ശ്രോതൃപ്രേമം യഥാര്‍ത്ഥമാണെങ്കില്‍…

അക്ഷരശ്ലോകമത്സരരംഗത്തു മാര്‍ക്കിടല്‍, എലിമിനേഷന്‍, അച്ചുമൂളിയവരെ ജയിപ്പിക്കല്‍ മുതലായ “വമ്പിച്ച പരിഷ്കാരങ്ങള്‍” ഏര്‍പ്പെടുത്തിയ അഭിനവ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ അവകാശപ്പെടുന്നത് അവര്‍ ഇതെല്ലാം ചെയ്യുന്നത് അക്ഷരശ്ലോകത്തെ ശ്രോതാക്കള്‍ക്ക് ആസ്വാദ്യമായ ഒരു ഉത്തമകല എന്ന നിലയിലേക്ക് ഉയര്‍ത്തുക എന്ന നിസ്വാര്‍ത്ഥവും ഉദാത്തവും ആയ ലക്ഷ്യത്തോടുകൂടിയാണ് എന്നാണ്.

ശ്രോതൃപ്രേമം കലാകാരന്മാര്‍ക്ക് അമൂല്യവും അഭിമാനകരവും ആയ ഒരു ഭൂഷണമാണ്‌. അത്യന്താപേക്ഷിതമായ ഗുണവുമാണ്. യേശുദാസ്, സാംബശിവന്‍, മാണി മാധവച്ചാക്യാര്‍ മുതലായ അനുഗൃഹീതകലാകാരന്മാരുടെ ജീവിതം ശ്രോതാക്കള്‍ക്കു വേണ്ടി ഉഴിഞ്ഞുവയ്ക്കപ്പെട്ടതാണ്. അവരുടെ സര്‍വ്വസ്വവും ശ്രോതക്കളാണ്. ശ്രോതാക്കള്‍ക്കു വേണ്ടി അവര്‍ എന്തു ത്യാഗവും സഹിക്കും.

അക്ഷരശ്ലോകകലാകോവിദന്മാരായ അല്ലയോ സര്‍വ്വജ്ഞന്മാരേ! നിങ്ങളുടെ ഈ ശ്രോതൃപ്രേമവും മഹത്തരവും പ്രശംസനീയവും ആയ ഒരു വിശിഷ്ടഗുണം തന്നെയാണ്. ഇതിന്‍റെ പേരില്‍ നിങ്ങളെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. നിങ്ങള്‍ ചെയ്യുന്ന നിസ്സീമമായ സേവനത്തോടു സഹകരിക്കാന്‍ നിസ്വാര്‍ത്ഥന്മാരായ ആര്‍ക്കും ഒരു മടിയും ഉണ്ടാവുകയില്ല.

ശ്രോതാക്കള്‍ക്കു വേണ്ടി സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുക, ശ്രോതാക്കള്‍ക്കു വേണ്ടി അത്യന്തം ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിക്കുക, ശ്രോതാക്കള്‍ക്കു വേണ്ടി അക്ഷരശ്ലോകത്തെ സംഗീതഗന്ധിയാക്കുക, ശ്രോതാക്കള്‍ക്കു വേണ്ടി ഉദാത്താനുദാത്തസ്വരിതങ്ങള്‍ കൃത്യമായി പ്രയോഗിക്കുക, ശ്രോതാക്കള്‍ക്കു വേണ്ടി ഇതിനൊന്നും കഴിവില്ലാത്ത ഏഴാംകൂലികളെ എലിമിനേറ്റു ചെയ്യുക, ശ്രോതാക്കള്‍ക്ക് വേണ്ടി ഷഡ്ഗുണങ്ങളും തികഞ്ഞ ശബ്ദവും വിശിഷ്ടശൈലിയും ഉള്ളവരെ തെരഞ്ഞെടുത്തു പ്രോത്സാഹിപ്പിക്കുക ഇതൊക്കെയാണല്ലോ നിങ്ങള്‍ ചെയ്യുന്നത്. വളരെ നല്ലത്. ശ്രോതാക്കള്‍ക്കു വേണ്ടി ഇത്രയും മഹത്തായ സേവനങ്ങള്‍ ചെയ്യാന്‍ ശ്രോതൃപ്രേമം വഴിഞ്ഞൊഴുകുന്ന നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും?

ശ്രോതൃപ്രേമം കാരണം ഇത്രയൊക്കെ ചെയ്ത നിങ്ങള്‍ അവര്‍ക്കു വേണ്ടി രണ്ടു കാര്യങ്ങള്‍ കൂടി ചെയ്താല്‍ നന്നായിരിക്കും.

1. അക്ഷരനിബന്ധന ഉപേക്ഷിക്കുക.

സാംബശിവന്‍ ചപ്ലക്കട്ട ഉപേക്ഷിച്ച കാര്യം നിങ്ങള്‍ക്ക് അറിയാമെന്നു വിചാരിക്കുന്നു. ഒരു കഥാപ്രസംഗക്കാരനെ സംബന്ധിച്ചിടത്തോളം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന കാര്യത്തില്‍ ഒരു വിലങ്ങുതടിയാണു ചപ്ലക്കട്ട എന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു സുപ്രഭാതത്തില്‍ അത് പാടേ ഉപേക്ഷിച്ചു. ഇതാണു ശരിയായ ശ്രോതൃപ്രേമം.

സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കാന്‍ ശ്രമിക്കുന്ന ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അക്ഷരനിബന്ധന ചപ്ലക്കട്ട പോലെ ഒരു വിലങ്ങുതടിയാണ്. ശ്രോതൃപ്രേമത്തിന്‍റെ കണികയെങ്കിലും ഉള്ളവര്‍ അതു വലിച്ചെറിയേണ്ടതാണ്. ഒരാള്‍ ചൊല്ലുന്ന ശ്ലോകത്തിന്‍റെ മൂന്നാം വരിയിലെ ആദ്യാക്ഷരവും അടുത്തയാള്‍ ചൊല്ലുന്ന ശ്ലോകത്തിന്‍റെ ഒന്നാം വരിയിലെ ആദ്യാക്ഷരവും ഒന്നായി എന്ന് വച്ചു ശ്രോതാക്കള്‍ക്കു പ്രത്യേകിച്ചു യാതൊരു നേട്ടവും ഉണ്ടാകുന്നില്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ ശ്രമിക്കുന്ന കലാകാരനു നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുക്കാന്‍ അത് ഒരു വലിയ വിലങ്ങുതടിയും ആണ്.

2. അനുഷ്ടുപ്പിന്‍റെ നിരോധനം പിന്‍വലിക്കുക.

അനുഷ്ടുപ്പു വൃത്തത്തില്‍ സാഹിത്യമൂല്യമുള്ള ഒരു ശ്ലോകവും ഉണ്ടാവുകയില്ല എന്ന് ഒരു ഉന്നതനും പറഞ്ഞിട്ടില്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കലാകാരന്മാര്‍ അനുഷ്ടുപ്പ് ഒഴിവാക്കണം എന്നു പറയുന്നതിനു യാതൊരു ന്യായീകരണവും ഇല്ല.

സാംബശിവന്‍ ചപ്ലക്കട്ട ഉപേക്ഷിച്ചതുപോലെ നിങ്ങള്‍ ഈ രണ്ടു വിലങ്ങുതടികളെയും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശ്രോതൃപ്രേമം യഥാര്‍ത്ഥമാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമാകും. അല്ലാത്തപക്ഷം ഞങ്ങളെ സ്വാര്‍ത്ഥന്മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന നിങ്ങളുടെ തനിനിറം തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Leave a comment