ഒരു കാലത്ത് അക്ഷരശ്ലോകം സമത്വസുന്ദരവും ജനകീയവും ആയ ഒരു സാഹിത്യവിനോദം ആയിരുന്നു. എല്ലാവർക്കും ഒരുപോലെ വിജയസാദ്ധ്യത ഉണ്ടായിരുന്നു. ശ്ലോകങ്ങൾ തെറ്റുകൂടാതെ ചൊല്ലാൻ കഴിവുള്ള ആർക്കും അല്പം അദ്ധ്വാനിച്ചാൽ അക്ഷരശ്ലോകമത്സരത്തിൽ പങ്കെടുത്തു യുക്തമായ സ്ഥാനമാനങ്ങൾ നേടാൻ കഴിയുമായിരുന്നു. പക്ഷേ 1955 ൽ കൊലകൊമ്പന്മാരായ ഏതാനും ഉന്നതന്മാർ അക്ഷരശ്ലോകസാമ്രാജ്യം ആക്രമിച്ചു കീഴടക്കിയിട്ടു തന്നിഷ്ടപ്രകാരമുള്ള മാർക്കിടൽ, എലിമിനേഷൻ മുതലായ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയതോടു കൂടി കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. ഇപ്പോൾ ചില പ്രത്യേക മേന്മകൾ ഉള്ളവർക്കു മാത്രമേ അക്ഷരശ്ലോകമത്സരങ്ങളിൽ ജയിക്കാൻ കഴിയൂ. ആർക്കൊക്കെയാണു വിജയസാദ്ധ്യത ഉള്ളതെന്നു നമുക്കു പരിശോധിക്കാം.
- മധുരസ്വരക്കാരും ഗംഭീരശബ്‌ദക്കാരും.
അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണെന്നു മുൻപറഞ്ഞ ഉന്നതന്മാർ പ്രഖ്യാപിച്ചു. ഓരോ മത്സരാർത്ഥിയും ശ്രോതാക്കളെ എത്രത്തോളം ആഹ്ളാദിപ്പിച്ചു എന്നത് അവർ അളന്നു മാർക്കിടാനും തുടങ്ങി. ജന്മസിദ്ധമായ ശബ്ദമേന്മ ഉള്ളവർക്കു മാത്രമേ മാർക്കു കിട്ടൂ എന്ന ദുരവസ്ഥയുണ്ടായി. ശബ്ദസൗകുമാര്യം, ശബ്ദഗാംഭീര്യം, ശബ്ദശക്തി മുതലായ ശബ്ദഗുണങ്ങളിൽ ഒന്നെങ്കിലും ഇല്ലാത്തവർക്ക് അക്ഷരശ്ലോകമത്സരത്തിൽ ജയിക്കാൻ ഒരിക്കലും സാദ്ധ്യമല്ല എന്നായി. അത്തരക്കാരെ ഉന്നതന്മാർ ആദ്യം തന്നെ എലിമിനേറ്റു ചെയ്യുകയാണു പതിവ്.
2. പാട്ടുകാർ
അക്ഷരശ്ലോകത്തിൽ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല എന്നതു സുവിദിതമായ ഒരു സത്യമാണ്. പക്ഷേ ഉന്നതന്മാരുടെ പരിഷ്കരണത്തിനു ശേഷം അതിലും മാറ്റം വന്നു. അക്ഷരശ്ലോകം സംഗീതഗന്ധി ആയാലേ ശ്രോതാക്കൾക്ക് ആസ്വാദ്യമാകൂ എന്ന് ഉന്നതന്മാർ പ്രഖ്യാപിച്ചു. അക്ഷരശ്ലോകം സംഗീതവിമുക്തം ആയിരിക്കണം എന്നു വാദിച്ചവരോട് ഉന്നതന്മാരുടെ എതിർവാദം ഇങ്ങനെ ആയിരുന്നു. “കൂത്തു, കൂടിയാട്ടം മുതലായ എല്ലാ കലകളിലും സംഗീതമുണ്ട്. പിന്നെ അക്ഷരശ്ലോകം മാത്രം എന്തിനു സംഗീതവിമുക്തം ആകണം? ശ്രോതാക്കളെ ആഹ്ളാദിപ്പിക്കണമെങ്കിൽ സംഗീതം കൂടിയേ തീരൂ”. സംഗീതഗന്ധി ആയിരിക്കണം എന്നു ചിലർ അഭിപ്രായപ്പെട്ടപ്പോൾ സംഗീതസമ്പന്നം ആയിരിക്കണം എന്നു സിദ്ധാന്തിക്കാനും ചില ഉന്നതന്മാർ മടിച്ചില്ല. അക്ഷരശ്ലോകത്തിൽ സംഗീതം കടന്നു വന്നതോടു കൂടി പാട്ടുകാരുടെ വിജയസാദ്ധ്യത പതിന്മടങ്ങു വർദ്ധിച്ചു.
3. ശിങ്കിടികൾ
പറയത്തക്ക യോഗ്യതകൾ ഒന്നും ഇല്ലെങ്കിലും ചിലർ ജയിക്കുന്നതു കാണാം. അവരുടെ വിജയരഹസ്യം അന്വേഷിച്ചു ചെല്ലുന്നവർക്ക് ഒരു കാര്യം വ്യക്തമാകും. അവർ ഉന്നതന്മാരുടെ എല്ലാ കോപ്രായങ്ങളെയും നിരുപാധികം പിന്തുണച്ചു ശിങ്കിടി പാടി നിൽക്കുന്നവരാണ്.
4. കണ്ണിലുണ്ണികൾ
ശിങ്കിടി പാടിയില്ലെങ്കിലും ചിലർ പുഷ്പം പോലെ ജയിക്കുന്നതു കാണാം. അവരാണു കണ്ണിലുണ്ണികൾ. ശരീരസൗന്ദര്യം, ചെറുപ്പം, സ്ത്രീത്വം, പ്രശസ്തി, സ്വാധീനശക്തി ഇങ്ങനെ പല ഘടകങ്ങളും ഒരു മത്സരാർത്ഥിയെ കണ്ണിലുണ്ണി ആകാൻ സഹായിക്കും. ഒരു കൂട്ടർക്കു കണ്ണിലുണ്ണി ആയ വ്യക്തി മറ്റൊരു കൂട്ടർക്കു കണ്ണിലുണ്ണി ആകണമെന്നില്ല. അതുകൊണ്ടാണു “ചേരുന്ന ജഡ്‌ജികളിരിക്കുകിൽ മാർക്കു വീഴും” എന്ന ചൊല്ലുണ്ടായത്. സ്ത്രീകളും പെൺകുട്ടികളും എളുപ്പത്തിൽ കണ്ണിലുണ്ണികളായി മാറും. മാർക്കിടൽ ഉള്ള മത്സരങ്ങളിലെ വിജയികളുടെ പട്ടിക പരിശോധിച്ചാൽ അതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളോ പെൺകുട്ടികളോ ആണെന്നു കാണാം.
മേൽപ്പറഞ്ഞ കൂട്ടത്തിലൊന്നും പെടാത്ത നിർഭാഗ്യവാന്മാരായ സാധാരണക്കാരുടെ കാര്യം കട്ടപ്പൊകയാണ്. അവർ എത്ര അദ്ധ്വാനിച്ചാലും അവർക്കു കിട്ടുന്നത് എലിമിനേഷനോ അവഗണനയോ ആയിരിക്കും. ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞു തിരിയാനാണ് അവരുടെ വിധി.