പാടുണ്ടെങ്കിലും ഇല്ലെങ്കിലും ചില ഉന്നതന്മാര്ക്ക് അച്ചുമൂളിയവരെ ജയിപ്പിച്ചേ മതിയാവൂ. എന്തുകൊണ്ടെന്നാല്‍ പ്രതിഭാശാലികള്‍ എന്ന് അവര്‍ വിശേഷിപ്പിക്കുകയും പൊതുജനങ്ങളുടെ മുമ്പില്‍ അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന അവരുടെ ശിങ്കിടികളും കണ്ണിലുണ്ണികളും തുരുതുരെ അച്ചുമൂളുന്നവരാണ്. അവര്‍ പരാജയപ്പെടുന്നത് ഈ ഉന്നതന്മാര്ക്കു സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അക്ഷരശ്ലോകമത്സരം എന്നുപറഞ്ഞുകൊണ്ടു മത്സരം നടത്തിയിട്ട് അച്ചുമൂളിയവരെ ജയിപ്പിക്കുന്നതു പ്രകടമായ ഒരു കൊള്ളരുതായ്മയാണെന്ന് അവര്‍ക്കു നല്ല ബോധമുണ്ട്. എങ്കിലും “പ്രതിഭാശാലി”കളെ ജയിപ്പിക്കാന്‍ അതു കൂടിയേ തീരൂ എന്നു വന്നതു കൊണ്ട് ആ ദുഷ്പ്രവൃത്തിക്ക് ഒരു ന്യായീകരണം കണ്ടുപിടിക്കാന്‍ അവര്‍ തലപുകഞ്ഞ് ആലോചിച്ചു. പക്ഷേ ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഭാഗ്യവശാല്‍ അവര്‍ക്കു മഹാപണ്ഡിതനായ ഒരു ന്യായീകരണവിദഗ്ദ്ധന്റെ സേവനം കിട്ടി. ഏതു ഹീനമായ കൊള്ളരുതായ്മ കാണിച്ചിട്ട് അദ്ദേഹത്തെ അഭയം പ്രപിച്ചാലും അദ്ദേഹം അപ്രതിരോദ്ധ്യമായ ഒരു ന്യായീകരണം തയ്യാറാക്കി കൊടുക്കും. അമ്മയെ തല്ലിയിട്ടു ചെന്നാലും ഉടന്‍ ന്യായീകരണം റെഡി.
അക്ഷരശ്ലോകമത്സരത്തില്‍ അച്ചുമൂളിയവരെ ജയിപ്പിക്കുന്നതിനു ന്യായീകരണം വേണം എന്നു പറഞ്ഞു സമീപിച്ച ഉന്നതന്മാരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. യാതൊരു മടിയും കൂടാതെ ഉടന്‍ ഒരു കിടിലന്‍ ന്യായീകരണം തയ്യാറാക്കി കൊടുത്തു. അത് ഇങ്ങനെയായിരുന്നു.
“അക്ഷരശ്ലോകം ഒരു പൂമാലയാണ്. അക്ഷരനിബന്ധനയാകുന്ന നൂലില്‍ ശ്ലോകങ്ങളാകുന്ന പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ മാല. പൂക്കളാണു മാലയുടെ കാതലായ അംശം. അവയുടെ നിറവും ഭംഗിയും സൗരഭ്യവും ആണു മാലയുടെ മേന്മ നിശ്ചയിക്കുന്നത്. നൂല് ഇക്കാര്യത്തില്‍ കാര്യമായ സംഭാവനയൊന്നും നല്‍കുന്നില്ല. അത് ആസ്വാദകരുടെ ഇന്ദ്രിയങ്ങള്‍ക്കു ഗോചരം ആകുന്നുപോലും ഇല്ല. അതുകൊണ്ട് അതിനെ അവഗണിക്കാം.
മാലയുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ പൂക്കളുടെ ഗുണനിലവാരം മാത്രം കണക്കിലെടുത്താല്‍ മതി. അക്ഷരശ്ലോകത്തിന്റെ മേന്മ അളക്കാന്‍ ശ്ലോകങ്ങളുടെ സെലക്ഷന് പ്രസന്റേഷന് മുതലായവ മാത്രം പരിഗണിച്ചാല്‍ മതി. അക്ഷരനിബന്ധന എത്രത്തോളം പാലിച്ചു എന്നതു പരിഗണിക്കേണ്ടതില്ല. അതിനാല്‍ അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചുമൂളിയവരെ ജയിപ്പിക്കാം”
ഉന്നതന്മാര്ക്കു പരമാനന്ദമായി. “കിട്ടിപ്പോയീ, ഞങ്ങള്‍ക്കു കിട്ടിപ്പോയീ. അച്ചുമൂളിയവരെ ജയിപ്പിക്കാന്‍ ഞങ്ങള്‍ക്കു മഹാപണ്ഡിതനായ ഇന്നാരുടെ അനുവാദവും സമ്മതവും കിട്ടിപ്പോയീ” എന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് അവര്‍ ആനന്ദനൃത്തം ചവിട്ടി.
അന്നു മുതല്‍ അവര്‍ തുരുതുരെ അച്ചുമൂളുന്ന ശിങ്കിടികളേയും കണ്ണിലുണ്ണികളെയും യാതൊരു ഉളുപ്പും ഇല്ലാതെ ജയിപ്പിക്കുന്നതു സ്ഥിരം പരിപാടിയാക്കി. ഇപ്പോള്‍ അച്ചുമൂളിയവരെ ജയിപ്പിച്ചില്ലെങ്കില്‍ ആ മത്സരം ഫാഷനബിള്‍ അല്ല എന്നു വരെ ആയിട്ടുണ്ട്. “അച്ചുമൂളിയവരെ ജയിപ്പിക്കുന്ന വിധത്തില്‍ ഞങ്ങള്‍ അക്ഷരശ്ലോകത്തിന്റെ നിയമം പരിഷ്കരിച്ചിട്ടുണ്ട്. ഞങ്ങളുടെ പരിഷ്കൃതനിയമങ്ങള് അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം ഞങ്ങളുടെ മത്സരങ്ങളില്‍ പങ്കെടുത്താല്‍ മതി” എന്നു പറയാനുള്ള ധാര്‍ഷ്ട്യവും അവര്‍ കാണിക്കാറുണ്ട്.
ഇനി നമുക്കു പണ്ഡിതന്റെ വാദത്തിലെ യുക്തി (യുക്തിരാഹിത്യം) പരിശോധിക്കാം. പണ്ഡിതന്റെ ന്യായീകരണം ബഹുകേമം തന്നെ. ന്യായീകരണം കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനു മുമ്പില്‍ നമസ്കരിച്ചേ മതിയാവൂ. എങ്കിലും ഒരു കാര്യം ആരും വിസ്മരിക്കാന്‍ പാടില്ല. മാലയുടെ നിലനില്‍പ്പു തന്നെ നൂലിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നൂലു പൊട്ടിയ മാലയ്ക്കു മാല എന്ന നിലയില്‍ ഒരു വിലയും ഇല്ല.
എത്ര നല്ല ശ്ലോകങ്ങള്‍ സെലക്ട് ചെയ്ത് എത്ര നന്നായി പ്രസന്റ് ചെയ്യുന്ന പ്രതിഭാശാലി ആയാലും കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് പരാജിതനാണ്. അതാണ് അക്ഷരശ്ലോകം.