ദൈവം ഈ ഭൂമിയും അതിലെ എല്ലാ ഐശ്വര്യങ്ങളും സൃഷ്‌ടിച്ച ശേഷം മനുഷ്യരെയും സൃഷ്ടിച്ചു. ഈ ഐശ്വര്യങ്ങളെല്ലാം അനുഭവിക്കാൻ തുല്യ അവകാശവും അവർക്കു കൊടുത്തു. എന്നാൽ പിന്നീടു ചില മനുഷ്യർ ചാതുർവർണ്യം മയാ സൃഷ്ടം എന്നൊരു ദൈവവാക്യം ഉണ്ടെന്നു പറയുകയും അതനുസരിച്ചു തങ്ങൾ മേലാളരും മറ്റുള്ളവർ കീഴാളരും ആണെന്നു പ്രഖ്യാപിക്കുകയും ഭൂമിയിലെ എല്ലാ ഐശ്വര്യങ്ങളും കയ്യടക്കുകയും ചെയ്തു. മറ്റുള്ളവരെ അധഃകൃതവർഗ്ഗക്കാരാക്കി അവർ ഒരു തീണ്ടൽപ്പാട് അകലെ നിർത്തി.
ഇതുപോലെ ഒരു കയ്യടക്കൽ അക്ഷരശ്ലോകരംഗത്തും ഉണ്ടായി. നമ്മുടെ പൂർവ്വികന്മാർ അക്ഷരശ്ലോകം ഉണ്ടാക്കിയതു സമത്വസുന്ദരമായ ഒരു സാഹിത്യവിനോദം എന്ന നിലയിൽ ആയിരുന്നു. ശ്ലോകങ്ങൾ തെറ്റു കൂടാതെ ചൊല്ലാൻ കഴിവുള്ള എല്ലാവർക്കും അക്ഷരശ്ലോകം ചൊല്ലാം, മത്സരിക്കാം, ജയിക്കാം. അതിനൊന്നും യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത കാലത്ത് ഏതാനും ഉന്നതന്മാർ ഈ രംഗത്തു ചാടി വീണു “ഞങ്ങൾ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആണ്. അതുകൊണ്ടു ഞങ്ങൾക്കു മാത്രമേ അക്ഷരശ്ലോകം ചൊല്ലാൻ അവകാശമുള്ളൂ. നിങ്ങൾ ഞങ്ങളോടൊപ്പം മത്സരിക്കാൻ വന്നാൽ ഞങ്ങൾ നിങ്ങളെ എലിമിനേറ്റു ചെയ്യും” എന്നു പ്രഖ്യാപിച്ചു. വേറെയും ചില കാര്യങ്ങൾ അവർ പറഞ്ഞു. “ഞങ്ങൾ സാഹിത്യമൂലമുള്ള ശ്ലോകങ്ങൾതെരഞ്ഞെടുത്തു ചൊല്ലുന്നവരാണ്. കൂടാതെ ഞങ്ങൾ ഷഡ് ഗുണങ്ങളുള്ള ശബ്‌ദവും സംഗീതഗന്ധിയായ ആലാപനശൈലിയും ഉള്ളവരാണ്. ഇതൊക്കെ ഉണ്ടെങ്കിലേ ആസ്വാദ്യമായ രീതിയിൽ ശ്ലോകങ്ങൾ ചൊല്ലിക്കേൾപിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ പറ്റൂ. അക്ഷരശ്ലോകത്തിൻ്റെ പരമമായ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണ്.”
ഇതെല്ലാം കേട്ട സാധാരണക്കാർ അന്ധാളിച്ചുപോയി. അക്ഷരശ്ലോകരംഗത്തെ അധഃകൃതരായി മാറ്റപ്പെട്ട അവർ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു.
a s = അപ്രിയ സത്യം