തൃശ്ശൂരിലെ സര്വ്വജ്ഞന്മാരായ മഹാപണ്ഡിതന്മാര്ക്കു 1955ല്‍ പെട്ടെന്ന് ഒരു ഭൂതോദയം ഉണ്ടായി. അക്ഷരശ്ലോകമത്സരങ്ങളില്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും മാത്രമേ ജയിക്കാന്‍ പാടുള്ളൂ. അക്കാര്യം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്കില്‍ മാത്രമേ പുരോഗമനം ഉണ്ടാവുകയുള്ളൂ. ദീര്‍ഘകാലം തല പുകഞ്ഞ് ആലോചിച്ചും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയും അവര്‍ അതിനുള്ള ഒരു നൂതനമാര്‍ഗ്ഗം ആവിഷ്കരിച്ചു. അതാണു മാര്‍ക്കിടല്‍. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം മുതലായ കനപ്പെട്ട മേന്മകള് എല്ലാം അളന്നു മാര്‍ക്കിടുക. എന്നിട്ടു മാര്‍ക്കു കൂടുതല്‍ ഉള്ളവരെ ജയിപ്പിക്കുക. അപ്പോള്‍ ജയിക്കുന്നവര്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആയിരിക്കും എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്.
ചിലപ്പോള്‍ പല പ്രാവശ്യം അച്ചു മൂളി മിഴിച്ചിരുന്നവര്ക്കായിരിക്കും മാര്‍ക്കു കൂടുതല്‍ കിട്ടുന്നത്. എന്നാലെന്ത്? അവര്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും അല്ലേ? അതുകൊണ്ട് അവര്‍ തന്നെയാണു ജയിക്കേണ്ടത്. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
പാണ്ഡിത്യം സിന്ദാബാദ്! തൃശ്ശൂര്‍ സിദ്ധാന്തം സിന്ദാബാദ്!! പുരോഗമനം സിന്ദാബാദ്!!!