മുൻപറഞ്ഞ മേലാളന്മാർ അക്ഷരശ്ലോകമത്സരരീതി സമൂലം പരിഷ്കരിച്ചു. അതു വരെ ഈ രംഗത്തു കേട്ടുകേൾവി പോലും ഇല്ലാതിരുന്ന മാർക്കിടൽ , എലിമിനേഷൻ എന്നിങ്ങനെ രണ്ടു പരിഷ്‌കാരങ്ങൾ അവർ ഏർപ്പെടുത്തി. സാഹിത്യമൂല്യവും അവതരണഭംഗിയും മറ്റും അളന്നു മാർക്കിടുമത്രേ. മാർക്കു കുറഞ്ഞവരെ ആദ്യത്തെ നാലഞ്ചു റൗണ്ടുകൾ കഴിയുമ്പോൾ തന്നെ എലിമിനേറ്റു ചെയ്യും. ബാക്കിയുള്ള ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്കുള്ള ആളിനെ വിജയിയായി പ്രഖ്യാപിക്കും. അക്ഷരശ്ലോകരംഗത്തു വമ്പിച്ച പുരോഗമനം ഏർപ്പെടുത്തി എന്ന് അവർ അവകാശപ്പെട്ടു.
അവരുടെ പുരോഗമനപരമായ ഒരു അക്ഷരശ്ലോകമത്സരം. ധാരാളം വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നുണ്ട്. കൂട്ടത്തിൽ പതിനെട്ടു വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ട്. പെൺകുട്ടിക്കു നല്ല സ്വരമാധുര്യവും ആകർഷകമായ ആലാപനശൈലിയും ഒക്കെ ഉണ്ട്. പക്ഷെ വളരെ കുറച്ചു ശ്ലോകങ്ങളേ പഠിച്ചിട്ടുള്ളൂ. മത്സരം ഗംഭീരമായി മുന്നേറുന്നു. നമ്മുടെ പെൺകുട്ടിക്ക് ഒരു പ്രാവശ്യം കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാൻ കഴിഞ്ഞില്ല. ജഡ്ജിമാർ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ആ കുട്ടിയെ പുറത്താക്കുമെന്നു കാണികളിലും മത്സരാർത്ഥികളിലും ചിലരെങ്കിലും പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല.കുറേ നേരം കഴിഞ്ഞു മറ്റൊരക്ഷരത്തിലും ആ കുട്ടിക്കു ശ്ലോകം ചൊല്ലാൻ കഴിഞ്ഞില്ല. അപ്പോഴും ജഡ്ജിമാർ ഒന്നും പറഞ്ഞില്ല. കാണികൾ വിചാരിച്ചതു തുടക്കക്കാരിയായ പെൺകുട്ടിയെ നിരാശപ്പെടുത്തണ്ട എന്നു കരുതി ജഡ്ജിമാർ അല്പം വിശാലമനസ്കത കാണിച്ചതായിരിക്കും എന്നാണ്. പക്ഷേ അവസാനം മത്സരഫലം വന്നപ്പോൾ അവർ ഞെട്ടിപ്പോയി. ഒന്നാം സമ്മാനം ആ പെൺകുട്ടിക്കാണ്!
ചിലർ ജഡ്ജിമാരോടു വിശദീകരണം ചോദിച്ചു. ഉടൻ വന്നു നല്ല മണി പോലെയുള്ള ഉത്തരം. “ഞങ്ങൾ ക്വാണ്ടിറ്റിയല്ല, ക്വാളിറ്റിയാണു നോക്കുന്നത്. അതാണ് ഞങ്ങൾ വരുത്തിയ പുരോഗമനം. ഞങ്ങൾ സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം മുതലായ ഗുണങ്ങൾ അളന്നു മാർക്കിട്ടു. അപ്പോൾ ആ കുട്ടിക്കാണ് ഏറ്റവും കൂടുതൽ മാർക്കു കിട്ടിയത്. മറ്റുള്ളവർ ഇരുപതു റൗണ്ടു ചൊല്ലി നേടിയ മാർക്കിനെക്കാൾ കൂടുതൽ ആ കുട്ടി പതിനെട്ടു റൗണ്ടു ചൊല്ലി നേടി. അപ്പോൾ ആ കുട്ടിക്കല്ലേ ഒന്നാം സമ്മാനം കൊടുക്കേണ്ടത്?”
അച്ചു മൂളിയിട്ടും പുറത്താക്കാതിരുന്നതെന്ത്? എന്ന ചോ ദ്യത്തിനും ഉടൻ കിട്ടി ഗംഭീരമായ ഒരു ഉത്തരം. “നല്ല സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങൾ തെരഞ്ഞെടുത്തു ഭംഗിയായി ചൊല്ലുന്നവർക്ക് ഇടയ്ക്ക് ഒന്നോ രണ്ടോ റൗണ്ടിൽ ശ്ലോകം കിട്ടാതിരുന്നാലും അത് കാര്യമാക്കേണ്ടതില്ല എന്നാണു ഞങ്ങളുടെ പുരോഗമനപരമായ തീരുമാനം.”
ചോദ്യങ്ങൾ ചോദിച്ചവർ മൂക്കത്തു വിരൽ വച്ചു കൊണ്ടു പറഞ്ഞുപോയി. ” ഹോ! എന്തൊരു പുരോഗമനം!”