സോക്രട്ടീസിനു വിഷം, ക്രിസ്തുവിനു കുരിശ്, ഗാന്ധിജിക്കു വെടിയുണ്ട ഇതൊക്കെയാണ് ഈ ലോകം കൊടുത്തത്. അങ്ങനെയുള്ള ഈ ലോകം നിങ്ങള്‍ക്കു നീതി സൌജന്യമായി ഒരു തളികയില്‍ വച്ച് ഉപചാരപൂര്‍വ്വം ദാനം ചെയ്യും എന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എങ്കില്‍ ആ പ്രതീക്ഷ തികച്ചും അസ്ഥാനത്താണ്. നിങ്ങള്‍ക്ക് അവകാശപ്പെട്ടതെല്ലാം തട്ടിപ്പറിച്ചു സ്വന്തമാക്കാന്‍ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുന്നവരാണ് നിങ്ങള്‍ക്കു ചുറ്റിലും. അവരില്‍ ആരുംതന്നെ നിങ്ങള്‍ക്കു നീതി ദാനമായി തരികയില്ല. നീതി പിടിച്ചുവാങ്ങാന്‍ കഴിവുള്ളവര്‍ക്കു മാത്രമേ അതു ലഭിക്കുകയുള്ളൂ. അല്ലാത്തവരെ സ്വാര്‍ത്ഥമോഹികള്‍ അടിമകളാക്കി അടക്കി ഭരിക്കുകയും പരമാവധി ചൂഷണം ചെയ്തു കൊള്ളലാഭം ഉണ്ടാക്കുകയും ചെയ്യും.
നിങ്ങളുടെ പത്തിലൊന്ന് അക്ഷരശ്ലോകവൈദഗ്ദ്ധ്യം ഇല്ലാത്തവര്‍ പോലും നിങ്ങളെ ധിക്കാരപൂര്‍വ്വം പുറന്തള്ളിക്കൊണ്ടു നിങ്ങള്‍ക്കു ന്യായമായി അവകാശപ്പെട്ട വിജയം തട്ടിപ്പറിച്ചുകൊണ്ടു പോകും. “നീതിയെങ്ങീയരങ്ങില്?” എന്നു പണ്ടാരോ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.
നീതി കാംക്ഷിക്കുന്നവര്‍ അതു പിടിച്ചു വാങ്ങുക തന്നെ വേണം.