“അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ ആണ്” എന്ന നൂതനസിദ്ധാന്തവുമായി ചില കൊലകൊമ്പന്മാർ അരങ്ങു തകർക്കുന്ന കാലം. ശ്ലോകങ്ങൾ ഭംഗിയായി ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന അക്ഷരശ്ലോകകലാകാരൻമാർ എന്നു വാനോളം പുകഴ്ത്തി അവർ ചിലരെ ഗോൾഡ് മെഡലിസ്റ്റുകൾ ആക്കിക്കൊണ്ടിരുന്നു. അപ്പോഴാണു ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ നാരായണീയം കാസ്സറ്റിലാക്കി പ്രചരിപ്പിക്കാൻ തീരുമാനിച്ചത്. നാരായണീയം മുഴുവനും അക്ഷരശ്ലോകക്കാർക്കു പ്രിയങ്കരങ്ങളായ ശ്ലോകങ്ങളാണ്. വർജ്ജ്യമായ ഒരു ശ്ലോകം പോലും നാരായണീയത്തിൽ ഇല്ല. അപ്പോൾ സ്വാഭാവികമായി ഒരു അക്ഷരശ്ലോക ഗോൾഡ് മെഡലിസ്റ്റിനെ ദേവസ്വം ക്ഷണിക്കേണ്ടതായിരുന്നു. അക്ഷരശ്ലോകചക്രവർത്തി എന്ന് അറിയപ്പെട്ടിരുന്ന എൻ.ഡി. കൃഷ്ണനുണ്ണി ഗുരുവായൂരിന് അടുത്തു തന്നെ താമസമുണ്ടായിരുന്നു. ശ്ലോകങ്ങൾ നല്ല ലയത്തോടെ ചൊല്ലുന്ന വിദഗ്ദ്ധൻ എന്നു പേരെടുത്ത അദ്ദേഹത്തിനു മറ്റു പല യോഗ്യതകളും കൂടി ഉണ്ടായിരുന്നു. സംസ്കൃതം അരച്ചു കലക്കി കുടിച്ച മഹാപണ്ഡിതൻ ആയിരുന്നു. ഭക്തിയും വിഭക്തിയും ഒത്തിണങ്ങിയ കവി എന്ന ഖ്യാതി നേടിയിരുന്നു. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി നാരായണീയം വ്യാഖ്യാനിച്ച നാലു പണ്ഡിതന്മാരിൽ ഒരാൾ എന്ന വിശേഷയോഗ്യതയും ഉണ്ടായിരുന്നു.
ഇത്രയൊക്കെ കേമത്തമുള്ള അദ്ദേഹത്തെ വിളിക്കാതെ ദേവസ്വം വെറുമൊരു സിനിമാപ്പാട്ടുകാരിയും പറയത്തക്ക സംസ്കൃതപാണ്ഡിത്യം ഒന്നും ഇല്ലാത്തവളും ആയ പി. ലീലയെ ആണു വിളിച്ചത് .
എന്തുകൊണ്ടു കൃഷ്ണനുണ്ണിയെ വിളിക്കാതെ പി. ലീലയെ വിളിച്ചു? അതാണ് അക്ഷരശ്ലോക ഗോൾഡ് മെഡലിസ്റ്റുകളും അവരെ സൃഷ്ടിച്ചു വിടുന്ന “അക്ഷരശ്ലോക”സർവ്വജ്ഞന്മാരും മനസ്സിരുത്തി ചിന്തിക്കേണ്ട കാര്യം. ശ്ലോകങ്ങൾ ഭംഗിയായി ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കേണ്ട പ്രശ്നം വരുമ്പോൾ അക്ഷരശ്ലോകക്കാർക്കു സിനിമാപ്പാട്ടുകാരുടെ ഏഴയലത്തു പോലും വരാൻ കഴിയുകയില്ല. അക്ഷരശ്ലോകക്കാർ ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയാൽ സിനിമാപ്പാട്ടുകാരോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെടുക തന്നെ ചെയ്യും. എൻ.ഡി.കൃഷ്ണനുണ്ണി പി. ലീലയുടെ ഏഴയലത്തു വരികയില്ല. കെ.പി.സി. അനുജൻ ഭട്ടതിരിപ്പാട് കമുകറ പുരുഷോത്തമൻ്റെ മുമ്പിൽ മുട്ടു കുത്തും. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?
ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്ന കാര്യം വരുമ്പോൾ ഏതു ഗോൾഡ് മെഡലിസ്റ്റിനെയും തറ പറ്റിക്കാൻ ഒരു മൂന്നാംകിട സിനിമാപ്പാട്ടുകാരൻ മതി. യേശുദാസൊന്നും വേണ്ട.
ആന പിണ്ടമിടുന്നതു കണ്ടു മുയലു മുക്കുന്നതു പോലെയാണു സിനിമാപ്പാട്ടുകാർ ശ്ലോകം ചൊല്ലിക്കേൾപ്പിച്ചു ശ്രോതാക്കളെ ആഹ്ളാദിപ്പിക്കുന്നതു കണ്ട് അക്ഷരശ്ലോകക്കാർ ആ പണിക്കു ചാടി ഇറങ്ങുന്നത്.
.”അക്ഷരശ്ലോകത്തിൻ്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കലാണ്” എന്ന സിദ്ധാന്തം തന്നെ ഒരു ഹിമാലയൻ മണ്ടത്തരം ആണ്. അക്ഷരശ്ലോകം ശ്രോതാക്കളെ ആഹ്ളാദിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ച ഒരു കലയല്ല. കൂടുതൽ ശ്ലോകങ്ങൾ മനഃപാഠമായി അറിയാവുന്നവർക്കു ജയിക്കാൻ പാകത്തിൽ സംവിധാനം ചെയ്തതും ചതുരംഗത്തിനു സമാനവും ആയ ഒരു ബുദ്ധിപരമായ വിനോദമാണ്. അതു മനസ്സിലാക്കാതെ “ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ, ശ്രോതാക്കളെ ആഹ്ളാദിപ്പിക്കൽ” എന്നു പറഞ്ഞ് എടുത്തുചാടി ഓരോ കോപ്രായങ്ങൾ കാട്ടുന്ന കൊലകൊമ്പന്മാരും അവരുടെ ശിങ്കിടികളും പരിഹാസ്യരാവുകയേ ഉള്ളൂ. ശ്രോതാക്കൾ അവരെ പുച്ഛിച്ചു തള്ളിക്കളയും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അക്ഷരശ്ലോകക്കാർ നിൽക്കേണ്ടിടത്തു നിന്നാൽ ചതുരംഗം കളിക്കാർക്കു കിട്ടുന്നതു പോലെ ഒരു മാന്യത അവർക്കു തീർച്ചയായും കിട്ടും. അതിനു പകരം തല മറന്ന് എണ്ണ തേയ്ക്കാൻ തുടങ്ങിയാൽ ഉമ്മറപ്പടിയിൽ ഇരുന്നതു കിട്ടിയുമില്ല കക്ഷത്തിരുന്നതു പോവുകയും ചെയ്തു എന്ന അവസ്ഥയാകും.
കാക്ക കുളിച്ചാൽ കൊക്കാവുകയില്ല. അതുപോലെ അക്ഷരശ്ലോകക്കാരൻ ശ്രോതാക്കളെ എത്ര ആഹ്ളാദിപ്പിക്കാൻ ശ്രമിച്ചാലും ജനപ്രിയകലാകാരൻ ആവുകയില്ല.
പാട്ടുകാരെ അനുകരിച്ച് അക്ഷരശ്ലോകത്തിൽ മാർക്കിടലും എലിമിനേഷനും ഏർപ്പെടുത്തിയ “സർവ്വജ്ഞ”ന്മാരോടു നമുക്കു സഹതപിക്കാം. അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല.