കല്‍ക്കത്തയിലെ വെള്ളക്കാരുടെ ബസാറില്ക്കൂടി നടന്നു പോയി എന്ന “കുറ്റ”ത്തിനു ശിക്ഷയായി 50 ചാട്ടയടി വീതം ഏറ്റു വാങ്ങി നിശ്ശബ്ദരായി തിരിച്ചു പോകുന്ന നാട്ടുകാരോടു ജിതേന്‍ മുഖര്‍ജി എന്ന സ്വാതന്ത്ര്യസമരസേനാനി ഇങ്ങനെ പറയുകയുണ്ടായി:
“ഈ ഇംഗ്ലീഷുകാര്‍ക്ക് ഇത്ര അഹങ്കാരം വരുന്നത് എന്തുകൊണ്ടാണ്? നിങ്ങളെപ്പോലെയുള്ളവര്‍ പ്രതികരിക്കാതെ ഇരുന്നിട്ടല്ലേ? കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെടുമ്പോള്‍ കയ്യും കെട്ടി ഏറ്റു വാങ്ങിയാല്‍ ഈ നാട് ഒരിക്കലും രക്ഷപ്പെടുകയില്ല. അനീതിക്കും അന്യായത്തിനും എതിരെ ഉറച്ചുനിന്നു പോരാടണം.”
അക്ഷരശ്ലോകമത്സരങ്ങളും ഇന്ന് അനീതിയുടെയും അന്യായത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. പക്ഷേ ആര്‍ക്കും ഒരു പരാതിയും ഇല്ല. ഒരു തെറ്റും വരുത്താതെ ശ്ലോകം ചൊല്ലിക്കൊണ്ടിരിക്കുന്നവരെ എലിമിനേറ്റു ചെയ്താല്‍ അവര്‍ നിശ്ശബ്ദരായി എഴുന്നേറ്റു പൊയ്ക്കൊള്ളും. തുരുതുരെ അച്ചു മൂളിയവരെ ജയിപ്പിച്ചാലും ഒരക്ഷരം പോലും എതിര്‍ത്തു പറയാതെ ആ വിധി അംഗീകരിച്ചുകൊള്ളും. സ്വരമാധുര്യവും പാട്ടും ഉള്ള അല്പജ്ഞാനികള് തങ്ങള്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവുള്ള വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആണെന്നു പ്രഖ്യാപിച്ചു സ്വയം ചക്രവര്‍ത്തി ചമഞ്ഞു നീതിയും നിയമവും എല്ലാം കാറ്റില്‍ പറത്തി മറ്റുള്ളവരെ അടക്കി ഭരിക്കുമ്പോള്‍ അവരുടെ അടിമകളെപ്പോലെ ഒതുങ്ങിക്കഴിയാന്‍ മിക്ക അക്ഷരശ്ലോകപ്രേമികളും സദാ സന്നദ്ധര്‍. പിന്നെ പുതുമോടിക്കാരായ ഈ തമ്പ്രാക്കന്മാരുടെ ധിക്കാരവും ധാര്‍ഷ്ട്യവും അനുദിനം വര്‍ദ്ധിക്കുന്നതില്‍ വല്ല അത്ഭുതവും ഉണ്ടോ?