അക്ഷരശ്ലോകമത്സരം നടത്തുമ്പോള്‍ സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്നതു ബുദ്ധിശൂന്യമായ ഒരു പ്രവൃത്തിയാണ്. സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണമെന്ന് അക്ഷരശ്ലോകത്തിന്റെ ഒരു നിയമവും അനുശാസിക്കുന്നില്ല. സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലുന്നവര്‍ക്കു മുന്തിയ പരിഗണന കൊടുക്കണമെന്നും നിയമങ്ങളിലെങ്ങും പറയുന്നില്ല. അക്ഷരം യോജിക്കുന്നതും അനുഷ്ടുപ്പ് അല്ലാത്തതും ആയ ശ്ലോകം ചൊല്ലണം എന്നു മാത്രമേ നിയമത്തില്‍ പറയുന്നുള്ളൂ. അനുഷ്ടുപ്പ് അല്ലാത്ത ഏതു ശ്ലോകം ചൊല്ലിയാലും തുല്യപരിഗണന കൊടുക്കുക എന്നതാണു പൂര്വ്വികന്മാര് കാണിച്ചു തന്ന മാതൃക.
സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകം ചൊല്ലുന്നതു വലിയ കേമത്തമൊന്നും അല്ലെന്ന് അല്പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ഒട്ടും കവിതാവാസന ഇല്ലാത്ത ഒരു മൂന്നാംകിട പാട്ടുകാരന് വിചാരിച്ചാലും ഏതാനും കാളിദാസശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചു കൊണ്ടുവന്നു ഭംഗിയായി സദസ്സില്‍ തട്ടി മൂളിക്കാന്‍ കഴിയും. സ്വന്തമായി നിമിഷശ്ലോകങ്ങള്‍ സൃഷ്ടിച്ചു ചൊല്ലുന്ന ഫാദര്‍ ജോര്‍ജ്ജിനെപ്പോലെയുള്ള അനുഗൃഹീതകവികള്ക്കു മുമ്പില്‍ ഇവര്‍ക്ക് എന്തു മേന്മയാണ് ഉള്ളത്?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങള്‍ പഠിക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്ന ഒരു വ്യത്യസ്ത അക്ഷരശ്ലോകമത്സരം നടത്തണം എന്ന് ഏതെങ്കിലും സാഹിത്യപ്രേമിക്കു തോന്നിയാല്‍ അത്തരം ഒരു മത്സരം നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അപ്പോള്‍ ബുദ്ധിശൂന്യത അതിരു കടക്കാതെ നിയന്ത്രിച്ചു നിര്‍ത്താനുള്ള ബുദ്ധി സംഘാടകര്‍ക്ക് ഉണ്ടാകണം.
ഒരു പ്രാവശ്യമെങ്കിലും അച്ചു മൂളിയവരെ ഉടന്‍ തന്നെ പുറത്താക്കണം. സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ അച്ചുമൂളിയാലും പുറത്തുപോകേണ്ടതില്ല എന്ന മട്ടിലുള്ള മറ്റൊരു ബുദ്ധിശൂന്യത കൂടി കാണിക്കരുത്. കാണിച്ചാല്‍ മര്ക്കടേഷു സുരാപാനം, കൂനിന്മേല് കുരു എന്നൊക്കെ പറഞ്ഞ മട്ടാകും. ഇങ്ങനെ ഇരട്ട ബുദ്ധിശൂന്യത കാണിച്ചാല്‍ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടാകും. അതോടുകൂടി അക്ഷരശ്ലോകം അക്ഷരശ്ലോകമല്ലാതാകും. അതിനെ “വെറും ശ്ലോകം” എന്നു വിളിക്കേണ്ടി വരും.
ബുദ്ധിശൂന്യമായ പ്രവൃത്തി ചെയ്തേ തീരൂ എന്നു നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍ ഒരു സമയം അത്തരം ഒരു പ്രവൃത്തി മാത്രം എന്ന് ഒരു നിയന്ത്രണം വയ്ക്കുക.