ലോകത്തില്‍ ഏറ്റവും അധികം ആസ്വാദകരുള്ള വിനോദം ഫുട്ബാള്‍ ആണ്. പക്ഷേ ഫുട്ബാള്‍ കളിക്കാര്‍ ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ പ്രത്യേകിച്ചു യാതൊന്നും ചെയ്യാറില്ല. ഗോളടിച്ചു ജയിക്കാന്‍ മാത്രമേ അവര്‍ ശ്രമിക്കുകയുള്ളൂ. കളിക്കാര്‍ കാണികളെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളന്നു മാര്‍ക്കിട്ടു വിജയികളെ നിര്‍ണ്ണയിക്കുന്ന ഏര്‍പ്പാട് അവര്‍ക്കില്ല.
ഇനി നമുക്കു ലോകത്തില്‍ ഏറ്റവും കുറച്ച് ആസ്വാദകരുള്ള വിനോദത്തിന്റെ കാര്യം പരിശോധിക്കാം. ആ വിനോദം അക്ഷരശ്ലോകം ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത കാലത്തു ചില അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരുടെ ആസ്വാദകപ്രേമം പെട്ടെന്നു ക്രമാതീതമായി വര്‍ദ്ധിച്ചു. അവര്‍ ഓരോ മത്സരാര്‍ത്ഥിയും ആസ്വാദകരെ എത്രത്തോളം ആഹ്ലാദിപ്പിച്ചു എന്നത് അളന്നു മാര്‍ക്കിടുകയും മാര്‍ക്കു നോക്കി വിജയിയെ കണ്ടെത്തുകയും ചെയ്യുന്ന ഒരു പുതിയ പരിഷ്കാരവും ഏര്‍പ്പെടുത്തി. ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു മാര്‍ക്കു നേടുന്നവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കാം എന്ന് ഒരു പുതിയ നിയമവും പാസ്സാക്കി. ആഹ്ലാദിപ്പിക്കാത്തവരെ എലിമിനേറ്റു ചെയ്യാനും ഏര്‍പ്പാടുണ്ടാക്കി.
ഫുട്ബാള്‍ മത്സരം ആനയാണെങ്കില്‍ അക്ഷരശ്ലോകമത്സരം കൊതുകാണ്. ആനയ്ക്ക് ഇല്ലാത്ത ആഡംബരം കൊതുകിന് ആവശ്യമുണ്ടോ?