അപ്രിയസത്യങ്ങൾ

അപ്രിയസത്യങ്ങൾ എന്ന പേരിൽ ഒരു ലേഖനപരമ്പര ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ഏകാക്ഷരശ്ലോകം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ൨൦൨൧ ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ് ഇത്. ഇപ്പോൾ 50 ലേഖനങ്ങൾ കടന്നിരിക്കുന്നു.

അക്ഷരശ്ലോകരംഗത്തു നടമാടുന്ന ചില കൊള്ളരുതായ്മകൾ തുറന്നു കാട്ടുകയാണു ലക്ഷ്യം. അപ്രിയസത്യങ്ങൾ പറയാതിക്കുന്നതല്ലേ നല്ലത്? ന സത്യം അപ്രിയം ബ്രൂയാത് എന്ന് ആപ്തവാക്യം ഉണ്ടല്ലോ എന്നു ചിലർ ചോദിച്ചേക്കാം. ശരിയാണ്. അങ്ങനെ ഒരു ആപ്തവാക്യം ഉണ്ട്. പക്ഷേ അതിൻ്റെ പേരിൽ നമ്മൾ മിണ്ടാതിരുന്നാൽ ചിലർ നമ്മുടെ അവകാശങ്ങളെല്ലാം കവർന്നെടുത്തു നമ്മെ കറിവേപ്പില പോലെ വലിച്ചെറിയും. അതുകൊണ്ടു ചില സത്യങ്ങൾ അപ്രിയമായാലും പറഞ്ഞേ മതിയാകൂ.

നിയമത്തിലെ ശരിയും തെറ്റും

“മാർക്കു കിട്ടാത്തവർ തോൽക്കും” എന്നത് അക്ഷരശ്ലോകത്തിൻ്റെ നിയമമല്ല. അതു പാട്ടുമത്സരത്തിൻ്റെ നിയമമാണ്.

അക്ഷരശ്ലോകത്തിൻ്റെ ശരിയായ നിയമം “അച്ചു മൂളുന്നവർ തോൽക്കും” എന്നതാണ്.

തെറ്റായ നിയമം ബാധകമാക്കി മത്സരം നടത്തിയാൽ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധഃപതിക്കും.

അച്ചു മൂളിയ മധുരസ്വരക്കാരെ മാർക്കിൻ്റെ പേരിൽ ജയിപ്പിക്കുന്ന “അക്ഷരശ്ലോകസർവ്വജ്ഞന്മാർ” പുരോഗമനമല്ല അധഃപതനമാണു വരുത്തി വയ്ക്കുന്നത്. അധഃപതനം എന്നു പറഞ്ഞാൽ പോരാ. നാശം എന്നു തന്നെ പറയണം.

എവിടെയെങ്കിലും അച്ചു മൂളിയവൻ ജയിക്കുന്നതു കണ്ടാൽ അവിടെ അക്ഷരശ്ലോകം നശിച്ചു എന്നു മനസ്സിലാക്കണം.

ഗോളടിക്കാത്ത ടീം ജയിക്കുന്നത് എപ്പോഴാണ്? ഫുട്ബാൾ കളി നശിക്കുമ്പോൾ.

അടിയറവു പറഞ്ഞവൻ ജയിക്കുന്നത് എപ്പോഴാണ്? ചതുരംഗം കളി നശിക്കുമ്പോൾ.

വീണു കിട്ടുന്ന മഹാഭാഗ്യങ്ങൾ

ചില കൂട്ടർക്കു ചിലപ്പോൾ അവിചാരിതമായി ചില മഹാഭാഗ്യങ്ങൾ വീണു കിട്ടും. സി. എച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രി ആയപ്പോൾ മലപ്പുറം ജില്ലയിൽ റോഡരികിൽ ഇരുന്നു കുട നന്നാക്കി ഉപജീവനം കഴിച്ചിരുന്നവർക്കെല്ലാം സ്‌കൂളുകളിൽ അറബി മുൻഷിയായി ജോലി കിട്ടി. സംസ്‌കൃതം പഠിച്ചു ശിരോമണി പാസ്സായവർ പോലും ജോലിയില്ലാതെ നട്ടം തിരിയുമ്പോഴാണു കുട്ടിക്കാലത്ത് അല്പം അറബി പഠിച്ചതിൻ്റെ പേരിൽ ഇവർക്ക് ഇങ്ങനെയൊരു മഹാഭാഗ്യം കൈവന്നത്.

അക്ഷരശ്ലോകരംഗത്തുള്ള മധുരസ്വരക്കാർക്കും ഇങ്ങനെ ഒരു മഹാഭാഗ്യം ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ വീണു കിട്ടുകയുണ്ടായി. അക്ഷരശ്ലോകം എന്താണെന്നു ശരിക്കു മനസ്സിലാക്കിയിട്ടില്ലാത്ത ചില ഉന്നതന്മാർ അക്ഷരശ്ലോകസർവ്വജ്ഞന്മാരായി ഭാവിച്ചുകൊണ്ട് ഈ രംഗത്തേക്ക് ഇടിച്ചുകയറി വന്ന് “അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണ്” എന്നു പ്രഖ്യാപിക്കുകയും സ്വരമാധുര്യവും പാട്ടും അളന്നു മാർക്കിടുന്ന ഒരു “പരിഷ്‌കൃതമായ” മൂല്യനിർണ്ണയരീതി ഏർപ്പെടുത്തുകയും ചെയ്തു. അക്ഷരശ്ലോകക്കാരുടെ ഇടയിലുള്ള സകലമാന മധുരസ്വരക്കാരും പാട്ടുകാരും അതുവഴി അക്ഷരശ്ലോകപ്രതിഭകൾ ആയി മാറി. തുരുതുരെ അച്ചുമൂളുന്നവർ പോലും ഇങ്ങനെ പ്രതിഭകളും ഗോൾഡ് മെഡലിസ്റ്റുകളും ഒക്കെ ആയിട്ടുണ്ട്. അവരിൽ പലർക്കും അക്ഷരശ്ലോകസംഘടനകളുടെ ഭാരവാഹിത്വവും എളുപ്പത്തിൽ തരപ്പെട്ടു കിട്ടി.

ഇങ്ങനെ ഭാരവാഹിത്വം കിട്ടിയവർ ആദ്യം ചെയ്തത് അതുവരെ വിദഗ്ദ്ധന്മാരായി ശോഭിച്ചിരുന്ന സാധാരണക്കാരെ മുഴുവനും പുകച്ചു പുറത്തു ചാടിക്കുകയും സംഘടന മുഴുവൻ മധുരസ്വരക്കാരെയും പാട്ടുകാരെയും അവർക്കു ശിങ്കിടി പാടുന്നവരെയും കൊണ്ടു നിറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. അതോടുകൂടി സ്വരമാധുര്യവും പാട്ടും ഇല്ലാത്തവർക്കു സംഘടനയിൽ യാതൊരു വോയിസും ഇല്ലാതാവുകയും സംഘടന മുൻപറഞ്ഞ ഭാഗ്യവാന്മാരുടെ കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്യും .

ഒരിടത്തു മാതൃകാപരമായി പ്രവർത്തിച്ചിരുന്ന ഒരു അക്ഷരശ്ലോകസംഘടന ഉണ്ടായിരുന്നു. നീതിപൂർവ്വകവും നിഷ്പക്ഷവും ആയ പ്രവർത്തനത്തിനു പേരു കേട്ട ആ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന മത്സരങ്ങളിൽ ദശകങ്ങളോളം ഒന്നാം സ്ഥാനം നേടി വന്നിരുന്നതു സ്വരമാധുര്യവും പാട്ടും ഒന്നും ഇല്ലാത്ത വെറും സാധാരണക്കാരനായ ഒരു ശ്ലോകപ്രേമി ആയിരുന്നു. ആ പ്രദേശത്തെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധൻ എന്നു പ്രകീർത്തിക്കപ്പെട്ടിരുന്ന അയാൾക്ക്‌ ഏതക്ഷരം കിട്ടിയാലും നൂറിലധികം ശ്ലോകങ്ങൾ തെറ്റാതെയും തപ്പിത്തടയാതെയും ചൊല്ലാൻ കഴിയുമായിരുന്നു. സ്വരമാധുര്യവും പാട്ടും പാണ്ഡിത്യവും ഇല്ല എന്നതു മാത്രമായിരുന്നു ചിലർ കണ്ടെത്തിയ പോരായ്മ. അയാൾക്ക്‌ ആ സംഘടനയോടു വളരെയേറെ ആത്മാർത്ഥതയും നന്ദിയും മമതയും ഒക്കെ ഉണ്ടായിരുന്നു. “ഞങ്ങളുടെ സംഘടന” “ഞങ്ങളുടെ സംഘടന” എന്ന് അദ്ദേഹം കൂടെക്കൂടെ അഭിമാനത്തോടെ പറയുമായിരുന്നു. അങ്ങനെയിരിക്കെ ആ സംഘടനയുടെ ഭരണാധികാരം മുഴുവനും ഒരു മധുരസ്വരക്കാരനിൽ വന്നു ചേർന്നു. അതോടെ നമ്മുടെ വിദഗ്ദ്ധൻ്റെ കഷ്ടകാലവും തുടങ്ങി. മധുരസ്വരക്കാരൻ വിദഗ്ദ്ധനെ നിഗൂഢമാർഗ്ഗങ്ങളിലൂടെ നിഷ്കരുണം പുകച്ചു പുറത്തു ചാടിച്ചു.

പുകച്ചു പുറത്തു ചാടിക്കുന്നത് എങ്ങനെ എന്നല്ലേ? അതൊരു കലയാണ്. നേരിട്ട് ഒന്നും ചെയ്യുകയില്ല. വളഞ്ഞ വഴിയിൽക്കൂടി രഹസ്യമായി ചില കരുനീക്കങ്ങൾ നടത്തും. അതോടെ ഉദ്ദിഷ്ട വ്യക്തിക്കു നിൽക്കക്കള്ളി ഇല്ലാതാവുകയും അയാൾ എല്ലാം ഇട്ടെറിഞ്ഞു സ്വയം പുറത്തേക്കു പോവുകയും ചെയ്യും. ആരെങ്കിലും അയാളെ ദ്രോഹിച്ചതായി ആർക്കും തോന്നുകയില്ല.

വലിയ ഒരു സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടർ പറഞ്ഞ ഒരു വാചകം ഈ സന്ദർഭത്തിൽ സ്മരണീയമാണ്. “ഞങ്ങൾ ഒരാളെ ഒഴിവാക്കാൻ തീരുമാനിച്ചാൽ അയാളെ പിരിച്ചു വിടുകയല്ല ചെയ്യുന്നത്. അയാൾക്ക്‌ ഇവിടെ സമാധാനമായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കും. അപ്പോൾ അയാൾ സ്വയം രാജി വച്ചു പോകും.” ഇതാണു പുകച്ചു പുറത്തു ചാടിക്കൽ. ഇതൊക്കെ ചെയ്യാൻ വേണ്ടിയാണത്രേ എം. ബി. എ. ബിരുദം കൊടുക്കുന്നത്.

“ഞങ്ങളുടെ സംഘടന”, “ഞങ്ങളുടെ സംഘടന” എന്നു പറഞ്ഞു കൊണ്ടു നടന്നിരുന്ന നമ്മുടെ വിദഗ്ദ്ധൻ ഇപ്പോൾ ആ സംഘടന നടത്തുന്ന ഒരു മത്സരത്തിലും പങ്കെടുക്കാറില്ല. സംഘടനയുടെ പരിപാടികൾ നടക്കുന്ന സ്ഥലത്തേക്ക് അദ്ദേഹം തിരിഞ്ഞു നോക്കാറു പോലും ഇല്ല. അദ്ദേഹം അക്ഷരശ്ലോകപ്രസ്ഥാനത്തോടു തന്നെ വിട പറഞ്ഞ മട്ടാണ്. അദ്ദേഹത്തിൻ്റെ ഏഴയലത്തു വരാൻ പോലും യോഗ്യതയില്ലാത്ത പലരും അക്ഷരശ്ലോകവൈദഗ്ദ്ധ്യത്തിൻ്റെ പേരിൽ പെൻഷൻ നേടിയപ്പോൾ അദ്ദേഹം പൂർണ്ണമായി അവഗണിക്കപ്പെട്ടു. “ഞങ്ങളുടെ സംഘടന” അദ്ദേഹത്തിനു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കിയില്ല.

മുൻപറഞ്ഞ മധുരസ്വരക്കാരനു കോളേജു പ്രൊഫസ്സർമാർ, പത്രാധിപന്മാർ, കവികൾ മുതലായി സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെയെല്ലാം പിന്തുണയുണ്ട്. അതിനാൽ പുകച്ചു പുറത്തു ചാടിക്കപ്പെടുന്ന ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയുകയില്ല. അവർക്കു സ്വന്തം വിധിയെ പഴിച്ചു കൊണ്ട് ഒരു മൂലയിൽ ഒതുങ്ങിക്കൂടാൻ മാത്രമേ കഴിയൂ.

കേരളത്തിലെ മിക്കവാറും എല്ലാ അക്ഷരശ്ലോകസംഘടനകളുടെയും അവസ്ഥ ഇതു തന്നെയാണ്. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ സംഘടനയുടെ അധികാരങ്ങൾ മുഴുവൻ ഒരു മധുരസ്വരക്കാരനിൽ കേന്ദ്രീകരിക്കും. അയാൾ യഥാർത്ഥ വിദഗ്ദ്ധന്മാരെ മുഴുവൻ അരിഞ്ഞു തള്ളിയിട്ടു സംഘടന പിടിച്ചടക്കി തൻ്റെ കൂട്ടക്കാരെയും ശിങ്കിടികളെയും കൊണ്ടു നിറയ്ക്കും. അതോടെ സാധാരണക്കാർക്ക് ഇഹഗതിയും പരഗതിയും ഇല്ലാതാകും. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യഅംശം, എന്നൊക്കെ ഘോരഘോരം പ്രസംഗിച്ചു കൊണ്ടു നടക്കുന്ന ഈ വിരുതന്മാർക്കു സമൂഹത്തിലെ സകലമാന ഉന്നതന്മാരുടെയും നിരുപാധികമായ പിന്തുണയുണ്ട്. അതിനാൽ അവരെ എതിർക്കാൻ ആർക്കും കഴിയുകയില്ല. ഈ സാഹചര്യം ശരിക്കു മുതലെടുത്ത് അവർ സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികളെ പരമാവധി ദ്രോഹിച്ചുകൊണ്ടു മുടിചൂടാമന്നന്മാരായി നിർബ്ബാധം വിലസുന്നു.

ഒരു കൂട്ടരുടെ ഭാഗ്യം ഉദിക്കുമ്പോൾ മറ്റൊരു കൂട്ടരുടെ ഭാഗ്യം അസ്തമിക്കും. ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാവുകയുള്ളൂ?

വിജയസാദ്ധ്യത ആർക്കെല്ലാം?

ഒരു കാലത്ത് അക്ഷരശ്ലോകം സമത്വസുന്ദരവും ജനകീയവും ആയ ഒരു സാഹിത്യവിനോദം ആയിരുന്നു. എല്ലാവർക്കും ഒരുപോലെ വിജയസാദ്ധ്യത ഉണ്ടായിരുന്നു. ശ്ലോകങ്ങൾ തെറ്റുകൂടാതെ ചൊല്ലാൻ കഴിവുള്ള ആർക്കും അല്പം അദ്ധ്വാനിച്ചാൽ അക്ഷരശ്ലോകമത്സരത്തിൽ പങ്കെടുത്തു യുക്തമായ സ്ഥാനമാനങ്ങൾ നേടാൻ കഴിയുമായിരുന്നു. പക്ഷേ 1955 ൽ കൊലകൊമ്പന്മാരായ ഏതാനും ഉന്നതന്മാർ അക്ഷരശ്ലോകസാമ്രാജ്യം ആക്രമിച്ചു കീഴടക്കിയിട്ടു തന്നിഷ്ടപ്രകാരമുള്ള മാർക്കിടൽ, എലിമിനേഷൻ മുതലായ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയതോടു കൂടി കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. ഇപ്പോൾ ചില പ്രത്യേക മേന്മകൾ ഉള്ളവർക്കു മാത്രമേ അക്ഷരശ്ലോകമത്സരങ്ങളിൽ ജയിക്കാൻ കഴിയൂ. ആർക്കൊക്കെയാണു വിജയസാദ്ധ്യത ഉള്ളതെന്നു നമുക്കു പരിശോധിക്കാം.

  1. മധുരസ്വരക്കാരും ഗംഭീരശബ്‌ദക്കാരും.

അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണെന്നു മുൻപറഞ്ഞ ഉന്നതന്മാർ പ്രഖ്യാപിച്ചു. ഓരോ മത്സരാർത്ഥിയും ശ്രോതാക്കളെ എത്രത്തോളം ആഹ്ളാദിപ്പിച്ചു എന്നത് അവർ അളന്നു മാർക്കിടാനും തുടങ്ങി. ജന്മസിദ്ധമായ ശബ്ദമേന്മ ഉള്ളവർക്കു മാത്രമേ മാർക്കു കിട്ടൂ എന്ന ദുരവസ്ഥയുണ്ടായി. ശബ്ദസൗകുമാര്യം, ശബ്ദഗാംഭീര്യം, ശബ്ദശക്തി മുതലായ ശബ്ദഗുണങ്ങളിൽ ഒന്നെങ്കിലും ഇല്ലാത്തവർക്ക് അക്ഷരശ്ലോകമത്സരത്തിൽ ജയിക്കാൻ ഒരിക്കലും സാദ്ധ്യമല്ല എന്നായി. അത്തരക്കാരെ ഉന്നതന്മാർ ആദ്യം തന്നെ എലിമിനേറ്റു ചെയ്യുകയാണു പതിവ്.

2. പാട്ടുകാർ

അക്ഷരശ്ലോകത്തിൽ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല എന്നതു സുവിദിതമായ ഒരു സത്യമാണ്. പക്ഷേ ഉന്നതന്മാരുടെ പരിഷ്കരണത്തിനു ശേഷം അതിലും മാറ്റം വന്നു. അക്ഷരശ്ലോകം സംഗീതഗന്ധി ആയാലേ ശ്രോതാക്കൾക്ക് ആസ്വാദ്യമാകൂ എന്ന് ഉന്നതന്മാർ പ്രഖ്യാപിച്ചു. അക്ഷരശ്ലോകം സംഗീതവിമുക്തം ആയിരിക്കണം എന്നു വാദിച്ചവരോട് ഉന്നതന്മാരുടെ എതിർവാദം ഇങ്ങനെ ആയിരുന്നു. “കൂത്തു, കൂടിയാട്ടം മുതലായ എല്ലാ കലകളിലും സംഗീതമുണ്ട്. പിന്നെ അക്ഷരശ്ലോകം മാത്രം എന്തിനു സംഗീതവിമുക്തം ആകണം? ശ്രോതാക്കളെ ആഹ്ളാദിപ്പിക്കണമെങ്കിൽ സംഗീതം കൂടിയേ തീരൂ”. സംഗീതഗന്ധി ആയിരിക്കണം എന്നു ചിലർ അഭിപ്രായപ്പെട്ടപ്പോൾ സംഗീതസമ്പന്നം ആയിരിക്കണം എന്നു സിദ്ധാന്തിക്കാനും ചില ഉന്നതന്മാർ മടിച്ചില്ല. അക്ഷരശ്ലോകത്തിൽ സംഗീതം കടന്നു വന്നതോടു കൂടി പാട്ടുകാരുടെ വിജയസാദ്ധ്യത പതിന്മടങ്ങു വർദ്ധിച്ചു.

3. ശിങ്കിടികൾ

പറയത്തക്ക യോഗ്യതകൾ ഒന്നും ഇല്ലെങ്കിലും ചിലർ ജയിക്കുന്നതു കാണാം. അവരുടെ വിജയരഹസ്യം അന്വേഷിച്ചു ചെല്ലുന്നവർക്ക് ഒരു കാര്യം വ്യക്തമാകും. അവർ ഉന്നതന്മാരുടെ എല്ലാ കോപ്രായങ്ങളെയും നിരുപാധികം പിന്തുണച്ചു ശിങ്കിടി പാടി നിൽക്കുന്നവരാണ്.

4. കണ്ണിലുണ്ണികൾ

ശിങ്കിടി പാടിയില്ലെങ്കിലും ചിലർ പുഷ്പം പോലെ ജയിക്കുന്നതു കാണാം. അവരാണു കണ്ണിലുണ്ണികൾ. ശരീരസൗന്ദര്യം, ചെറുപ്പം, സ്ത്രീത്വം, പ്രശസ്തി, സ്വാധീനശക്തി ഇങ്ങനെ പല ഘടകങ്ങളും ഒരു മത്സരാർത്ഥിയെ കണ്ണിലുണ്ണി ആകാൻ സഹായിക്കും. ഒരു കൂട്ടർക്കു കണ്ണിലുണ്ണി ആയ വ്യക്തി മറ്റൊരു കൂട്ടർക്കു കണ്ണിലുണ്ണി ആകണമെന്നില്ല. അതുകൊണ്ടാണു “ചേരുന്ന ജഡ്‌ജികളിരിക്കുകിൽ മാർക്കു വീഴും” എന്ന ചൊല്ലുണ്ടായത്. സ്ത്രീകളും പെൺകുട്ടികളും എളുപ്പത്തിൽ കണ്ണിലുണ്ണികളായി മാറും. മാർക്കിടൽ ഉള്ള മത്സരങ്ങളിലെ വിജയികളുടെ പട്ടിക പരിശോധിച്ചാൽ അതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളോ പെൺകുട്ടികളോ ആണെന്നു കാണാം.

മേൽപ്പറഞ്ഞ കൂട്ടത്തിലൊന്നും പെടാത്ത നിർഭാഗ്യവാന്മാരായ സാധാരണക്കാരുടെ കാര്യം കട്ടപ്പൊകയാണ്. അവർ എത്ര അദ്ധ്വാനിച്ചാലും അവർക്കു കിട്ടുന്നത് എലിമിനേഷനോ അവഗണനയോ ആയിരിക്കും. ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞു തിരിയാനാണ് അവരുടെ വിധി.

അക്ഷരശ്ലോകം ശ്ലോകപ്പാട്ട് ആയതെങ്ങനെ?

സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ലാത്ത ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. പക്ഷേ 1955 മുതൽ ഏതാനും വർഷങ്ങൾക്കുള്ളിൽ സംഗീതത്തിന് അക്ഷരശ്ലോകത്തിൽ അല്പാല്പം സ്ഥാനം ലഭിക്കുകയും സംഗീതത്തിൻ്റെ പ്രാധാന്യം പടിപടിയായി വർദ്ധിച്ച് അക്ഷരശ്ലോകം എന്ന സാഹിത്യവിനോദം ശ്ലോകപ്പാട്ട് എന്നു പറയാവുന്ന ഒരു വികലസൃഷ്ടിയായി മാറുകയും ചെയ്തു. ഇങ്ങനെയൊരു പതനത്തിലേക്കു വഴി തെളിച്ച സംഭവവികാസങ്ങൾ നമുക്കു പരിശോധിക്കാം.

1955 ൽ ഉന്നതന്മാരായ ഏതാനും സ്വയം പ്രഖ്യാപിത അക്ഷരശ്ലോകസർവ്വജ്ഞന്മാർ ഈ രംഗത്തേക്ക് ഇടിച്ചു കയറി വരികയും അക്ഷരശ്ലോകസാമ്രാജ്യത്തെ ആക്രമിച്ചു കീഴടക്കി തന്നിഷ്ടപ്രകാരമുള്ള ഭരണം തുടങ്ങുകയും ചെയ്തു. അക്ഷരശ്ലോകത്തിൻ്റെ നിലവാരവും ആസ്വാദ്യതയും ഒക്കെ വർദ്ധിപ്പിക്കുക എന്നതാണു തങ്ങളുടെ ലക്ഷ്യം എന്ന് അവർ പ്രഖ്യാപിച്ചു. ലക്ഷ്യം വളരെ നല്ലതായി തോന്നിയതു കൊണ്ട് അധികമാരും അവരെ എതിർത്തില്ല. എതിർത്ത ന്യൂനപക്ഷത്തിനു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. എന്തുകൊണ്ടെന്നാൽ കീഴടക്കി ഭരിക്കാൻ തുടങ്ങിയ സർവ്വജ്ഞമാനികൾ അതിശക്തന്മാരും അത്യുഗ്രപ്രതാപശാലികളും കൊലകൊമ്പന്മാരും ഒക്കെ ആയിരുന്നു. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ ആയിരുന്നു ചൈനക്കാർ ടിബറ്റിനെ ആക്രമിച്ചു കീഴടക്കിയത്. ടിബറ്റുകാരുടെ നിസ്സഹായാവസ്ഥ തന്നെയാണ് അക്ഷരശ്ലോകക്കാർക്കും ഉണ്ടായത്.

ചക്രവർത്തിത്വമനോഭാവത്തോടെ തകർത്തു ഭരിക്കാൻ തുടങ്ങിയ ഉന്നതന്മാർ പുതിയ ചില സിദ്ധാന്തങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു.

1 അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണ് .

2 ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കഴിവില്ലാത്തവർക്ക് അക്ഷരശ്ലോകം ചൊല്ലാൻ അർഹതയില്ല. അത്തരക്കാരെ ഞങ്ങൾ എലിമിനേറ്റു ചെയ്യും.

3 ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കഴിവുള്ളവർ എല്ലാ വിധ പ്രോത്സാഹനവും അർഹിക്കുന്നു. അത്തരക്കാർ അച്ചുമൂളിയാലും ഞങ്ങൾ അവരെത്തന്നെ ജയിപ്പിക്കും.

4 അക്ഷരശ്ലോകമത്സരങ്ങൾ ഞങ്ങൾ മാർക്കിട്ടായിരിക്കും നടത്തുക. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യം മുതലായ മേന്മകൾ എല്ലാം ഞങ്ങൾ കൃത്യമായി അളന്നു മാർക്കിടും. ഞങ്ങൾ ഇടുന്ന മാർക്കു മാത്രമായിരിക്കും വിജയത്തിൻ്റെ ആധാരം.

അവരുടെ പരിഷ്‌കൃത “അക്ഷരശ്ലോക”മത്സരങ്ങൾ കണ്ട യഥാർത്ഥ അക്ഷരശ്ലോകപ്രേമികൾക്ക് ഒരു കാര്യം വ്യക്തമായി. അക്ഷരശ്ലോകം കൈവിട്ടു പോയിരിക്കുന്നു. ഇവരുടെ അക്ഷരശ്ലോകം യഥാർത്ഥത്തിൽ അക്ഷരശ്ലോകമേ അല്ല. അക്ഷരശ്ലോകത്തിൻ്റെ മൂടുപടം അണിഞ്ഞ ഒരു തരം സംഗീതമത്സരം മാത്രമാണ് അത്. സ്വരമാധുര്യവും ഭംഗിയായി പാടാനുള്ള കഴിവും ഉള്ളവർക്കു മാത്രമേ അവയിൽ ജയിക്കാൻ കഴിയൂ. ജന്മസിദ്ധമായ ഇത്തരം മേന്മകൾ ഇല്ലാത്തവർ നിഷ്കരുണം എലിമിനേറ്റു ചെയ്യപ്പെടുകയോ തഴയപ്പെടുകയോ ചെയ്യും.

ഇവർ പുതുതായി ഏർപ്പെടുത്തിയ മാർക്കിടൽ, എലിമിനേഷൻ എന്നീ രണ്ടു പരിഷ്കാരങ്ങളും സംഗീതമത്സരങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്. അക്ഷരശ്ലോകത്തിൽ അവയ്ക്കു യാതൊരു സ്ഥാനവും ഇല്ല. ഈ സർവ്വജ്ഞമാനികൾ ഭരണം ഏറ്റെടുക്കുന്നതിനു മുമ്പ് ഇത്തരം കോപ്രായങ്ങളെപ്പറ്റി കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.

അക്ഷരശ്ലോകത്തിൻ്റെ ആണിക്കല്ലായ നിയമമാണ് അച്ചുമൂളിയാൽ തോൽക്കും എന്നത്. അതിനെപ്പോലും ഈ ഉന്നതന്മാർ തകർത്തു തരിപ്പണം ആക്കിക്കളഞ്ഞു. ഈ നിയമം അവർക്കു തങ്ങളുടെ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ചുളുവിൽ ജയിപ്പിക്കാൻ ഏറ്റവും വലിയ തടസ്സമാണ്. അപ്പോൾ പിന്നെ അതിനെ തകർക്കുക തന്നെ. ആരു ചോദിക്കാൻ? ഇങ്ങനെ സുപ്രധാനനിയമങ്ങൾ പോലും തിരുത്തിയെഴുതി ഉന്നതന്മാർ മുന്നേറിയപ്പോൾ അക്ഷരശ്ലോകത്തിന് അതിൻ്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ടു. ഉപ്പുരസം നഷ്ടപ്പെട്ട ഉപ്പിനെപ്പോലെ അതു തികച്ചും ഒരു പാഴ് വസ്തുവായി മാറി.

അക്ഷരശ്ലോകത്തിൽ സംഗീതത്തിനു സ്ഥാനം കൊടുത്തതിനെ അവർ ഇങ്ങനെയാണു ന്യായീകരിച്ചത്. “ഞങ്ങൾ ആസ്വാദ്യതയ്ക്കു വേണ്ടി സംഗീതത്തിന് ഒരല്പം സ്ഥാനം കൊടുക്കുന്നതേ ഉള്ളൂ. സംഗീതഗന്ധി ആക്കുന്നു. പക്ഷേ സംഗീതമയം ആക്കുന്നില്ല.” ഈ “അല്പം” സ്ഥാനം കൊടുപ്പിൻ്റെ അനന്തരഫലം കൂടാരത്തിൽ ഒട്ടകത്തിന് അല്പം സ്ഥാനം കൊടുത്ത അറബിയുടെ അനുഭവം പോലെയായി. നേരം വെളുത്തപ്പോൾ ഒട്ടകം അകത്തും അറബി പുറത്തും! തൂശി കടത്താൻ ഇടം കൊടുത്താൽ തൂമ്പാ കടത്തും എന്നു മലയാളത്തിൽ തന്നെ ഒരു ചൊല്ലുണ്ടല്ലോ. അതുപോലെയായി സംഗീതത്തിന് അല്പം സ്ഥാനം കൊടുത്തതിൻ്റെ ഫലം. സംഗീതമില്ലാതെ അക്ഷരശ്ലോകമത്സരങ്ങളിൽ ജയിക്കാൻ പറ്റുകയില്ല എന്നതായി അവസ്ഥ.

പൂർവ്വികാചാര്യന്മാർ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങൾക്കും കുറഞ്ഞ ശ്ലോകങ്ങൾക്കും തുല്യപരിഗണന നൽകിയിരുന്നു. സ്വരമാധുര്യം ഉള്ളവർക്കും ഇല്ലാത്തവർക്കും തുല്യപരിഗണന നൽകിയിരുന്നു. സംഗീതത്തിനു യാതൊരു പരിഗണനയും നൽകിയിരുന്നില്ല. പാട്ട് അറിയാവുന്നവർക്കും അറിഞ്ഞുകൂടാത്തവർക്കും വിജയസാദ്ധ്യത തുല്യമായിരുന്നു. ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ഒരിക്കലും അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ആയിരുന്നില്ല.

അങ്ങനെ സമത്വസുന്ദരമായി ശോഭിച്ചിരുന്ന ഈ സാഹിത്യവിനോദം മുൻപറഞ്ഞ ഉന്നതന്മാർ കയ്യടക്കിയതോടെ അസമത്വത്തിൻ്റെ വിളഭൂമിയായി മാറി. മധുരസ്വരക്കാരുടെയും പാട്ടുകാരുടെയും വിജയസാദ്ധ്യത പതിന്മടങ്ങു വർദ്ധിച്ചു. ചുരുക്കിപ്പറഞ്ഞാൽ അക്ഷരശ്ലോകമത്സരങ്ങൾ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധഃപതിച്ചു. ശ്ലോകങ്ങൾ മധുരസ്വരത്തിൽ പാടിക്കേൾപ്പിച്ചു ശ്രോതാക്കളുടെ കയ്യടി നേടാൻ കഴിവുള്ളവർക്കു തുരുതുരെ അച്ചുമൂളിയാലും ജയിക്കാം എന്ന തല തിരിഞ്ഞതും പരിഹാസ്യവും ആയ സാഹചര്യം ഉണ്ടായി. എന്നിട്ടും ഉന്നതന്മാർ കുലുങ്ങിയില്ല. അപാര തൊലിക്കട്ടിയുള്ള അവർ ഈ മാറ്റത്തെ “വമ്പിച്ച പുരോഗമനം” എന്നു വിശേഷിപ്പിച്ചു കൊണ്ടു “മുന്നേറുക”യാണു ചെയ്തത്. സർക്കാരിൽ ഉള്ള സ്വാധീനം കൊണ്ട് ഉന്നതന്മാർക്കു തങ്ങളുടെ വികലസൃഷ്ടിയെ അക്ഷരശ്ലോകം എന്ന പേരിൽത്തന്നെ യുവജനോത്സവങ്ങളിലെ ഒരിനമായി ഉൾപ്പെടുത്താൻ കഴിഞ്ഞു. ലളിതസംഗീതം, കഥകളിസംഗീതം മുതലായവയിൽ ജയിക്കുന്ന കുട്ടികൾ തന്നെയാണ് അക്ഷരശ്ലോകത്തിലും ജയിക്കുന്നത്. അക്ഷരശ്ലോകത്തിനു വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്ന ചുമതല മിക്കപ്പോഴും സംഗീതാദ്ധ്യാപകരാണ് ഏറ്റെടുക്കുക. പല തരം പാട്ടുമത്സരങ്ങളിൽ ഒന്നാണ് അക്ഷരശ്ലോകം എന്ന ധാരണ രക്ഷിതാക്കളിലും രൂഢമൂലമായി. “സുനന്ദ നന്നായി ശ്ലോകം പാടി”, “ശ്രീലേഖ ശ്ലോകം പാടിയതിനു ഭംഗി കുറവായിരുന്നു” എന്നിങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും അവരിൽ നിന്നു കേൾക്കാം.

ഇത്രയും പുരോഗമനമൊക്കെ ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി അക്ഷരനിബന്ധന വേണ്ടെന്നു വച്ചാലും കുഴപ്പമില്ല. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നുള്ള മാർക്കിടൽ ഏർപ്പെടുത്തി. അച്ചുമൂളിയവരെ ജയിപ്പിക്കാം എന്ന നിയമഭേദഗതിയും നടപ്പാക്കി. ഇനിയും അക്ഷരനിബന്ധന എന്ന നോക്കുകുത്തി എന്തിന്? ആട്ടിൻതോലിട്ട ചെന്നായ്ക്കു പകരം യഥാർത്ഥ ചെന്നായയെ പ്രദർശിപ്പിച്ചു കൂടേ? അക്ഷരശ്ലോകം എന്ന പേരു മാറ്റി ശ്ലോകപ്പാട്ട് എന്ന സത്യസന്ധമായ പേര് ഇട്ടുകൂടേ?

അക്ഷരശ്ലോകത്തിൻ്റെ നിയമങ്ങളും ബാലപാഠങ്ങളും

കേരളത്തിൻ്റെ തനതായ ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. അന്താക്ഷരി പോലെ ഇതിനോടു സാമ്യമുള്ള പലതും മറ്റു ഭാഷകളിൽ ഉണ്ടെങ്കിലും അവയ്‌ക്കൊന്നും ഇതിൻ്റെ ഉന്നതമായ ഗുണനിലവാരം ഇല്ല. അക്ഷരശ്ലോകത്തിൽ അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കുന്നതുകൊണ്ടു നിലവാരം കുറഞ്ഞ രചനകൾ മിക്കതും ഒഴിവാകുന്നു.

ഒരാൾ ചൊല്ലിയ ശ്ലോകത്തിൻ്റെ മൂന്നാം വരിയുടെ ആദ്യത്തെ അക്ഷരം കൊണ്ട് ആരംഭിക്കുന്ന ഒരു ശ്ലോകം അടുത്തയാൾ ചൊല്ലണം. അയാൾ ചൊല്ലിയതിൻ്റെ മൂന്നാം വരി നോക്കി അടുത്തയാൾ ചൊല്ലണം. ഇങ്ങനെ എത്ര പേർക്കു വേണമെങ്കിലും പങ്കെടുക്കാം. ശ്ലോകം എന്നു പറഞ്ഞാൽ സംസ്‌കൃത വൃത്തത്തിലുള്ള നാലുവരിക്കവിത എന്നർത്ഥം. കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാതിരുന്നാൽ പരാജയപ്പെടും. ഇങ്ങനെ പരാജയപ്പെടുന്നതിനെയാണ് അച്ചുമൂളൽ എന്നു പറയുന്നത്. അക്ഷരശ്ലോകമോതീടിൽ അച്ചു കൂടാതെ ചൊല്ലണം എന്നാണു പ്രമാണം.

നിയമങ്ങൾ

1. ഭാഷാവൃത്തകവിതകൾ സ്വീകാര്യമല്ല.എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു പോലെയുള്ള കൃതികൾ അക്ഷരശ്ലോകത്തിൻ്റെ പരിധിക്കു പുറത്താണ്. കൃഷ്ണഗാഥ, ഹരിനാമകീർത്തനം,തുള്ളൽപ്പാട്ടുകൾ മുതലായവയും അസ്വീകാര്യം തന്നെ.

2. സംസ്കൃതവൃത്തം ആണെങ്കിലും അനുഷ്ടുപ് (ഒരു വരിയിൽ 8 അക്ഷരം ഉള്ള കവിത) സ്വീകാര്യമല്ല. പുരാണേതിഹാസങ്ങളിൽ 90% ഉം അനുഷ്ടുപ് ആണ്. അതിനാൽ അവയിലെ ശ്ലോകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. അനുഷ്ടുപ് അല്ല എന്ന് ഉറപ്പുണ്ടെങ്കിലേ ചൊല്ലാവൂ. സഹസ്രനാമങ്ങൾ എല്ലാം അനുഷ്ടുപ് ആണ്. അതിനാൽ സഹസ്രനാമങ്ങൾ എല്ലാം ഒഴിവാക്കണം.

3. ശ്ലോകങ്ങൾ കിട്ടാൻ വളരെ പ്രയാസമുള്ള ഋ, ഖ, ഛ മുതലായ അക്ഷരങ്ങൾ വർജ്ജ്യമാണ്. വർജ്ജ്‌യാക്ഷരങ്ങളിൽ ശ്ലോകം ചൊല്ലാതിരുന്നാലും പരാജയകാരണം ആവുകയില്ല. സ്വീകാര്യ അക്ഷരങ്ങൾ ഏതെല്ലാം എന്നു വ്യക്തമായി മനസ്സിലാക്കിയാൽ ബാക്കി അക്ഷരങ്ങൾ എല്ലാം വർജ്ജ്യം എന്ന് അനുമാനിക്കാം. താഴെപ്പറയുന്ന 24 അക്ഷരങ്ങളാണു തർക്കമറ്റ സ്വീകാര്യ അക്ഷരങ്ങൾ.

അ ഇ ഉ എ ഒ ക ഗ ച ജ ത ദ ധ ന പ ബ ഭ മ യ ര ല വ ശ സ ഹ

ബാക്കിയുള്ള എല്ലാ അക്ഷരങ്ങളും വർജ്ജ്യം എന്നു പറയാമെങ്കിലും അവയിൽ ചില അക്ഷരങ്ങൾ തർക്കവിഷയം ആകാറുണ്ട്. ഞ ആണ് ഏറ്റവും അധികം തർക്കവിഷയം ആകുന്ന അക്ഷരം. ഞ വർജ്ജ്യമാണെന്നു പറഞ്ഞാൽ അല്ലെന്നു ചിലർ ഘോരഘോരം വാദിക്കും. ഖ , ഘ , ഫ മുതലായ മറ്റു ചില അക്ഷരങ്ങളും അപൂർവ്വമായി തർക്കവിഷയം ആകാറുണ്ട്. അപ്പപ്പോൾ ഭാരവാഹികൾ പറയുന്ന അഭിപ്രായം അംഗീകരിക്കുക എന്നതു മാത്രമേ മത്സരാർത്ഥികൾക്കു കരണീയം ആയിട്ടുള്ളൂ. ഞ , ഖ മുതലായ അക്ഷരങ്ങളിൽ ഓരോ ശ്ലോകമെങ്കിലും പഠിച്ചിരുന്നാൽ തർക്കിക്കാൻ പോകാതെ കഴിച്ചു കൂട്ടാം.

4. അക്ഷരശ്ലോകത്തിൽ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല. സംഗീതപാടവം തീരെ ഇല്ലാത്തവർക്കും അക്ഷരശ്ലോക മത്സരങ്ങളിൽ പങ്കെടുത്തു ജയിക്കാൻ കഴിയും (കഴിയണം).

5. ശ്ലോകങ്ങൾ സ്വന്തം ഓർമ്മയിൽ നിന്നു ചൊല്ലണം. കുറിപ്പു നോക്കാനോ പരസഹായം സ്വീകരിക്കാനോ പാടില്ല.

6. ശ്ലോകങ്ങൾ അവരവർ തന്നെ ഉണ്ടാക്കി ചൊല്ലിയാലും മതി.ശ്ലോകത്തിന് അർത്ഥവും വൃത്തവും ഉണ്ടായിരിക്കണം എന്നു മാത്രമേ നിർബ്ബന്ധമുള്ളൂ. സാഹിത്യം എന്ന വകുപ്പിൽ പെടുത്താവുന്ന ശ്ലോകങ്ങൾ മാത്രമേ ചൊല്ലാവൂ എന്നു നിയമം ഉണ്ട്. പക്ഷേ സാഹിത്യമൂല്യം എത്രത്തോളം വേണം എന്നതു സംബന്ധിച്ചു യാതൊരു നിയമവും ഇല്ല.

7. മൂന്നാം വരിയിൽ കൂട്ടക്ഷരം വന്നാൽ കൂട്ടക്ഷരത്തിലെ ആദ്യത്തെ അക്ഷരം സ്വീകരിക്കണം. സ്പഷ്ടം എന്നു വന്നാൽ സ ആണു ചൊല്ലേണ്ടത്. പ അല്ല.

8. മൂന്നാം വരിയിൽ വർജ്ജ്യാക്ഷരം വന്നാൽ അതിൽ ശ്ലോകം അറിയാമെങ്കിൽ അതു തന്നെ ചൊല്ലുക. അല്ലെങ്കിൽ അതിനു ശേഷം ആദ്യം കാണുന്ന സ്വീകാര്യ അക്ഷരത്തിൽ ചൊല്ലുക. അതും അല്ലെങ്കിൽ ജഡ്ജിമാരുടെ ശ്രദ്ധയിൽ പെടുത്തി അവരുടെ നിർദ്ദേശം അനുസരിച്ചു ചൊല്ലാം.

ബാലപാഠങ്ങൾ

തുടക്കക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവർക്ക് അസ്വീകാര്യമായ വൃത്തങ്ങൾ തിരിച്ചറിയാൻ കഴിയുകയില്ല എന്നതാണ്. വൃത്തശാസ്ത്രം കുറച്ചെങ്കിലും പഠിക്കാതെ ഈ പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ കഴിയുകയില്ല. ഒരു കുറുക്കു വഴിയുള്ളതു ചില കൃതികൾ മാത്രം തെരഞ്ഞെടുത്തു പഠിക്കുക എന്നതാണ്. അക്ഷരശ്ലോകത്തിനു ചൊല്ലാവുന്ന ശ്ലോകങ്ങൾ മാത്രമുള്ള കൃതികൾ ഉണ്ട്. അവ മാത്രം തെരഞ്ഞെടുത്തു പഠിച്ചാൽ വൃത്തം അറിഞ്ഞു കൂടാത്തവർക്കും സുഗമമായി അക്ഷരശ്ലോകം ചൊല്ലാം. അത്തരം കൃതികളുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.

1.നാരായണീയം

2.നളിനി

3.ലീല

4 ചിന്താവിഷ്ടയായ സീത

5.വീണ പൂവ്

6. ശിഷ്യനും മകനും

7. ബന്ധനസ്ഥനായ അനിരുദ്ധൻ

8. ഗണപതി

9 മേഘസന്ദേശം

10. മയൂരസന്ദേശം

11. ഹരിവരാസനം

12. മഹിഷാസുരമർദ്ദിനി

13. സൗന്ദര്യലഹരി

14. ശിവാനന്ദലഹരി

അക്ഷരശ്ലോകം പഠിക്കുന്ന കുട്ടികൾക്കു ബാലപാഠം ആയി നിർദ്ദേശിക്കാറുള്ളതു കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളം ആണ്. പക്ഷേ അതിന് ഒരു ന്യൂനതയുണ്ട്. അതിൽ ചില സർഗ്ഗങ്ങൾ അനുഷ്ടുപ് ആണ്. അനുഷ്ടുപ് തിരിച്ചറിയാൻ സ്വന്തമായി അറിവു നേടുകയോ അറിവുള്ള ആരുടെയെങ്കുലും സഹായം തേടുകയോ ചെയ്യണം. അക്ഷരശ്ലോക ബാലപാഠം എന്ന പേരിൽ അടുത്ത കാലത്തു പാലായിലെ കൈരളി ശ്ലോകരംഗം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആശ്രയിക്കാവുന്ന ഉത്തമമായ ഒരു വഴികാട്ടിയാണ് അത്.

പൂർണ്ണമായും സ്വീകാര്യമായ കൃതികൾ ഉള്ളതുപോലെ പൂർണ്ണമായും വർജ്ജ്യമായ കൃതികളും ഉണ്ട്. അവയുടെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.

  1. സഹസ്രനാമങ്ങൾ
  2. ഹരിനാമകീർത്തനം
  3. കിളിപ്പാട്ടുകൾ
  4. തുള്ളൽപ്പാട്ടുകൾ
  5. കൃഷ്ണഗാഥ
  6. ജ്ഞാനപ്പാന
  7. വടക്കൻ പാട്ടുകൾ

ഉമാകേരളം, ചിത്രയോഗം, രുഗ്മാംഗദചരിതം, കേശവീയം, രഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം മുതലായ മഹാകാവ്യങ്ങൾ അക്ഷരശ്ലോകത്തിന് അത്യുത്തമമാണ്. പക്ഷേ അവയിലും ചില സർഗ്ഗങ്ങൾ അനുഷ്ട്പ്പാണ്. അവ ഒഴിവാക്കാൻ കഴിവു നേടിയിരിക്കണം. ചില വൃത്തങ്ങളിൽ ഉള്ള ശ്ലോകങ്ങൾ പലപ്പോഴും തർക്കവിഷയം ആകാറുണ്ട്. ഉദാഹരണം സമ്മത, കല്യാണി. സമ്മത അക്ഷരശ്ലോകത്തിനു 100 % സ്വീകാര്യവും കുറ്റമറ്റതും ആയ ഒരു സംസ്‌കൃതവൃത്തമാണ്. പക്ഷേ ചൊല്ലിക്കേൾക്കുമ്പോൾ ഭാഷാവൃത്തങ്ങളോട് ഒരു സാമ്യം തോന്നും. സമ്മതാവൃത്തത്തിലുള്ള തവ വിലോകനാൽ ഗോപികാജനാഃ എന്ന സുപ്രസിദ്ധമായ നാരായണീയശ്ലോകം ചൊല്ലിയാൽ പോലും “ഇതു പാനയാണ്. ചൊല്ലാൻ പാടില്ല” എന്നു വിധിക്കുന്ന കൊലകൊമ്പന്മാരായ ജഡ്ജിമാരെ പലപ്പോഴും കാണാൻ കഴിയും. മലയാളത്തിൽ പ്രചുരപ്രചാരം ഉള്ള ചില സംസ്‌കൃതവൃത്തങ്ങൾ ഉണ്ട്. അവയെ ഭാഷാവൃത്തങ്ങളായി പരിഗണിച്ചു കേരളീയർ വേറേ പേരുകളും കൊടുത്തിട്ടുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം അവ സംസ്‌കൃതവൃത്തങ്ങൾ അല്ലാതാകുന്നില്ല. ഉദാഹരണം വിധ്വങ്കമാല എന്ന സംസ്കൃതവൃത്തം. ഇതിനു സംസ്‌കൃതത്തിൽ പ്രചാരം വളരെ കുറവാണ്. അതേ സമയം മലയാളത്തിൽ വളരെ പ്രചാരമുണ്ടു താനും. അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതിനു കല്യാണി എന്ന് ഒരു പ്രസിദ്ധമായ പേരും ഉണ്ട്. എഴുത്തച്ഛൻ്റെ കല്യാണരൂപീ വനത്തിന്നു പോകാൻ എന്ന ശ്ലോകമോ കുമാരനാശാന്റെ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി എന്ന ശ്ലോകമോ ചൊല്ലിയാൽ ഉടൻ “ഇതു കല്യാണി എന്ന ഭാഷാവൃത്തമാണ്. ചൊല്ലാൻ പാടില്ല” എന്നു വിധിക്കുന്ന ജഡ്ജിമാരെ ധാരാളമായി കാണാൻ കഴിയും. അവരോടു സഹതപിക്കാനേ കഴിയൂ.

മത്സരങ്ങൾ

മത്സരങ്ങൾ രണ്ടു തരത്തിൽ ഉണ്ട്.

1 അച്ചു മൂളാതെ ശ്ലോകം ചൊല്ലി ജയിക്കാവുന്ന മത്സരങ്ങൾ. ഇവയിൽ സാഹിത്യമൂല്യം, അവതരണഭംഗി മുതലായവ പ്രശ്നമല്ല. ഒരക്ഷരം നറുക്കിട്ടെടുത്ത് അതിൽ മാത്രം ശ്ലോകം ചൊല്ലാൻ ആവശ്യപ്പെടുക എന്നതാണ് ഇതിനു സാധാരണ സ്വീകരിക്കുന്ന രീതി. എല്ലാവരും അച്ചുമൂളി പുറത്താകണമെങ്കിൽ ഏകാക്ഷരം, ഏകാക്ഷരപ്രയോഗം, വൃത്തനിബന്ധന മുതലായ ഏതെങ്കിലും പ്രത്യേക ഏർപ്പാടു വേണ്ടി വരും.

2 മാർക്കു നേടി ജയിക്കാവുന്ന മത്സരങ്ങൾ. സാഹിത്യമൂല്യം, അവതരണഭംഗി മുതലായവ അളന്നു മാർക്കിടും. മാർക്കു കൂടിയവർ ജയിക്കും. വളരെ കുറച്ചു സമയം കൊണ്ടു മത്സരം തീർക്കാൻ കഴിയും. പ്രത്യേക ഏർപ്പാടുകൾ ഒന്നും വേണമെന്നില്ല.

എന്തുകൊണ്ട് എൻ.ഡി. കൃഷ്ണനുണ്ണിയെ വിളിച്ചില്ല?

“അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണ്” എന്ന നൂതനസിദ്ധാന്തവുമായി ചില കൊലകൊമ്പന്മാർ അരങ്ങു തകർക്കുന്ന കാലം. ശ്ലോകങ്ങൾ ഭംഗിയായി ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന അക്ഷരശ്ലോകകലാകാരൻമാർ എന്നു വാനോളം പുകഴ്ത്തി അവർ ചിലരെ ഗോൾഡ് മെഡലിസ്റ്റുകൾ ആക്കിക്കൊണ്ടിരുന്നു. അപ്പോഴാണു ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ നാരായണീയം കാസ്സറ്റിലാക്കി പ്രചരിപ്പിക്കാൻ തീരുമാനിച്ചത്. നാരായണീയം മുഴുവനും അക്ഷരശ്ലോകക്കാർക്കു പ്രിയങ്കരങ്ങളായ ശ്ലോകങ്ങളാണ്. വർജ്ജ്യമായ ഒരു ശ്ലോകം പോലും നാരായണീയത്തിൽ ഇല്ല. അപ്പോൾ സ്വാഭാവികമായി ഒരു അക്ഷരശ്ലോക ഗോൾഡ് മെഡലിസ്റ്റിനെ ദേവസ്വം ക്ഷണിക്കേണ്ടതായിരുന്നു. അക്ഷരശ്ലോകചക്രവർത്തി എന്ന് അറിയപ്പെട്ടിരുന്ന എൻ.ഡി. കൃഷ്ണനുണ്ണി ഗുരുവായൂരിന് അടുത്തു തന്നെ താമസമുണ്ടായിരുന്നു. ശ്ലോകങ്ങൾ നല്ല ലയത്തോടെ ചൊല്ലുന്ന വിദഗ്ദ്ധൻ എന്നു പേരെടുത്ത അദ്ദേഹത്തിനു മറ്റു പല യോഗ്യതകളും കൂടി ഉണ്ടായിരുന്നു. സംസ്‌കൃതം അരച്ചു കലക്കി കുടിച്ച മഹാപണ്ഡിതൻ ആയിരുന്നു. ഭക്തിയും വിഭക്തിയും ഒത്തിണങ്ങിയ കവി എന്ന ഖ്യാതി നേടിയിരുന്നു. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി നാരായണീയം വ്യാഖ്യാനിച്ച നാലു പണ്ഡിതന്മാരിൽ ഒരാൾ എന്ന വിശേഷയോഗ്യതയും ഉണ്ടായിരുന്നു.

ഇത്രയൊക്കെ കേമത്തമുള്ള അദ്ദേഹത്തെ വിളിക്കാതെ ദേവസ്വം വെറുമൊരു സിനിമാപ്പാട്ടുകാരിയും പറയത്തക്ക സംസ്‌കൃതപാണ്ഡിത്യം ഒന്നും ഇല്ലാത്തവളും ആയ പി. ലീലയെ ആണു വിളിച്ചത് .

എന്തുകൊണ്ടു കൃഷ്ണനുണ്ണിയെ വിളിക്കാതെ പി. ലീലയെ വിളിച്ചു? അതാണ് അക്ഷരശ്ലോക ഗോൾഡ് മെഡലിസ്റ്റുകളും അവരെ സൃഷ്ടിച്ചു വിടുന്ന “അക്ഷരശ്ലോക”സർവ്വജ്ഞന്മാരും മനസ്സിരുത്തി ചിന്തിക്കേണ്ട കാര്യം. ശ്ലോകങ്ങൾ ഭംഗിയായി ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്‌ളാദിപ്പിക്കേണ്ട പ്രശ്നം വരുമ്പോൾ അക്ഷരശ്ലോകക്കാർക്കു സിനിമാപ്പാട്ടുകാരുടെ ഏഴയലത്തു പോലും വരാൻ കഴിയുകയില്ല. അക്ഷരശ്ലോകക്കാർ ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയാൽ സിനിമാപ്പാട്ടുകാരോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെടുക തന്നെ ചെയ്യും. എൻ.ഡി.കൃഷ്ണനുണ്ണി പി. ലീലയുടെ ഏഴയലത്തു വരികയില്ല. കെ.പി.സി. അനുജൻ ഭട്ടതിരിപ്പാട് കമുകറ പുരുഷോത്തമൻ്റെ മുമ്പിൽ മുട്ടു കുത്തും. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?

ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്ന കാര്യം വരുമ്പോൾ ഏതു ഗോൾഡ് മെഡലിസ്റ്റിനെയും തറ പറ്റിക്കാൻ ഒരു മൂന്നാംകിട സിനിമാപ്പാട്ടുകാരൻ മതി. യേശുദാസൊന്നും വേണ്ട.

ആന പിണ്ടമിടുന്നതു കണ്ടു മുയലു മുക്കുന്നതു പോലെയാണു സിനിമാപ്പാട്ടുകാർ ശ്ലോകം ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്നതു കണ്ട് അക്ഷരശ്ലോകക്കാർ ആ പണിക്കു ചാടി ഇറങ്ങുന്നത്.

.”അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണ്” എന്ന സിദ്ധാന്തം തന്നെ ഒരു ഹിമാലയൻ മണ്ടത്തരം ആണ്. അക്ഷരശ്ലോകം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ച ഒരു കലയല്ല. കൂടുതൽ ശ്ലോകങ്ങൾ മനഃപാഠമായി അറിയാവുന്നവർക്കു ജയിക്കാൻ പാകത്തിൽ സംവിധാനം ചെയ്തതും ചതുരംഗത്തിനു സമാനവും ആയ ഒരു ബുദ്ധിപരമായ വിനോദമാണ്. അതു മനസ്സിലാക്കാതെ “ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ, ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ” എന്നു പറഞ്ഞ് എടുത്തുചാടി ഓരോ കോപ്രായങ്ങൾ കാട്ടുന്ന കൊലകൊമ്പന്മാരും അവരുടെ ശിങ്കിടികളും പരിഹാസ്യരാവുകയേ ഉള്ളൂ. ശ്രോതാക്കൾ അവരെ പുച്ഛിച്ചു തള്ളിക്കളയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അക്ഷരശ്ലോകക്കാർ നിൽക്കേണ്ടിടത്തു നിന്നാൽ ചതുരംഗം കളിക്കാർക്കു കിട്ടുന്നതു പോലെ ഒരു മാന്യത അവർക്കു തീർച്ചയായും കിട്ടും. അതിനു പകരം തല മറന്ന്‌ എണ്ണ തേയ്ക്കാൻ തുടങ്ങിയാൽ ഉമ്മറപ്പടിയിൽ ഇരുന്നതു കിട്ടിയുമില്ല കക്ഷത്തിരുന്നതു പോവുകയും ചെയ്‌തു എന്ന അവസ്ഥയാകും.

കാക്ക കുളിച്ചാൽ കൊക്കാവുകയില്ല. അതുപോലെ അക്ഷരശ്ലോകക്കാരൻ ശ്രോതാക്കളെ എത്ര ആഹ്ളാദിപ്പിക്കാൻ ശ്രമിച്ചാലും ജനപ്രിയകലാകാരൻ ആവുകയില്ല.

പാട്ടുകാരെ അനുകരിച്ച് അക്ഷരശ്ലോകത്തിൽ മാർക്കിടലും എലിമിനേഷനും ഏർപ്പെടുത്തിയ “സർവ്വജ്ഞ”ന്മാരോടു നമുക്കു സഹതപിക്കാം. അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല.

ചെന്നായ്ക്കള്‍ ആട്ടിന്‍തോല്‍ പുതച്ചുകൊണ്ടു നടക്കുന്നതെന്തിന്?

ചില മുത്തശ്ശിക്കഥകളില്‍ ആട്ടിന്‍തോല്‍ പുതച്ചുകൊണ്ടു നടക്കുന്ന ചെന്നായ്ക്കളെപ്പറ്റി പരാമര്‍ശം ഉണ്ട്. എന്തിനാണ് അവ അങ്ങനെയൊരു മൂടുപടം അണിഞ്ഞുകൊണ്ടു നടക്കുന്നത്? ചെന്നായ്ക്കള്‍ ചെന്നായ്ക്കളായിത്തന്നെ നടന്നാല്‍ മുയലിനെപ്പോലെയുള്ള മറ്റു മൃഗങ്ങള്‍ ഓടിയൊളിക്കും. ആട്ടിന്‍തോല്‍ പുതച്ചുകൊണ്ടു നടന്നാല്‍ ആടാണെന്നു കരുതി സാധു മൃഗങ്ങള്‍ ഓടാതെ നില്‍ക്കും. അപ്പോള്‍ അവയെ നിഷ്പ്രയാസം പിടിച്ചു തിന്നാം. ഇവിടെ മൂടുപടം ധരിക്കുന്ന സൂത്രശാലികള്‍ക്കു വമ്പിച്ച ലാഭവും മൂടുപടത്തിന്‍റെ പിന്നിലെ യഥാര്‍ത്ഥ്യം തിരിച്ചറിയാത്ത സാധുമൃഗങ്ങള്‍ക്കു ഭീമമായ നഷ്ടവും ആണു സംഭവിക്കുന്നത്.

മൂടുപടം ധരിക്കല്‍ എന്ന ഈ പ്രക്രിയ മനുഷ്യസമൂഹത്തിലും വ്യാപകമായി കാണപ്പെടുന്നുണ്ട്. കൈക്കൂലിയുടെയും അഴിമതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായ ചില രാഷ്ട്രീയക്കാര്‍ തൂവെള്ള ഖദര്‍ വസ്ത്രം ധരിച്ചുകൊണ്ടു നടക്കും. അപ്പോള്‍ അവര്‍ സത്യസന്ധന്‍മാരായ ഗാന്ധിയന്‍മാരാണെന്നു പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കും. ഈ തെറ്റിദ്ധാരണയുടെ മറവില്‍ ആ സൂത്രശാലികള്‍ക്കു തങ്ങളുടെ കുത്സിതപ്രവൃത്തികള്‍ നിര്‍ബാധം തുടരാന്‍ കഴിയും. സമൂഹത്തിന്‍റെ ചോരയും നീരും ഊറ്റിക്കുടിച്ച് അവര്‍ തടിച്ചു കൊഴുക്കും. ഇവിടെയും മൂടുപടം ധരിച്ചവര്‍ക്കു ഗണ്യമായ ലാഭവും മൂടുപടത്തിന്‍റെ പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാത്ത സാധു ജനങ്ങള്‍ക്കു ഭീമമായ നഷ്ടവും ആണു സംഭവിക്കുന്നത്‌.

അക്ഷരശ്ലോകരംഗത്തും മൂടുപടപ്രയോഗം എന്ന ഈ സൂത്രവിദ്യ അടുത്ത കാലത്തു ചില ഉന്നതന്മാര്‍ പയറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ശ്ലോകപ്പാട്ടുമത്സരങ്ങള്‍ സംഘടിപ്പിക്കുക. എന്നിട്ട് അവയെ അക്ഷരനിബന്ധന എന്ന മൂടുപടം ധരിപ്പിക്കുക. ഇതാണ് അവരുടെ പ്രവര്‍ത്തനശൈലി. അക്ഷരനിബന്ധന എന്ന മൂടുപടം ഉള്ളതുകൊണ്ട് അവര്‍ നടത്തുന്നത് അക്ഷരശ്ലോകമത്സരങ്ങള്‍ ആണെന്നു സാധുക്കളായ മത്സരാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ അക്ഷരശ്ലോകമത്സരങ്ങളേ അല്ല. വെറും ശ്ലോകപ്പാട്ടുമത്സരങ്ങള്‍ മാത്രമാണ്. അവയില്‍ തുരുതുരെ അച്ചുമൂളിയവര്‍ക്കു പോലും നിഷ്പ്രയാസം ജയിക്കാം. എന്തുകൊണ്ടെന്നാല്‍ സ്വരമാധുര്യവും പാട്ടും കൊണ്ടു നേടിയ മാര്‍ക്കു മാത്രമാണു വിജയത്തിന് ആധാരം. സാഹിത്യമൂല്യം, വൃത്താനുവൃത്തം മുതലായ ചില ചപ്പടാച്ചികളും ഉന്നതന്മാര്‍ തട്ടി മൂളിക്കാറുണ്ട്. എങ്കിലും അവയും വെറും മൂടുപടങ്ങള്‍ മാത്രമാണ്. അവ മത്സരഫലത്തെ കാര്യമായി സ്വാധീനിക്കുന്നില്ല. വിജയത്തിന്‍റെ മുഖ്യമായ ആധാരം എപ്പോഴും സ്വരമാധുര്യവും പാട്ടും മാത്രമായിരിക്കും. ഇങ്ങനെ അക്ഷരനിബന്ധന പോലെയുള്ള മൂടുപടങ്ങള്‍ അണിയിച്ച ശ്ലോകപ്പാട്ടുമത്സരങ്ങളെ യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരങ്ങള്‍ എന്നു സാധുക്കള്‍ തെറ്റിദ്ധരിക്കുന്നു.

മേല്‍പ്പറഞ്ഞ തെറ്റിദ്ധാരണയെ മുതലെടുത്ത്‌ ഉന്നതന്മാര്‍ മധുരസ്വരക്കാരും പാട്ടുകാരും ആയ ശിങ്കിടികളെ ജയിപ്പിച്ച്‌ “അക്ഷരശ്ലോക”വിദഗ്ദ്ധന്മാരായി പ്രഖ്യാപിക്കുകയും സ്വര്‍ണ്ണമെഡലുകളും മറ്റും വാരിക്കോരി കൊടുക്കുകയും ചെയ്യുന്നു. മൂടുപടത്തിന്‍റെ പിന്നിലെ സത്യാവസ്ഥ തിരിച്ചറിയാത്ത സാധുക്കളായ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണ് എന്ന നഗ്നസത്യം തിരിച്ചറിയുന്നില്ല. ജയിച്ചവരൊക്കെ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാർ ആണെന്നു വിശ്വസിച്ച് അവര്‍ എറാന്‍ മൂളി ഓച്ഛാനിച്ചു നില്‍ക്കുന്നു. തങ്ങള്‍ക്കു ന്യായമായി അവകാശപ്പെട്ട സ്വര്‍ണ്ണവും പണവും ആണ് ഈ മൂടുപടപ്രയോഗക്കാര്‍ കവര്‍ന്നെടുത്തു ശിങ്കിടികള്‍ക്കും കണ്ണിലുണ്ണികള്‍ക്കും കൊടുക്കുന്നത് എന്ന് അവര്‍ അറിയുന്നില്ല.

ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാത്ത മുയലുകള്‍ ചെന്നായ്ക്കളുടെ ആഹാരമായി തീര്‍ന്നാല്‍ അതില്‍ എന്തത്ഭുതം?

കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്ത മഹാന്മാര്‍

1955 മുതല്‍ അക്ഷരശ്ലോകസാമ്രാജ്യം ഉന്നതന്മാരായ ചില മഹാന്മാര്‍ പിടിച്ചടക്കി ഭരിച്ചു വരികയാണല്ലോ. അവരെ ആരും ക്ഷണിച്ചു കൊണ്ടു വന്നതല്ല. തെരഞ്ഞെടുത്തു ഭരണമേല്പിച്ചതും അല്ല. അവര്‍ സ്വമേധയാ കയറി വന്നു ഭരണം ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ഭാരതത്തിന്‍റെ ഭരണം ഏറ്റെടുത്തതു പോലെ. എന്തായാലും അവര്‍ മഹാന്മാരാണല്ലോ. അതുകൊണ്ടു നമുക്കു സമാധാനിക്കാം എന്നു വിചാരിച്ചാലോ? അവിടെയാണു കുഴപ്പം. എന്തെന്നാല്‍ ഈ മഹാന്മാര്‍ക്ക് അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടാ. പറഞ്ഞുമനസിലാക്കാംഎന്നു വച്ചാലോ? അങ്ങേയറ്റം ലളിതമായ അടിസ്ഥാനതത്ത്വങ്ങള്‍ കാര്യകാരണസഹിതം വിശദീകരിച്ചു പറഞ്ഞാലും ഇവര്‍ക്ക് ഒന്നും മനസ്സിലാവുകയില്ല.

അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വം അത്യന്തം ലളിതമാണ്. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും. ചൊല്ലാതിരുന്നാല്‍ തോല്‍ക്കും. ഇതില്‍ സങ്കീര്‍ണ്ണമായി ഒന്നുമില്ല. എങ്കിലും ഇതു പറഞ്ഞാല്‍ മുന്‍പറഞ്ഞ മഹാന്മാര്‍ എതിര്‍വാദവുമായി മുന്നോട്ടു വരും. അക്ഷരശ്ലോകം സാഹിത്യവിനോദമല്ലേ? അതുകൊണ്ടു സാഹിത്യമൂല്യം അളന്നു മാര്‍ക്കിടണ്ടേ? അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ലേ? അതുകൊണ്ട് ആസ്വാദ്യത അളന്നു മാര്‍ക്കിടണ്ടേ? ഇങ്ങനെ പോകും അവരുടെ എതിര്‍വാദങ്ങള്‍. അവരുടെ അഭിപ്രായത്തില്‍ എല്ലാ റൗണ്ടിലും മുട്ടാതെ ശ്ലോകം ചൊല്ലുന്നതിനു യാതൊരു പ്രാധാന്യവും ഇല്ല. ചൊല്ലിയ ശ്ലോകങ്ങളുടെ സാഹിത്യമൂല്യവും അവതരണഭംഗിയും കലാമേന്മയും ഒക്കെ അളന്നു മാര്‍ക്കിട്ടപ്പോള്‍ എത്ര മാര്‍ക്കു കിട്ടി എന്നതു മാത്രമാണു പ്രധാനമായ കാര്യം. അവരുടെ മത്സരങ്ങളില്‍ തുരുതുരെ അച്ചുമൂളിയവര്‍ക്കും ജയിക്കാം. അതാണത്രേ പുരോഗമനവും നവോത്ഥാനവും.

യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകമത്സരത്തില്‍ മാര്‍ക്കിടല്‍ ആവശ്യമാണോ? അല്ല. പക്ഷേ അല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ പറഞ്ഞവനെ മണ്ടന്‍, സ്വാര്‍ത്ഥന്‍, പിന്തിരിപ്പന്‍, മൂല്യബോധമില്ലാത്തവന്‍, കലാബോധമില്ലത്തവന്‍ എന്നൊക്കെ പറഞ്ഞു പുച്ഛിച്ചും പരിഹസിച്ചും തറപറ്റിക്കാന്‍ ആയിരിക്കും ഈ മഹാന്മാര്‍ ശ്രമിക്കുക. അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ എത്ര വിശദീകരിച്ചാലും തലയില്‍ കയറാത്ത അവരില്‍ നിന്നു മറ്റൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

മാര്‍ക്കിടല്‍ ഇല്ലാത്ത ഫുട്ബാള്‍, ക്രിക്കറ്റ്, ടെന്നീസ്, ചതുരംഗം, ചീട്ടുകളി, പകിടകളി, കാരംസ് മുതലായ ഡസന്‍ കണക്കിനു വിനോദങ്ങള്‍ ലോകത്തുണ്ട്. അവയിലൊക്കെ ഏര്‍പ്പെടുന്നവര്‍ക്ക് ആര്‍ക്കും നേരിടേണ്ടി വരാത്ത ഒരു ദുരവസ്ഥയാണ് അക്ഷരശ്ലോകക്കാര്‍ക്കു നേരിടേണ്ടി വരുന്നത്.

ഫുട്ബാള്‍ മത്സരത്തില്‍ മാര്‍ക്കിടലിനെ അനാവശ്യമാക്കുന്ന ഘടകം എന്താണ്? ഗോളടിച്ചാല്‍ജയിക്കും; ഗോളടിച്ചില്ലെങ്കില്‍ തോല്‍ക്കും എന്ന നിയമമാണ് അത്.

ഇതുപോലെ ഒരു നിയമമല്ലേ അക്ഷരശ്ലോകത്തിലും ഉള്ളത്? “അച്ചുമൂളാതെ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; അച്ചുമൂളിയാല്‍ തോല്‍ക്കും” എന്ന നിയമം സുവ്യക്തവും സുവിദിതവും അല്ലേ? ഇതുള്ളപ്പോള്‍ എന്തിനാണ് ഒരു മാര്‍ക്കിടല്‍?

പക്ഷേ ഇത്തരം കാര്യങ്ങള്‍ എത്ര വിശദീകരിച്ചു പറഞ്ഞാലും മഹാന്മാര്‍ക്കു മനസ്സിലാവുകയില്ല. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ജയിക്കുമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ മാര്‍ക്കിടല്‍ കൂടിയേ തീരൂ എന്ന് അവര്‍ ഘോരഘോരം വാദിക്കും.

അങ്ങനെയാണെങ്കില്‍ അക്ഷരനിബന്ധന വേണ്ടെന്നു വച്ചുകൂടേ എന്നു ചോദിച്ചാല്‍ അതിനും അവര്‍ തയ്യാറല്ല. അവര്‍ക്കു വേണ്ടത് ഒന്നു മാത്രമാണ്. അക്ഷരശ്ലോകം എന്ന പേരു നിലനിര്‍ത്തിക്കൊണ്ട് അവരുടെ തന്നിഷ്ടപ്രകാരമുള്ള മത്സരങ്ങള്‍ നടത്തണം. എന്നിട്ട് അക്ഷരശ്ലോകത്തിന്‍റെ പേരില്‍ കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും കൈവശപ്പെടുത്തി തങ്ങള്‍ക്കും തങ്ങളുടെ പാര്‍ശ്വവര്‍ത്തികള്‍ക്കുമായി വീതിച്ചെടുക്കണം. അതിനാല്‍ കാര്യങ്ങള്‍ മനസ്സിലായാലും മനസ്സിലായില്ല എന്നു ഭാവിക്കുകയായിരിക്കും അവര്‍ ചെയ്യുക. കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു തരം മാര്‍ജ്ജാരശൈലി. ഇത്തരം മഹാന്മാരാണു ഭരണത്തില്‍ എന്നതാണു പ്രസ്ഥാനത്തിന്‍റെ ദൗര്‍ഭാഗ്യം. എത്ര വലിയ മഹാന്മാര്‍ ആയാലും കാര്യം പറഞ്ഞാല്‍ മനസ്സിലാകുകയില്ലെങ്കില്‍ അവരുടെ മഹത്ത്വം കൊണ്ട് എന്തു പ്രയോജനം?

ആനയ്ക്ക് ഇല്ലാത്ത ആഡംബരം കൊതുകിന് ആവശ്യമുണ്ടോ?

ലോകത്തില്‍ ഏറ്റവും അധികം ആസ്വാദകരുള്ള വിനോദം ഫുട്ബാള്‍ ആണ്. പക്ഷേ ഫുട്ബാള്‍ കളിക്കാര്‍ ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ പ്രത്യേകിച്ചു യാതൊന്നും ചെയ്യാറില്ല. ഗോളടിച്ചു ജയിക്കാന്‍ മാത്രമേ അവര്‍ ശ്രമിക്കുകയുള്ളൂ. കളിക്കാര്‍ കാണികളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളന്നു മാര്‍ക്കിട്ടു വിജയികളെ നിര്‍ണ്ണയിക്കുന്ന ഏര്‍പ്പാട് അവര്‍ക്കില്ല.

ഇനി നമുക്കു ലോകത്തില്‍ ഏറ്റവും കുറച്ച് ആസ്വാദകരുള്ള വിനോദത്തിന്‍റെ കാര്യം പരിശോധിക്കാം. ആ വിനോദം അക്ഷരശ്ലോകം ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത കാലത്തു ചില അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരുടെ ആസ്വാദകപ്രേമം പെട്ടെന്നു ക്രമാതീതമായി വര്‍ദ്ധിച്ചു. അവര്‍ ഓരോ മത്സരാര്‍ത്ഥിയും ആസ്വാദകരെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളന്നു മാര്‍ക്കിടുകയും മാര്‍ക്കു നോക്കി വിജയിയെ കണ്ടെത്തുകയും ചെയ്യുന്ന ഒരു പുതിയ പരിഷ്കാരവും ഏര്‍പ്പെടുത്തി. ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു മാര്‍ക്കു നേടുന്നവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കാം എന്ന്‍ ഒരു പുതിയ നിയമവും പാസ്സാക്കി. ആഹ്ലാദിപ്പിക്കാത്തവരെ എലിമിനേറ്റു ചെയ്യാനും ഏര്‍പ്പാടുണ്ടാക്കി.

ഫുട്ബാള്‍ മത്സരം ആനയാണെങ്കില്‍ അക്ഷരശ്ലോകമത്സരം കൊതുകാണ്. ആനയ്ക്ക് ഇല്ലാത്ത ആഡംബരം കൊതുകിന് ആവശ്യമുണ്ടോ?