ചില മുത്തശ്ശിക്കഥകളില്‍ ആട്ടിന്തോല് പുതച്ചുകൊണ്ടു നടക്കുന്ന ചെന്നായ്ക്കളെപ്പറ്റി പരാമര്‍ശം ഉണ്ട്. എന്തിനാണ് അവ അങ്ങനെയൊരു മൂടുപടം അണിഞ്ഞുകൊണ്ടു നടക്കുന്നത്? ചെന്നായ്ക്കള്‍ ചെന്നായ്ക്കളായിത്തന്നെ നടന്നാല്‍ മുയലിനെപ്പോലെയുള്ള മറ്റു മൃഗങ്ങള്‍ ഓടിയൊളിക്കും. ആട്ടിന്തോല് പുതച്ചുകൊണ്ടു നടന്നാല്‍ ആടാണെന്നു കരുതി സാധു മൃഗങ്ങള്‍ ഓടാതെ നില്ക്കും. അപ്പോള്‍ അവയെ നിഷ്പ്രയാസം പിടിച്ചു തിന്നാം. ഇവിടെ മൂടുപടം ധരിക്കുന്ന സൂത്രശാലികള്‍ക്കു വമ്പിച്ച ലാഭവും മൂടുപടത്തിന്റെ പിന്നിലെ യഥാര്‍ത്ഥ്യം തിരിച്ചറിയാത്ത സാധുമൃഗങ്ങള്ക്കു ഭീമമായ നഷ്ടവും ആണു സംഭവിക്കുന്നത്.
മൂടുപടം ധരിക്കല്‍ എന്ന ഈ പ്രക്രിയ മനുഷ്യസമൂഹത്തിലും വ്യാപകമായി കാണപ്പെടുന്നുണ്ട്. കൈക്കൂലിയുടെയും അഴിമതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായ ചില രാഷ്ട്രീയക്കാര്‍ തൂവെള്ള ഖദര്‍ വസ്ത്രം ധരിച്ചുകൊണ്ടു നടക്കും. അപ്പോള്‍ അവര്‍ സത്യസന്ധന്മാരായ ഗാന്ധിയന്മാരാണെന്നു പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കും. ഈ തെറ്റിദ്ധാരണയുടെ മറവില്‍ ആ സൂത്രശാലികള്‍ക്കു തങ്ങളുടെ കുത്സിതപ്രവൃത്തികള്‍ നിര്‍ബാധം തുടരാന്‍ കഴിയും. സമൂഹത്തിന്റെ ചോരയും നീരും ഊറ്റിക്കുടിച്ച് അവര്‍ തടിച്ചു കൊഴുക്കും. ഇവിടെയും മൂടുപടം ധരിച്ചവര്‍ക്കു ഗണ്യമായ ലാഭവും മൂടുപടത്തിന്റെ പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാത്ത സാധു ജനങ്ങള്‍ക്കു ഭീമമായ നഷ്ടവും ആണു സംഭവിക്കുന്നത്.
അക്ഷരശ്ലോകരംഗത്തും മൂടുപടപ്രയോഗം എന്ന ഈ സൂത്രവിദ്യ അടുത്ത കാലത്തു ചില ഉന്നതന്മാര് പയറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ശ്ലോകപ്പാട്ടുമത്സരങ്ങള്‍ സംഘടിപ്പിക്കുക. എന്നിട്ട് അവയെ അക്ഷരനിബന്ധന എന്ന മൂടുപടം ധരിപ്പിക്കുക. ഇതാണ് അവരുടെ പ്രവര്‍ത്തനശൈലി. അക്ഷരനിബന്ധന എന്ന മൂടുപടം ഉള്ളതുകൊണ്ട് അവര്‍ നടത്തുന്നത് അക്ഷരശ്ലോകമത്സരങ്ങള്‍ ആണെന്നു സാധുക്കളായ മത്സരാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ അക്ഷരശ്ലോകമത്സരങ്ങളേ അല്ല. വെറും ശ്ലോകപ്പാട്ടുമത്സരങ്ങള്‍ മാത്രമാണ്. അവയില്‍ തുരുതുരെ അച്ചുമൂളിയവര്‍ക്കു പോലും നിഷ്പ്രയാസം ജയിക്കാം. എന്തുകൊണ്ടെന്നാല്‍ സ്വരമാധുര്യവും പാട്ടും കൊണ്ടു നേടിയ മാര്‍ക്കു മാത്രമാണു വിജയത്തിന് ആധാരം. സാഹിത്യമൂല്യം, വൃത്താനുവൃത്തം മുതലായ ചില ചപ്പടാച്ചികളും ഉന്നതന്മാര് തട്ടി മൂളിക്കാറുണ്ട്. എങ്കിലും അവയും വെറും മൂടുപടങ്ങള്‍ മാത്രമാണ്. അവ മത്സരഫലത്തെ കാര്യമായി സ്വാധീനിക്കുന്നില്ല. വിജയത്തിന്റെ മുഖ്യമായ ആധാരം എപ്പോഴും സ്വരമാധുര്യവും പാട്ടും മാത്രമായിരിക്കും. ഇങ്ങനെ അക്ഷരനിബന്ധന പോലെയുള്ള മൂടുപടങ്ങള്‍ അണിയിച്ച ശ്ലോകപ്പാട്ടുമത്സരങ്ങളെ യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരങ്ങള്‍ എന്നു സാധുക്കള്‍ തെറ്റിദ്ധരിക്കുന്നു.
മേല്‍പ്പറഞ്ഞ തെറ്റിദ്ധാരണയെ മുതലെടുത്ത് ഉന്നതന്മാര് മധുരസ്വരക്കാരും പാട്ടുകാരും ആയ ശിങ്കിടികളെ ജയിപ്പിച്ച് “അക്ഷരശ്ലോക”വിദഗ്ദ്ധന്മാരായി പ്രഖ്യാപിക്കുകയും സ്വര്‍ണ്ണമെഡലുകളും മറ്റും വാരിക്കോരി കൊടുക്കുകയും ചെയ്യുന്നു. മൂടുപടത്തിന്റെ പിന്നിലെ സത്യാവസ്ഥ തിരിച്ചറിയാത്ത സാധുക്കളായ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണ് എന്ന നഗ്നസത്യം തിരിച്ചറിയുന്നില്ല. ജയിച്ചവരൊക്കെ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാർ ആണെന്നു വിശ്വസിച്ച് അവര്‍ എറാന്‍ മൂളി ഓച്ഛാനിച്ചു നില്ക്കുന്നു. തങ്ങള്‍ക്കു ന്യായമായി അവകാശപ്പെട്ട സ്വര്‍ണ്ണവും പണവും ആണ് ഈ മൂടുപടപ്രയോഗക്കാര് കവര്‍ന്നെടുത്തു ശിങ്കിടികള്‍ക്കും കണ്ണിലുണ്ണികള്‍ക്കും കൊടുക്കുന്നത് എന്ന് അവര്‍ അറിയുന്നില്ല.
ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാത്ത മുയലുകള്‍ ചെന്നായ്ക്കളുടെ ആഹാരമായി തീര്‍ന്നാല്‍ അതില്‍ എന്തത്ഭുതം?