ നമ്പൂതിരിക്ക് അറിഞ്ഞുകൂടാ. അച്ഛന് ഇങ്ങനെയാണു പൂജ നടത്തിയിരുന്നത് എന്നു മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി. ഇതിന്റെ ഗുട്ടന്‍സ് അറിയാന്‍ ചിലര്‍ വിപുലമായ അന്വേഷണം നടത്തി. അവര്‍ക്കു കാര്യം പിടി കിട്ടി. ഉണ്ണിനമ്പൂതിരിയുടെ വീട്ടില്‍ ശല്യക്കാരനായ ഒരു പൂച്ച ഉണ്ടായിരുന്നു. ഓടിച്ചാടി നടന്നു പൂജാസാധനങ്ങള്‍ തട്ടിമറിക്കുന്നത് ഇഷ്ടന്റെ സ്ഥിരം പരിപാടി ആയിരുന്നു. അതിനാല്‍ അച്ഛന് നമ്പൂതിരി അതിനെ പൂജാസമയങ്ങളില്‍ കുട്ട കൊണ്ടു മൂടി വയ്ക്കാറുണ്ടായിരുന്നു.
ഇതുപോലെയാണു ചില പരിഷ്കാരികളുടെ അക്ഷരശ്ലോകം നടത്തല്‍. മൂന്നാം വരിയിലെ അക്ഷരം നോക്കിത്തന്നെ ശ്ലോകം ചൊല്ലണം. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പറ്റുകയില്ല. പക്ഷേ പല അക്ഷരങ്ങളിലും ശ്ലോകം ചൊല്ലാതെ ഇരുന്നവര്‍ ജയിച്ച് ഒന്നാം സമ്മാനവും കൊണ്ടു പോകും. അച്ചുമൂളിയവര്‍ എങ്ങനെയാണു ജയിച്ചത് എന്നു ചോദിച്ചാല്‍ അവരുടെ മറുപടി ഇങ്ങനെ ആയിരിക്കും.
“ഞങ്ങള്‍ ശങ്കുണ്ണിക്കുട്ടന്റെ മൂല്യനിര്‍ണ്ണയം എന്ന ഒരു മഹത്തായ മൂല്യനിര്‍ണ്ണയരീതി ഉപയോഗിച്ചാണു മത്സരങ്ങള്‍ നടത്തുന്നത്. ശ്ലോകങ്ങളുടെ സെലെക്ഷനും പ്രസെന്റേഷനും ഒക്കെ കൂലങ്കഷമായി പരിശോധിച്ചു മാര്‍ക്കിടും. മാര്‍ക്കു കൂടിയവരെ ജയിപ്പിക്കും. ചിലപ്പോള്‍ അച്ചു മൂളിയവര്ക്കായിരിക്കും കൂടുതല്‍ മാര്‍ക്കു കിട്ടുന്നത്. അപ്പോള്‍ അവരെ ജയിപ്പിച്ചല്ലേ മതിയാവൂ?”
എന്നാല്‍പ്പിന്നെ അക്ഷരനിബന്ധന വേണ്ടെന്നു വച്ചുകൂടേ? എന്നു ചോദിച്ചാല്‍ ഉടന്‍ വരും അവരുടെ മറുപടി.
“അതു പറ്റുകയില്ല. അക്ഷരനിബന്ധന അക്ഷരശ്ലോകത്തിന്റെ അവിഭാജ്യഘടകമാണ്”.
അക്ഷരനിബന്ധന എന്തിനു വേണ്ടിയാണെന്നു മനസ്സിലാക്കാതെ അക്ഷരനിബന്ധന പാലിച്ചേ തീരൂ എന്നു ശഠിക്കുകയും യാതൊരു ഉളുപ്പും ഇല്ലാതെ അച്ചു മൂളിയവരെ ജയിപ്പിക്കുകയും ചെയ്യുന്ന ഈ ചിന്താജഡന്മാരോട് എന്തു പറയാന്‍?