അക്ഷരശ്ലോകത്തിൽ സാഹിത്യമൂല്യത്തിനു പ്രസക്തിയുണ്ടോ? തീർച്ചയായും ഉണ്ട്. പക്ഷേ അതു “സാഹിത്യമൂല്യം”, “സാഹിത്യമൂല്യം” എന്നു വിളിച്ചു കൂവിക്കൊണ്ടു നടക്കുന്ന ഉന്നതന്മാർ പറയുന്നതു പോലെയുള്ള ഒരു പ്രസക്തിയല്ല. ആ പ്രസക്തി വളരെ വ്യത്യസ്തമാണ്. ശരിക്കു ചിന്തിക്കുന്നവർക്കു മാത്രമേ വ്യത്യാസം പിടി കിട്ടുകയുള്ളൂ. അതു മനസ്സിലാക്കാൻ വേണ്ടി നമുക്കു ജനാധിപത്യപ്രക്രിയയിൽ വോട്ടർമാരുടെ പ്രബുദ്ധതയ്ക്കുള്ള പ്രസക്തിയെപ്പറ്റി അല്പം ചിന്തിക്കാം.
രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ ഒരു പ്രക്രിയയാണു തെരഞ്ഞെടുപ്പ്. അതിനാൽ നല്ല പ്രബുദ്ധതയുള്ള പൗരന്മാർ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എങ്ങനെയാണ് അതു സാധിക്കുന്നത്? അതിനു ചില ഏർപ്പാടുകളൊക്കെയുണ്ട്.
- വോട്ടർക്കു 18 വയസ്സു തികഞ്ഞിരിക്കണം. അല്ലാത്തവർക്കു രാജ്യകാര്യങ്ങളെപ്പറ്റി അഭിപ്രായം പറയാൻ വേണ്ടത്ര പ്രബുദ്ധത ഉണ്ടായിരിക്കുകയില്ല എന്നാണു സങ്കൽപം.
- വോട്ടർ മനുഷ്യനായിരിക്കണം. ആന, കുതിര, കാള മുതലായ മൃഗങ്ങളും മനുഷ്യരെപ്പോലെ ഈ രാജ്യത്തു ജീവിക്കുന്നവരാണ്. നീതിയും സദ്ഭരണവും ഒക്കെ കിട്ടാൻ അവയ്ക്കും അവകാശമുണ്ട്. പക്ഷേ അവയ്ക്കു വോട്ടവകാശമില്ല. എന്തുകൊണ്ട്? അവയ്ക്കു വേണ്ടത്ര പ്രബുദ്ധതയില്ല.
- വോട്ടർക്കു സ്വബോധം ഉണ്ടായിരിക്കണം. ഭ്രാന്താശുപത്രിയിൽ കിടക്കുന്നവർക്കു വോട്ടവകാശമില്ല.
- കൊലപാതകം പോലെയുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്തു ജയിലിൽ കിടക്കുന്നവക്കും വോട്ടവകാശമില്ല. പ്രബുദ്ധത ഇല്ലാത്തതു കൊണ്ടാണല്ലോ അവർ ജയിലിൽ ആയത്.
ഇങ്ങനെ ഒരു അരിച്ചുമാറ്റൽ പ്രക്രിയയിലൂടെ പ്രബുദ്ധത കുറഞ്ഞവരെയെല്ലാം ഒഴിവാക്കി ബാക്കിയുള്ള എല്ലാവരെയും വോട്ടു ചെയ്യാൻ അനുവദിക്കും. അവരുടെ എല്ലാവരുടെയും വോട്ടിന് ഒരേ മൂല്യം കൽപ്പിച്ചാണു വോട്ടെണ്ണുന്നത്. വോട്ടർമാരുടെ പ്രബുദ്ധത അളന്നു മാർക്കിടാൻ നിയമമില്ല. ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടുന്ന ആൾ ജയിക്കും.
M A Ph D ബിരുദമുള്ള വിദ്യാസമ്പന്നന്റെ വോട്ടിനും പള്ളിക്കൂടത്തിൻ്റെ തിണ്ണ പോലും കണ്ടിട്ടില്ലാത്ത നിരക്ഷരകുക്ഷിയുടെ വോട്ടിനും ഒരേ മൂല്യമാണ്. “ഞാൻ വിദ്യാസമ്പന്നനാണ്. അതുകൊണ്ട് എന്റെ വോട്ടിനു ഈ നിരക്ഷരകുക്ഷിയുടെ വോട്ടിനേക്കാൾ കൂടുതൽ മൂല്യം കൽപിച്ചു വോട്ടെണ്ണണം” എന്ന് എത്ര വലിയവൻ പറഞ്ഞാലും വിവരമുള്ള ഒരു അധികാരിയും അത് അംഗീകരിക്കുകയില്ല. പുരോഗമനത്തിന്റെ പേരിലായാലും അത് അംഗീകരിച്ചാൽ പല കൊള്ളരുതായ്മകൾക്കും അതു വഴി വയ്ക്കും. ജനാധിപത്യം തകർന്നടിയും.
മിനിമം ക്വാളിറ്റി ഉറപ്പു വരുത്തിയിട്ടു ക്വാണ്ടിറ്റി എണ്ണി തിട്ടപ്പെടുത്തുന്ന രീതിയാണു നാം ഇവിടെ കണ്ടത്. ഇതു ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതും നൂറു കണക്കിനു മത്സരങ്ങൾക്കു ബാധകവും ആണ്. ഇതേ രീതി തന്നെയാണ് അക്ഷരശ്ലോകമത്സരത്തിനും നമ്മുടെ പൂർവ്വികന്മാർ വിധിച്ചത്. അത് എങ്ങനെയാണെന്നു നോക്കാം.
അക്ഷരശ്ലോകം ഒരു സാഹിത്യവിനോദമാണ്. അതിനാൽ അതിൽ ചൊല്ലുന്ന ശ്ലോകങ്ങൾക്കു സാഹിത്യപരമായ ഒരു മിനിമം നിലവാരം കൂടിയേ തീരൂ. അത് എങ്ങനെ ഉറപ്പാക്കും? അതിന് അവർ ബുദ്ധിപൂർവ്വം ചിന്തിച്ചു ചില നിബന്ധനകൾ വച്ചു.
1 . ശ്ലോകത്തിനു ദൃഢബദ്ധമായ ഒരു വൃത്തം ഉണ്ടായിരിക്കണം. വർണ്ണവൃത്തം ആയാലും മാത്രാവൃത്തം ആയാലും നല്ല കെട്ടുറപ്പു വേണം. എളുപ്പത്തിൽ പൊട്ടക്കവിത തീർത്തു ചൊല്ലാൻ പറ്റാത്ത വൃത്തം വേണം എന്നു സാരം. ശംഭുനടനം മുതൽ ആര്യ വരെ നാല്പതോളം വൃത്തങ്ങൾ പ്രചാരത്തിലുണ്ട്.
2. ശ്ലോകത്തിന് ഒരു ആശയം ഉണ്ടായിരിക്കണം. നിരർത്ഥകപദങ്ങൾ നിരത്തി വച്ചു വൃത്തം ഒപ്പിച്ചു ചൊല്ലിയാൽ സ്വീകാര്യം ആവുകയില്ല. വ്യാകരണത്തെറ്റു ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങളൊന്നും ഇല്ലാതെ വ്യക്തമായ ഒരു ആശയം പ്രകടിപ്പിക്കുന്നതാകണം ശ്ലോകം.
3. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കണം എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇവ ശ്ലഥവൃത്തങ്ങൾ ആയതുകൊണ്ടാണ് ഒഴിവാക്കുന്നത്. അല്ലാതെ സാഹിത്യമൂല്യം വഹിക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല.
ഇത്രയും കാര്യങ്ങൾ ഒത്താൽ സാഹിത്യപരമായ മിനിമം നിലവാരം ഉറപ്പാകും. സാഹിത്യമൂല്യം അളന്നു മാർക്കിടേണ്ട ആവശ്യമില്ല. ഓരോ റൗണ്ടിലും മിനിമം നിലവാരമുള്ള ഒരു ശ്ലോകം ചൊല്ലണം എന്ന കാര്യം നിർബന്ധമാണ്. ചൊല്ലാതിരുന്നാൽ പരാജയപ്പെടും. പരാജയം ഒഴിവാക്കാൻ മിനിമം ക്വാളിറ്റി ഉള്ള ഒരു ശ്ലോകം തട്ടിക്കൂട്ടി ചൊല്ലിയാലും മതി. അതിനു കാളിദാസൻ്റെ ശ്ലോകങ്ങളോടു കിടപിടിക്കുന്ന സാഹിത്യമൂല്യമൊന്നും വേണമെന്നില്ല. ഇങ്ങനെ മിനിമം ക്വാളിറ്റി ഉറപ്പാക്കിയിട്ടു ക്വാണ്ടിറ്റി മാത്രം പരിഗണിക്കുക എന്നതാണു പൂർവ്വികന്മാർ വിധിച്ച രീതി.
സാഹിത്യവിശാരദനായ ഒരു അക്ഷരശ്ലോകക്കാരൻ “ഞാൻ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങളാണു ചൊല്ലുന്നത്. അതുകൊണ്ട് എനിക്കു കൂടുതൽ പരിഗണന കിട്ടണം” എന്നു ശഠിച്ചാൽ അത് അംഗീകരിക്കാൻ പാടില്ല. പക്ഷേ ഇക്കാലത്തെ അക്ഷരശ്ലോകസർവ്വജ്ഞന്മാർ എന്ന് അഭിമാനിക്കുന്ന ഉന്നതന്മാർ അത്തരം ദുശ്ശാഠ്യങ്ങൾ സസന്തോഷം അംഗീകരിച്ചുകൊടുക്കും. അതു വമ്പച്ച പുരോഗമനം ആണെന്നാണ് അവരുടെ വിശ്വാസം. അതാണു സർവ്വജ്ഞന്മാരുടെ അജ്ഞത.