ഒരു യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരത്തില്‍ ഒരാള്‍ തോല്‍ക്കണമെങ്കില്‍ അതിന് ഒരേ ഒരു കാരണമേ ഉള്ളൂ. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കല്. സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകം ചൊല്ലിയതു കൊണ്ടോ ശബ്ദം മോശമായതു കൊണ്ടോ സംഗീതഗന്ധിയായി ചൊല്ലാത്തതു കൊണ്ടോ ചെറിയ ശ്ലോകം ചൊല്ലിയതു കൊണ്ടോ ശ്രോതാക്കളുടെ കയ്യടി നേടാത്തതു കൊണ്ടോ ജഡ്ജിമാരുടെ പ്രീതിക്കു പാത്രമാകാത്തതു കൊണ്ടോ ഒരാള്‍ തോല്‍ക്കുന്നുവെങ്കില്‍ അത് അക്ഷരശ്ലോകമല്ല. ആ മത്സരത്തിന് അനുയോജ്യമായ ഒരു പുതിയ പേരു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ശ്ലോകസാഹിത്യസദ്യയൂട്ടു മത്സരം, ശ്ലോകാവതരണമത്സരം, ശ്ലോകാലാപനമത്സരം, ശ്ലോകപ്പാട്ടുമത്സരം ഇങ്ങനെ സന്ദര്‍ഭാനുസരണം ഏതു പേരു കൊണ്ടു വിളിച്ചാലും തരക്കേടില്ല.
ഇനി “മൂല്യാധിഷ്ഠിതപുരോഗമനം” അതിന്റെ പരമകാഷ്ഠയില്‍ എത്തിയ മറ്റൊരു തരം മത്സരവും ചില സ്ഥലങ്ങളില്‍ കാണാനുണ്ട്. കിട്ടിയ എല്ലാ അക്ഷരങ്ങളിലും ഒരു തെറ്റുമില്ലാതെ ശ്ലോകം ചൊല്ലിയവര്‍ തോല്‍ക്കുകയും തുരുതുരെ അച്ചു മൂളിയവര്‍ ജയിക്കുകയും ചെയ്യുന്ന ഒരു തരം നാണം കെട്ട കോപ്രായമാണത്. അതിനെയും “അക്ഷരശ്ലോകമത്സരം” എന്നാണ് അതിന്റെ സംഘാടകര്‍ വിളിക്കുന്നത്. അതിനും ഒരു പുതിയ പേര് അത്യാവശ്യമാണ്. ഏറ്റവും മയപ്പെടുത്തി പറഞ്ഞാല്‍ “അക്ഷരശ്ലോകതോന്ന്യാസം” എന്നെങ്കിലും പറയേണ്ടി വരും.