അക്ഷരശ്ലോകത്തിൽ പണ്ടൊന്നും മാർക്കിടൽ ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണു നിങ്ങൾ ഇപ്പോൾ പുതുതായി ഒരു മാർക്കിടൽ ഏർപ്പെടുത്തിയത് എന്ന് നമ്മുടെ സർവ്വജ്ഞന്മാരായ മേലാളന്മാരോടു ചോദിച്ചാൽ ഇങ്ങനെ ഒരു മറുപടി കിട്ടും. ” അക്ഷരശ്ലോകത്തിൽ നാൽക്കാലി ശ്ലോകങ്ങൾ ചൊല്ലി ജയിക്കാൻ അവസരമുണ്ട്. അതു തടയാൻ വേണ്ടിയാണു ഞങ്ങൾ മാർക്കിടുന്നത്. മാർക്കിടുമ്പോൾ സാഹിത്യമൂല്യമാണു പ്രധാനമായി അളക്കപ്പെടുന്നത്. കൂട്ടത്തിൽ അവതരണഭംഗിയും അളക്കപ്പെടും.” ഇതു കേൾക്കുമ്പോൾ ചോദ്യകർത്താക്കൾക്കു പരിപൂർണ്ണതൃപ്തിയാകും. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങൾ ചൊല്ലുന്നവർ ജയിക്കുമെന്ന് ഉറപ്പാക്കുന്നതു നല്ല കാര്യമല്ലേ? ഏതു നാൽക്കാലി ശ്ലോകം ചൊല്ലിയാലും ജയിക്കാം എന്ന അവസ്ഥ മാറ്റേണ്ടതല്ലേ? ഭംഗിയായി അവതരിപ്പിക്കുന്നവരുടെ വിജയസാദ്ധ്യത കൂട്ടുന്നതിൽ എന്താണ് തെറ്റ്? ഇങ്ങനെയാണ് അവരുടെ ചിന്ത പോകുക. മാർക്കിടലിൻ്റെ തിക്തഫലങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരും ഇങ്ങനെയേ ചിന്തിക്കൂ. അവർ പരിഷ്കാരികളെ വാനോളം പുകഴ്ത്തുകയും പരിഷ്കാരത്തിനു നിരുപാധികമായ പിൻതുണ നൽകുകയും ചെയ്യും. മാർക്കിടൽ പ്രസ്ഥാനത്തെ ആരെങ്കിലും വിമർശിച്ചാൽ വിമർശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ മേലാളന്മാരുടെ ഒപ്പം കൂടാനും ഇക്കൂട്ടർ ഒട്ടും മടിക്കുകയില്ല. കഥയറിയാതെ ആട്ടം കാണുന്ന ഇത്തരക്കാരുടെ പിന്തുണയാണു മാർക്കിടൽ എന്ന കോപ്രായത്തെ താങ്ങി നിറുത്തുന്നത്.
യഥാർത്ഥത്തിൽ ഈ മാർക്കിടൽ പുരോഗമനമേ അല്ല. തികഞ്ഞ അധഃപതനം തന്നെയാണ്. പ്രത്യക്ഷത്തിൽ തനിത്തങ്കം പോലെ തോന്നുമെങ്കിലും ശരിക്ക് ഇതു വെറും കാക്കപ്പൊന്നാണ്. ആട്ടിൻതോലിട്ട ചെന്നായയെപ്പോലെയും അമ്പാടിയിൽ ചെന്ന പൂതനയെപ്പോലെയും അമൃത് എന്ന ലേബൽ ഒട്ടിച്ച വിഷക്കുപ്പി പോലെയും അപകടകരവും വിനാശകാരിയും ആണ്. മിന്നുന്നതെല്ലാം പൊന്നല്ല. ഉരച്ചു നോക്കിയാലേ ശരിയായ മാറ്റ് അറിയാൻ പറ്റൂ. പുറമോടി കണ്ടു മയങ്ങുന്നവർ വഞ്ചിക്കപ്പെടും.