1955 വരെ അക്ഷരശ്ലോകക്കാര്‍ക്കു പണം ഒരു വിഷയമേ ആയിരുന്നില്ല. അക്ഷരശ്ലോകത്തിന്റെ വളര്‍ച്ചയിലും പ്രചാരത്തിലും പണം യാതൊരു സ്വാധീനവും ചെലുത്തിയിരുന്നില്ല. പതിനായിരം ശ്ലോകം പഠിച്ചാലും ഒരു ചില്ലിക്കാശു പോലും പ്രതിഫലം കിട്ടുമായിരുന്നില്ല. എങ്കിലും ജനങ്ങള്‍ കഷ്ടപ്പെട്ടു ശ്ലോകങ്ങള്‍ പഠിക്കുകയും സ്വന്തം പണം ചെലവാക്കി ദൂരദേശങ്ങളില്‍ പോയി മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തിനു വേണ്ടി? ജയിച്ചു എന്ന സംതൃപ്തിക്കു വേണ്ടി മാത്രം. ശ്ലോകങ്ങളോടുള്ള അഭിനിവേശം മാത്രമായിരുന്നു അവരെ നയിച്ചിരുന്നത്. ആനക്കമ്പം പോലെ ഒരു ശ്ലോകക്കമ്പം.
പക്ഷേ 1955 ല്‍ ചില ഉന്നതന്മാര് അക്ഷരശ്ലോകരംഗത്തു “സമൂലപരിവര്‍ത്തനം” വരുത്തിയതോടെ കാര്യങ്ങള്‍ അകെ മാറി മറിഞ്ഞു. ഇപ്പോള്‍ സ്വര്‍ണ്ണവും പണവും ആണ് അക്ഷരശ്ലോകക്കാരെ നയിക്കുന്നത്. എവിടെ നിന്നാണ് അടുത്ത സ്വര്‍ണ്ണമെഡല്‍ കിട്ടുക എന്നതാണ് അക്ഷരശ്ലോകക്കാരുടെ ചിന്ത. പണം കയ്യിലുള്ളവര്‍ക്ക് ഇത്തരക്കാരെ എളുപ്പത്തില്‍ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. പച്ചില കാണിച്ച് ആടിനെ നയിച്ചു കൊണ്ടു പോകുന്നതു പോലെ.
പണം കയ്യിലുള്ളവര്‍ എന്തു പറഞ്ഞാലും അക്ഷരശ്ലോകക്കാര്‍ എറാന്‍ എറാന്‍ എന്നു പറഞ്ഞ് ഓച്ഛാനിച്ചു നിന്നുകൊള്ളും. “ഞങ്ങള്‍ അച്ചു മൂളിയവരെ ജയിപ്പിക്കും” എന്നു പറഞ്ഞാലും “എറാന്‍ എറാന്‍” എന്നല്ലാതെ മറ്റൊരു വാക്കും അക്ഷരശ്ലോകക്കാരുടെ വായില്‍ നിന്നു പുറപ്പെടുകയില്ല.
പണാധിപത്യക്കാര്‍ രണ്ടു തരത്തില്‍ ഉണ്ട്.
- സ്വന്തം പണം ചെലവാക്കി സ്വര്‍ണ്ണമെഡല്‍ നിര്‍മ്മിച്ചു മത്സരം നടത്തുന്നവര്‍.
ഇവര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും ആരും വിമര്‍ശിക്കുകയില്ല. അതുകൊണ്ടുതന്നെ തുരുതുരെ അച്ചുമൂളിയ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും യാതൊരു ഉളുപ്പും ഇല്ലാതെ ജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ ഒട്ടും മടിക്കാറില്ല. ആരെങ്കിലും വിമര്‍ശിച്ചാല്‍ “എന്റെ പണം കൊണ്ടു ഞാന്‍ നടത്തുന്ന മത്സരമാണ്. അതുകൊണ്ട് എനിക്ക് ഇഷ്ടമുള്ളവരെ ഞാന്‍ ജയിപ്പിക്കും. എനിക്ക് ഇഷ്ടമില്ലാത്തവരെ ഞാന്‍ എലിമിനേറ്റു ചെയ്യുകയും ചെയ്യും. എന്റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇങ്ങോട്ടു വന്നാല്‍ മതി” എന്ന മട്ടിലുള്ള മറുപടിയായിരിക്കും കിട്ടുക. ഈ സാഹചര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും എതിരഭിപ്രായം പറയുമോ? ഇല്ല. എല്ലാവരും പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുകയേ ഉള്ളൂ.
2.സ്വന്തമായി പണം ഇല്ലെങ്കിലും ധനാഢ്യന്മാരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേലുള്ള സ്വാധീനം കൊണ്ടു സ്വര്‍ണ്ണവും പണവും വശത്തിലാക്കി മത്സരം നടത്തുന്നവര്‍.
സര്‍ക്കാര്‍, ദേവസ്വങ്ങള്‍, ഉത്സവക്കമ്മിറ്റികള്‍ മുതലായവയില്‍ സ്വാധീനമുള്ളവര്‍ക്കു സ്വന്തം കീശയില്‍ നിന്ന് ഒരു പൈസ പോലും ചെലവാക്കാതെ മത്സരങ്ങള്‍ നടത്തി സമ്മാനമായി സ്വര്‍ണ്ണവും പണവും ഒക്കെ വാരിക്കോരി കൊടുക്കാന്‍ കഴിയും. ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ജയിപ്പിക്കുന്ന പ്രവര്‍ത്തനശൈലി തന്നെയാണ് ഇവരും സ്വീകരിക്കാറുള്ളത്. എങ്കിലും സ്വന്തം തറവാട്ടു സ്വത്തല്ല വിതരണം ചെയ്യുന്നത് എന്ന ബോധം ചിലര്‍ക്കെങ്കിലും ഉള്ളതിനാല്‍ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും നേരിയ തോതില്‍ കുറവുണ്ടായിരിക്കും. അത്ര മാത്രമേ വ്യത്യാസമുള്ളൂ.
രണ്ടായാലും അക്ഷരശ്ലോകക്കാര്‍ ഇവരുടെ അധീനത്തിലുള്ള സ്വര്‍ണ്ണവും പണവും മോഹിച്ചാണു ശ്ലോകം പഠിക്കുന്നതും ചൊല്ലുന്നതും. അതിനാല്‍ പണാധിപത്യക്കാര്‍ എന്തു കൊള്ളരുതായ്മ കാണിച്ചാലും കാര്യമായ എതിര്‍പ്പോ വിമര്‍ശനമോ ഒന്നും ഉണ്ടാകാറില്ല.
പണാധിപത്യക്കാര്‍ പല നൂതനസിദ്ധാന്തങ്ങളും ആവിഷ്കരിച്ചു പ്രചരിപ്പിക്കാറുണ്ട്. അവയില്‍ ചിലതു താഴെ കൊടുക്കുന്നു.
- അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്.
- ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിക്കണം.
- അവതരണം ഭംഗിയാകണമെങ്കില്‍ സംഗീതഗന്ധിയായ ആലാപനശൈലിയും രാഗതാളമേളനവും ഒക്കെ കൂടിയേ തീരൂ.
- കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കുന്നതു പോരായ്മയല്ല. ഞങ്ങള്‍ നല്കുന്ന മാര്‍ക്കു കിട്ടതിരിക്കുന്നതാണു പോരായ്മ.
സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി ശ്ലോകം പഠിക്കുന്നവര്‍ ഇതെല്ലം അംഗീകരിച്ചു പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്നുകൊള്ളും.
അങ്ങനെ പണാധിപത്യം കൊടികുത്തി വാഴുന്നു. സത്യം, നീതി, ധര്‍മ്മം ഇവയെല്ലാം ഗുഹയില്‍ പോയി ഒളിക്കുന്നു.
പണമുള്ളവര്‍ക്കു നിയമങ്ങളെല്ലാം മാറ്റിയെഴുതാം. സ്വരമാധുര്യത്തിനും പാട്ടിനും മാര്‍ക്കു വാരിക്കോരി കൊടുക്കുകയും തുരുതുരെ അച്ചു മൂളിയവരെ ജയിപ്പിക്കുകയും ഒക്കെ ചെയ്യാം. ആരും ഒരക്ഷരവും എതിരു പറയുകയില്ല. അഥവാ പറഞ്ഞാല്‍ ഞങ്ങള്‍ സാഹിത്യമൂല്യം അളന്നാണു മാര്‍ക്കിട്ടത് എന്നു പറഞ്ഞാല്‍ മതി. വിമര്‍ശകര്‍ക്കു പിന്നെ നാക്കു പൊങ്ങുകയില്ല.
പണാധിപത്യം അരങ്ങു തകര്‍ക്കുമ്പോള്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.