ഭംഗിയായി ചൊല്ലല്‍

ഹരിവരാസനത്തിലെ ശ്ലോങ്ങള്‍ ഏറ്റവും ഭംഗിയായി ചൊല്ലാന്‍ കഴിവുള്ളത് ആര്‍ക്കാണ്‌? യേശുദാസിനു തന്നെ. അതില്‍യാതൊരു സംശയവും ഇല്ല. നാരായണീയം, സര്‍ഗ്ഗസംഗീതം മുതലയാവയിലെ ശ്ലോകങ്ങളാണ് ചൊല്ലേണ്ടത് എങ്കിലോ? അതിനും ഏറ്റവും യോഗ്യന്‍ യേശുദാസ് തന്നെ. ഇത്രയും ഭംഗിയായിട്ടും ആകര്‍ഷകമായിട്ടും ആസ്വാദ്യമായിട്ടും ശ്ലോകങ്ങള്‍ ചൊല്ലാന്‍ കഴിവുള്ളതുകൊണ്ട് യേശുദാസ് വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആണെന്നു പറയാന്‍ പറ്റുമോ? പറ്റുകയില്ല. എന്തുകൊണ്ട്? കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കഴിവുള്ളവര്‍ മാത്രമേ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ ആവുകയുള്ളൂ. ഭംഗിയായി ചൊല്ലാന്‍ കഴിവുണ്ടായതു കൊണ്ടു മാത്രം ഒരു കാര്യവും ഇല്ല. ഏതക്ഷരം കിട്ടിയാലും മുട്ടാതെ അതില്‍ ശ്ലോകം ചൊല്ലാന്‍ കഴിവുണ്ടാകണം.

അക്ഷരശ്ലോകവിദഗ്ദ്ധന്‍മാര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഏവരും തെളിയിക്കേണ്ടത് ആ കഴിവാണ്. അതു മാത്രമാണ്. ഭംഗിയായ ചൊല്ലലിന് അവിടെ യാതൊരു പ്രസക്തിയും ഇല്ല. ഭംഗി ഇല്ലെന്നു   പറഞ്ഞു പോരായ്മ കല്‍പ്പിക്കുന്നതും ഭംഗി ഉണ്ടെന്നു  പറഞ്ഞു മേന്മ കല്‍പ്പിക്കുന്നതും ഒരു പോലെ തെറ്റാണ്.

പുരോഗമനവാദികള്‍   എന്നു സ്വയം വിശേഷിപ്പിക്കുന്ന ചില ഉന്നതന്മാര്‍ നടത്തുന്ന “അക്ഷരശ്ലോക” മല്‍സരങ്ങളില്‍  തുരുതുരെ അച്ചു മൂളിയവര്‍ ജയിക്കുന്നതു കാണാം. ഭംഗിയായി ചൊല്ലി എന്നതാണ് അതിനുള്ള ന്യായീകരണം.

അക്ഷരശ്ലോകപ്രസ്ഥാനത്തെ ദൈവം രക്ഷിക്കട്ടെ.

അസ്ഥാനത്തുള്ള അവജ്ഞ വഴി തെറ്റിക്കും.

ചിലരോടു ചിലര്‍ക്ക് അവജ്ഞ തോന്നുന്നതു സ്വാഭാവികമാണ്. പൊങ്ങച്ചക്കാരോടും പമ്പരവിഡ്ഢികളോടും ഒക്കെ അവജ്ഞ തോന്നാം. അതിനെയാണ് അര്‍ഹിക്കുന്ന അവജ്ഞ എന്നു പറയുന്നത്. പക്ഷെ അവജ്ഞ ഒട്ടും അര്‍ഹിക്കാത്തവരോടും ചിലപ്പോള്‍ ചിലര്‍ക്ക് അവജ്ഞ തോന്നും. അത്തരം അവജ്ഞ അനിയന്ത്രിതമായി മനസ്സില്‍ വളരാന്‍ അനുവദിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര കെങ്കേമന്മാരായാലും അവര്‍ക്കു വഴി തെറ്റും. അത്തരം ഒരു വഴിതെറ്റലാണ് 1955ല്‍ അക്ഷരശ്ലോകം പരിഷ്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍വ്വജ്ഞന്മാര്‍ക്കു സംഭവിച്ചത്. അതിന്‍റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് അസ്ഥാനത്തുള്ള അവജ്ഞയ്ക്ക് ഒരു ഉദാഹരണം പറയാം.

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അട്ടപ്പാടിയിലെ ഒരു ആദിവാസി വരുന്നു. അയാള്‍ക്ക് അക്ഷരാഭ്യാസമോ രാഷ്ട്രീയാവബോധമോ ഒന്നുമില്ല. അയാളെ കണ്ടിട്ടു വിദ്യാസമ്പന്നനായ ഒരു നേതാവു പറയുകയാണ് “നീയൊക്കെ വോട്ടു ചെയ്തിട്ട് എന്തു കാര്യം? ഇന്‍ഡ്യയുടെ തലസ്ഥാനം ഏതെന്നു പോലും അറിഞ്ഞുകൂടാത്ത നിന്‍റെയൊക്കെ അഭിപ്രായം അനുസരിച്ചാണോ ഇന്ത്യാമഹാരാജ്യത്തിന്‍റെ ഭാവി തീരുമാനിക്കേണ്ടത്? നിന്‍റെയൊക്കെ പേരു വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നു വെട്ടിക്കളയുകയാണു വേണ്ടത്.എങ്കില്‍ മാത്രമേ ജനാധിപത്യത്തിനു വിലയും  നിലയും ഉണ്ടാവുകയുള്ളൂ.”

ഇതാണ് അസ്ഥാനത്തുള്ള അവജ്ഞ. വോട്ടു ചെയ്യാന്‍ ഈ നേതാവിനുള്ള അത്ര തന്നെ അവകാശം ആ  നിരക്ഷരകുക്ഷിയായ ആദിവാസിക്കും ഉണ്ട്.ഈ അവജ്ഞയുമായി മുന്നോട്ടു പോയാല്‍ നേതാവിനു വഴി തെറ്റും. തീര്‍ച്ച.

ഇനി നമ്മുടെ   അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരിലേക്കു തിരിച്ചു വരാം.1955 വരെ സമത്വസുന്ദരമായ  ഒരു   സാഹിത്യവിനോദമായിരുന്നു അക്ഷരശ്ലോകം. പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും അതില്‍  സ്ഥാനം ഉണ്ടായിരുന്നു. ആര്‍ക്കും ആരോടും അവജ്ഞ തോന്നിയിരുന്നില്ല. പക്ഷെ  1955 ആയപ്പോഴേക്കും പണ്ഡിതന്മാരുടെ മനസ്സില്‍  പാമരന്മാരോട് ഒരു അവജ്ഞ    ഉദ്ഭവിച്ചു. സഹിതമൂല്യം  കുറഞ്ഞ നാല്‍ക്കാലി   ശ്ലോകങ്ങള്‍  ചൊല്ലുന്ന   ഈ  ഏഴാംകൂലികള്‍  മഹത്തായ അക്ഷരശ്ലോകകലയില്‍ അധികപ്പറ്റാണെന്നും അവരെയെല്ലാം     നിഷ്കാസനം   ചെയത്‌ അക്ഷരശ്ലോകത്തിന്റെ മൂല്യം, നില, വില , ആസ്വാദ്യത   ഇതൊക്കെ വര്‍ദ്ധിപ്പിക്കേണ്ടത്  അത്യന്താപേക്ഷിതമാണെന്നും അവര്‍ തീരുമാനിച്ചു. സാഹിത്യമൂല്യവും ആസ്വാദ്യതയും   അളന്നുള്ള മാര്‍ക്കിടലും എലിമിനേഷനും   തുടങ്ങി.

സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നവരും സ്വരമാധുര്യവും പാട്ടും ഉള്ളവരും  ആയ ഒരു  ന്യൂനപക്ഷത്തിന്‍റെ കുത്തകയായി  മാറി അക്ഷരശ്ലോകം. ഇതൊന്നും ഇല്ലാത്ത സാധാരണക്കാര്‍ക്ക് അക്ഷരശ്ലോകം  ബാലികേറാമലയായി. അതോടെ  വമ്പിച്ച പുരോഗമനം ഉണ്ടാക്കി എന്നു സര്‍വ്വജ്ഞന്മാര്‍ വീമ്പിളക്കിക്കൊണ്ടു നടക്കാനും തുടങ്ങി.

യഥാര്‍ത്ഥത്തില്‍ പാമരന്മാരും  സാധാരണക്കാരും ഈ  അവജ്ഞ അര്‍ഹിക്കുന്നുണ്ടോ? ഇല്ല. ഇതും അസ്ഥാനത്തുള്ള അവജ്ഞയാണ്.

സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം  എന്ന് അക്ഷരശ്ലോകത്തിന്‍റെ ഒരു നിയമവും  അനുശാസിക്കുന്നില്ല. അനുഷ്ടുപ്പ് അല്ലാത്ത  ശ്ലോകം വേണം, ശ്ലോകത്തിന് ഒരു ആശയം വേണം; വൃത്തഭംഗാദിദോഷങ്ങള്‍ ഉണ്ടായിരിക്കരുത് ഇങ്ങനെയൊക്കെയാണ് നിയമങ്ങള്‍.

ഇതൊന്നും ആലോചിക്കാതെ അവജ്ഞയുമായി  മുന്നോട്ടു പോയ സര്‍വ്വജ്ഞന്മാര്‍ക്കു വഴി തെറ്റുക തന്നെ ചെയ്തു.   അവരുടെ വമ്പിച്ച പുരോഗമനം അധഃപതനമായി മാറി. അവര്‍ അത് അറിയുന്നില്ലെന്നു മാത്രം.

ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു ക്ഷമിക്കേണമേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

കഥാപ്രസംഗവും അക്ഷരശ്ലോകവും

 

ഒരിടത്ത് ഒരു കലാപ്രേമി ഉണ്ടായിരുന്നു. അയാള്‍ക്കു പെട്ടെന്ന് അദമ്യമായ ഒരു ആഗ്രഹം ഉണ്ടായി. ഒരു കഥാപ്രസംഗക്കാരന്‍ ആകണം. ഉടന്‍ തന്നെ പഠനം തുടങ്ങി. പാടു പെട്ടു ധാരാളം കഥകള്‍ പഠിച്ചു. പിന്നീടു വേദികളില്‍ കഥാപ്രസംഗം അവതരിപ്പിക്കാന്‍ തുടങ്ങി. പക്ഷെ അയാള്‍ക്കു സ്വരമാധുര്യമോ സംഗീതഗന്ധിയായ ആലാപനശൈലിയോ ആകര്‍ഷകമായ ആകാരസൌഷ്ഠവമോ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ശ്രോതാക്കള്‍ അയാളെ കയ്യൊഴിഞ്ഞു. അയാളുടെ കഥാപ്രസംഗം കേള്‍ക്കാന്‍ ആരും വരാതായി. അങ്ങനെ അയാള്‍ക്കു തന്‍റെ പ്രിയപ്പെട്ട കലയോടു വിട പറയേണ്ടി വന്നു. അയാള്‍ വിചാരിച്ചതു നല്ല മൂല്യമുള്ള കഥകള്‍ തെരഞ്ഞെടുത്തു ശ്രോതാക്കള്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ ബുദ്ധിപൂര്‍വ്വം അവതരിപ്പിച്ചാല്‍ ശ്രോതാക്കള്‍ സ്വീകരിച്ചുകൊള്ളും എന്നായിരുന്നു. പക്ഷെ അയാളുടെ പ്രതീക്ഷ അസ്ഥാനത്തായി.

ഇങ്ങനെ സംഭവിച്ചത്  ആരുടെ തെറ്റു കൊണ്ടാണ്‌?  ശ്രോതാക്കളുടെ  തെറ്റാണോ? അല്ല. കഥാപ്രസംഗകല ആവിഷ്കരിച്ചവരുടെ  തെറ്റാണോ? അതുമല്ല. നമ്മുടെ കലാപ്രേമിയുടെ തെറ്റു തന്നെ. സ്വരമാധുര്യവും സംഗീതവാസനയും ആകാരസൌഷ്ഠവവും ഒക്കെ ഒത്തിണങ്ങിയവര്‍ക്കു മാത്രമേ കഥാപ്രസംഗകലാകാരന്‍ ആകാന്‍ കഴിയൂ എന്ന നഗ്നസത്യം അയാള്‍ അറിയണമായിരുന്നു.

ഈ നഗ്നസത്യം അക്ഷരശ്ലോകക്കാര്‍ക്കും ബാധകമാണോ? ആണെന്നാണു ചിലരുടെ പ്രവര്‍ത്തനശൈലി കണ്ടാല്‍ തോന്നുക. പക്ഷേ യഥാര്‍ത്ഥ്യം അതില്‍ നിന്നു വളരെ വിദൂരമാണ്. കഥാപ്രസംഗക്കാര്‍ക്കു വേണ്ട യാതൊരു ഗുണവും അക്ഷരശ്ലോകക്കാര്‍ക്കു വേണ്ടതില്ല.  അക്ഷരശ്ലോകക്കാരെ  തള്ളിക്കളയാന്‍ ശ്രോതാക്കള്‍ക്ക് ആവുകയില്ല. അക്ഷരശ്ലോകക്കാരന്റെ നിലനില്‍പ്പു ശ്രോതാക്കളെ   ആശ്രയിച്ചല്ല. ശ്രോതാക്കള്‍ക്ക് അയാളുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ യാതൊരവകാശവും ഇല്ല. അക്ഷരശ്ലോകക്കാരനു സ്വരമാധുര്യമോ പാട്ടോ ആകാരസൌഷ്ഠവമോ ഒന്നും ആവശ്യമില്ല.

അക്ഷരശ്ലോകം കലയേ അല്ല എന്നതാണു സത്യം. അതു ചതുരംഗം പോലെ ഒരു വിനോദമാണ്‌. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും.ചൊല്ലാതിരുന്നാല്‍ തോല്‍ക്കും. അവിടെ ശ്രോതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എന്തു  പ്രസക്തി? അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ എന്നു ഭാവിച്ചു ഞെളിഞ്ഞു നടക്കുന്ന ആസ്വാദകവരേണ്യന്മാര്‍ ഇടുന്ന മാര്‍ക്കിന് എന്തു വില?

പണമുണ്ടെങ്കില്‍ നീതിയെ തകിടം മറിക്കാം

ഒരിക്കല്‍ രണ്ടു കുട്ടികള്‍ മെഡിക്കല്‍ പ്രവേശനപരീക്ഷ എഴുതി.ഒന്നാമന്‍ ഒരു പാവപ്പെട്ടവന്റെയും രണ്ടാമന്‍ ഒരു പണക്കാരന്റെയും മകന്‍ ആയിരുന്നു. ഒന്നാമനു 90% മാര്‍ക്കും രണ്ടാമനു 30% മാര്‍ക്കും കിട്ടി. ഒന്നാമന് ഒരു മെഡിക്കല്‍കോളേജിലും അഡ്മിഷന്‍ കിട്ടിയില്ല. അവസാനം അവന്‍ ഒരു ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്റെ ജോലി കൊണ്ട് തൃപ്തിപ്പെട്ടു. രണ്ടാമന്‍ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി ഡോക്ടറും സ്പെഷ്യലിസ്റ്റും ഒക്കെ ആയി.

ഇവിടെ നീതി നടന്നോ? ഇല്ല. നീതി തകിടം മറി ക്കപ്പെടുകയാണ് ഉണ്ടായത്. അതിനുള്ള സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ട്. പണമുണ്ടെങ്കില്‍ നീതിയെ തകിടം മറിക്കാം.

ഇത്തരം തകിടം മറിക്കല്‍ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു മാത്രമല്ല ഉള്ളത്. അങ്ങേയറ്റം നീതിപൂര്‍വ്വകമായി നടക്കേണ്ട അക്ഷരശ്ലോകമത്സരരംഗത്തും ഉണ്ട്.

നല്ല അറിവും കവിത്വവും ഉള്ള ഒരു സാഹിത്യകാരന്‍. അയാള്‍ക്കു പതിനായിരത്തോളം ശ്ലോകങ്ങള്‍ മനഃപാഠമാണ്. ഒരു തെറ്റുപോലും ഇല്ലാതെയും ഒട്ടും തപ്പിത്തടയാതെയും ചൊല്ലുകയും ചെയ്യും. സ്വന്തമായി ആയിരക്കണക്കിനു ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്. നാരായണീയം മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തിട്ടും ഉണ്ട്. നേരേ ചൊവ്വേ നടത്തപ്പെട്ട പല മത്സരങ്ങളിലും അദ്ദേഹത്തിനു നിരവധി ഒന്നാംസമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ പണവും പ്രതാപവും ഉള്ളവര്‍ കൊട്ടി ഘോഷിച്ചു നടത്തിയതും സ്വര്‍ണ്ണമെഡല്‍ സമ്മാനമുള്ളതും ആയ ഒരു മത്സരത്തില്‍ പങ്കെടുത്തു. പക്ഷെ അദ്ദേഹം അഗണ്യകോടിയില്‍ തള്ളപ്പെട്ടു. അദ്ദേഹത്തിന്‍റെ എഴയലത്തു പോലും വരാന്‍ യോഗ്യതയില്ലാത്ത ഒരു പയ്യനായിരുന്നു സ്വര്‍ണ്ണമെഡല്‍. പയ്യന് അദ്ദേഹത്തെക്കാള്‍ ശബ്ദമേന്മയുണ്ടായിരുന്നു. പയ്യന്‍ അദ്ദേഹത്തെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആണെന്നു വിധിക്കാന്‍ ധനാഢ്യന്മാര്‍ക്ക് അതില്‍ കൂടുതലൊന്നും വേണ്ടത്രേ. ആസ്വാദ്യത, കലാമൂല്യം, ശൈലി മുതലായ വാക്കുകള്‍ മലയാളത്തില്‍ ഉള്ളിടത്തോളം കാലം അവര്‍ക്ക് തങ്ങളുടെ പ്രവൃത്തി നിഷ്പ്രയാസം ന്യായീകരിക്കാം. നീതിയെ തകിടം മറിക്കാന്‍ എന്തെളുപ്പം!

വിക്ടര്‍ ഹ്യൂഗോ പറഞ്ഞത്

കേള്‍ക്കപ്പെടുന്നില്ല എന്നതു നിശ്ശബ്ദരായിരിക്കാനുള്ള ന്യായീകരണമല്ല.
                                                                                                         – വിക്ടര്‍ ഹ്യൂഗോ

അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയവരെ ജയിപ്പിക്കുന്നത് ഇക്കാലത്തു സര്‍വ്വസാധാരണമാണ്. അച്ചുമൂളാതെ മത്സരം പൂര്‍ത്തിയാക്കിയവര്‍ നിശ്ശബ്ദരായി തിരിച്ചു പോകുകയാണു പതിവ്. “അച്ചുമൂളിയവരെ ജയിപ്പിക്കുന്നവര്‍ ഉന്നതന്മാരും ധനാഢ്യന്മാരും പ്രതാപശാലികളും ഒക്കെയാണ്. ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാലും അവര്‍ മൈന്‍ഡ് ചെയ്യുകയില്ല”. ഇതാണ് ഈ silent majority യുടെ ന്യായീകരണം. ഈ സമീപനം ഒട്ടും ശരിയല്ല. അവര്‍ mind ചെയ്താലും ഇല്ലെങ്കിലും നിങ്ങള്‍ പറയേണ്ടതു പറയണം. ചെയ്യേണ്ടതു ചെയ്യണം. അനീതിയെ നിശ്ശബ്ദരായി സഹിച്ചാല്‍ അനീതിയുടെ കാഠിന്യം കൂടുകയേ ഉള്ളൂ.

ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം എന്നു നമ്മുടെ പൂര്‍വ്വികന്മാര്‍ ബ്രിട്ടീഷുകാരോടു നൂറ്റാണ്ടുകളോളം പറഞ്ഞു. പക്ഷേ അവര്‍ mind ചെയ്തില്ല. എങ്കിലും പറയുന്നവര്‍ പറച്ചില്‍ നിര്‍ത്തിയില്ല. പറച്ചിലിന്റെ കാഠിന്യം കൂട്ടുകയാണ് ഗാന്ധിജിയെയും നേതാജിയെയും പോലെയുള്ളവര്‍ ചെയ്തത്. നിശ്ശബ്ദരായി സഹിക്കുകയല്ല. അവസാനം Quit India എന്ന് വരെ പറഞ്ഞു. അപ്പോഴാണു സ്വാതന്ത്ര്യം കിട്ടിയത്.

അതിനാല്‍ കേള്‍ക്കേണ്ടവര്‍ കേട്ടാലും ഇല്ലെങ്കിലും പറയേണ്ടതു തെളിച്ചു തന്നെ പറയുക. അക്കാര്യത്തില്‍ ഒട്ടും അമാന്തം പാടില്ല.

ശ്ലോകങ്ങളെ സ്നേഹിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം?

ശ്ലോകങ്ങളെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു സാഹിത്യവിനോദം ആണ് അക്ഷരശ്ലോകം. ശ്ലോകങ്ങളെ സ്നേഹിക്കുന്നവരെ കണ്ടുപിടിച്ചു പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമാണ് അതില്‍ ഒരുക്കിയിട്ടുള്ളത്. ശ്ലോകങ്ങളെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ ശ്ലോകങ്ങള്‍ മനഃപാഠം ആവുകയുള്ളൂ എന്ന അടിസ്ഥാനതത്ത്വത്തില്‍ അധിഷ്ടിതമാണ് അക്ഷരശ്ലോകം.

ഒരിക്കല്‍ ഒരു പിതാവ് തന്‍റെ രണ്ടു പെണ്‍കുട്ടികളെ അക്ഷരശ്ലോകം പഠിക്കാന്‍ അയച്ചു. മക്കള്‍ അക്ഷരശ്ലോകരംഗത്തു മിടുക്കികളായി ശോഭിക്കുന്നതു കാണാന്‍ അദ്ദേഹത്തിന് അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ശ്ലോകങ്ങള്‍ മനഃപാഠമാക്കുന്നത് ഒരു വലിയ കീറാമുട്ടിയായി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. ഒരു ശ്ലോകം പോലും മനഃപാഠമാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ ആ പിതാവിന്‍റെ ആഗ്രഹം മുളയിലേ കരിഞ്ഞുപോയി.

ആ പെണ്‍കുട്ടികള്‍ പാട്ട് ഡാന്‍സ് മുതലായ മറ്റു പല കലകളിലും വലിയ മിടുക്കികള്‍ ആയിരുന്നു. പക്ഷേ ശ്ലോകങ്ങളെ ഒട്ടും സ്നേഹിക്കുന്ന കൂട്ടത്തില്‍ ആയിരുന്നില്ല. അതായിരുന്നു പ്രശ്നം. ശ്ലോകങ്ങളെ സ്നേഹിക്കുന്നവര്‍ക്കു മാത്രമേ. ശ്ലോകങ്ങള്‍ മനഃപാഠമാകൂ എന്ന നഗ്നസത്യം ഇതില്‍ നിന്ന് നല്ലവണ്ണം വെളിവാകുന്നുണ്ട്‌.

ശ്ലോകപ്രേമം പരോക്ഷമായി അളക്കുന്ന ഒരു സൂത്രവിദ്യയാണ്‌ അക്ഷരശ്ലോകം. ഒരാള്‍ക്കു പത്തു ശ്ലോകങ്ങള്‍ മനഃപാഠം ആയിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക്‌ ഇരുപതു ശ്ലോകങ്ങള്‍ മനഃപാഠം ആയിട്ടുണ്ടെങ്കില്‍ രണ്ടാമന്‍ ഒന്നാമന്റെ ഇരട്ടി വലിയ ശ്ലോകപ്രേമിയാണെന്ന് അനുമാനിക്കാം. അവിടെ സാഹിത്യമൂല്യം, സ്വരമാധുര്യം, സംഗീതഗന്ധം, ശൈലി മുതലായ യാതൊന്നും പരിഗണിക്കേണ്ട ആവശ്യമില്ല.

ആസ്വാദ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാല്‍

അക്ഷരശ്ലോകം പ്രകൃത്യാ തന്നെ ആസ്വാദ്യത തീരെ കുറഞ്ഞ ഒരു സാഹിത്യവിനോദമാണ്‌. അതിനാല്‍ അതിനു ശ്രോതാക്കളെ കിട്ടുകയില്ല. ആസ്വാദ്യമാക്കണമെങ്കില്‍ അതിന് ഒരൊറ്റ വഴിയേ ഉള്ളൂ. യേശുദാസിനെപ്പോലെ സുശിക്ഷിതരും ഷഡ്ഗുണങ്ങള്‍ തികഞ്ഞ ശബ്ദം ഉള്ളവരും.ആയ അനുഗൃഹീതഗായകന്മാരെ വിളിച്ചുകൊണ്ടു വന്നു സംഗീതമയമായ രീതിയില്‍ ശ്ലോകങ്ങള്‍ അവതരിപ്പിക്കുക.

പക്ഷേ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ അക്ഷരനിബന്ധന, അനുഷ്ടുപ്പ് ഒഴിവാക്കല്‍ മുതലായവയെല്ലാം അധികപ്പറ്റാകും. അവ ഉപേക്ഷിച്ചാല്‍ അക്ഷരശ്ലോകം ഇല്ലാതാവുകയും ചെയ്യും. ഹിമം താമരയെ നശിപ്പിക്കുന്നതു പോലെ സംഗീതം അക്ഷരശ്ലോകത്തെ നശിപ്പിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ സംഗീതം ഇല്ലാത്തപ്പോള്‍ ആസ്വാദ്യത ഇല്ല. ആസ്വാദ്യത ഉള്ളപ്പോള്‍ അക്ഷരശ്ലോകം ഇല്ല. അതിനാല്‍ അക്ഷരശ്ലോകത്തെ ആസ്വാദ്യമാക്കാന്‍ നടത്തുന്ന ഏതു ശ്രമവും വിനാശകരമായിരിക്കും.

അക്ഷരശ്ലോകമത്സരം നടത്താന്‍ വലിയ ഹാളുകള്‍ ആവശ്യമില്ല. 50 പേര്‍ക്ക് ഇരിക്കാവുന്ന ഒരു മിനി ഹാള്‍ മതിയാകും. ചതുരംഗമത്സരം നടത്താന്‍ സ്റ്റേഡിയം ആവശ്യമില്ല. അതിനും ഒരു ചെറിയ ഹാള്‍ മതി. ആസ്വാദകര്‍ ഇല്ല എന്നതാണ് അവിടെയും കാരണം.