നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി സഹിക്കാന്‍ തയ്യാറല്ലാത്ത ത്യാഗം മറ്റാരെങ്കിലും നിങ്ങള്‍ക്കു വേണ്ടി സഹിക്കാന്‍ ഒരുങ്ങും എന്നു കരുതുന്നതു വിഡ്ഢിത്തമാണ്. — ———–മന്നത്തു പദ്മനാഭന്
ഒരിക്കല്‍ ഞാന്‍ അംഗമായിട്ടുള്ള ഒരു വാട്സാപ് ഗ്രൂപ്പിലെ ഒരംഗം എനിക്ക് ഒരു പേഴ്സണല്‍ മെസ്സേജ് അയച്ചു. ഗ്രൂപ്പിലെ ഒരു വിഭാഗം ആള്ക്കാര് നടത്തുന്ന ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ദീര്‍ഘമായ വിവരണവും കുറ്റപ്പെടുത്തലും ആയിരുന്നു അത്. ഞാന്‍ അതു വായിച്ചിട്ട് അതു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷേ അയാള്‍ അതിനു തയ്യാറല്ല. “തല്ലു കൂടാന്‍ ഞാനില്ല” എന്നായിരുന്നു അയാളുടെ വിശദീകരണം.
തല്ലു കൂടാന്‍ അയാള്‍ക്കു വയ്യ. അയാള്‍ക്കു വേണ്ടി ഞാന്‍ തല്ലു കൂടി അയാള്‍ ആഗ്രഹിക്കുന്ന ഫലം നേടിക്കൊടുക്കണം. കാര്യങ്ങള്‍ നേടാന്‍ എന്തെളുപ്പം!
ഞാന്‍ അയാള്‍ക്കു മന്നത്തു പത്മനാഭന്റെ മേല്‍പ്പറഞ്ഞ വാചകം മറുപടിയായി അയച്ചുകൊടുത്തു. അയാള്‍ തന്റെ ജനസേവനത്വര ഉപേക്ഷിച്ച് എല്ലാവരുടെയും നല്ലപിള്ളയായി സസുഖം കഴിഞ്ഞുകൂടി.
ഇതുപോലെയുള്ള നല്ലപിള്ളകള്‍ അക്ഷരശ്ലോകരംഗത്തും ധാരാളമുണ്ട്. ഉന്നതന്മാര് കാണിക്കുന്ന കൊള്ളരുതായ്മകളെപ്പറ്റി അവര്‍ക്കു നല്ല ബോധമുണ്ട്. പക്ഷേ ആ പ്രതാപശാലികളുടെ അപ്രീതിക്കു പാത്രമാകുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയും ചെയ്യാന്‍ അവര്‍ തയ്യാറല്ല.
അത്തരക്കാരെ അവരുടെ പാട്ടിനു വിടുന്നതാണു നല്ലത്. അവരില്‍ നിന്ന് ഒരു നല്ല കാര്യവും പ്രതീക്ഷിക്കേണ്ടതില്ല. മന്നം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും അവരോടു പറയേണ്ടതും ഇല്ല.