“ഇങ്ങനെയാണോടാ അക്ഷരശ്ലോകമത്സരം നടത്തേണ്ടത്? അക്ഷരശ്ലോകത്തിന്റെ ബാലപാഠമെങ്കിലും നിനക്കറിയാമോടാ? നിനക്കു തോന്നിയതുപോലെയൊക്കെ ചെയ്യാന്‍ അക്ഷരശ്ലോകം നിന്റെ തറവാട്ടു സ്വത്ത് ആണോടാ?”
അതിഗംഭീരമായ ഒരു അഖിലകേരള അക്ഷരശ്ലോക മത്സരത്തിനിടയില്‍ മഹാകേമനും അത്യുന്നതനും കൊലകൊമ്പനും ആയ ഒരു അക്ഷരശ്ലോകസര്വ്വജ്ഞനോടു വെറും സാധാരണക്കാരനായ ഒരു അക്ഷരശ്ലോകക്കാരന് ചോദിച്ച ചില ചോദ്യങ്ങളാണു മുകളില്‍ കൊടുത്തിരിക്കുന്നവ.
സാധാരണ ഗതിയില്‍ എത്ര കടുത്ത അനീതിക്ക് ഇരയായാലും ചെറിയ തോതിലെങ്കിലും പ്രതികരിക്കാന്‍ അങ്ങേയറ്റം മടി കാണിക്കുന്നവരാണ് അക്ഷരശ്ലോകക്കാര്‍. പക്ഷേ വളരെ അപൂര്‍വ്വമായി ചിലര്‍ പ്രതികരിക്കും. ആയിരത്തില്‍ ഒരുവന് എന്നു പറയാവുന്ന അത്തരം ഒരു അക്ഷരശ്ലോകക്കാരന്റെ കഥയാണ് ഇത്.
തിരുവിതാംകൂറിലേ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു സാധാരണക്കാരനായ ശ്ലോകപ്രേമി ഉണ്ടായിരുന്നു. പേരു കുഞ്ഞുകുഞ്ഞ് ആദിശ്ശര്‍. വലിയ വിദ്യാഭ്യാസയോഗ്യതയോ ഉന്നതപദവിയോ ധനാഢ്യത്വമോ ഒന്നും ഇല്ല. എതക്ഷരം കിട്ടിയാലും നൂറു കണക്കിനു ശ്ലോകങ്ങള്‍ ചൊല്ലും. ഒരു തെറ്റും ഇല്ലാതെ ഉച്ചത്തില്‍ ചൊല്ലുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലാന്‍ അദ്ദേഹം ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. “നീയാര് മര്‍ക്കട? രാമരാജഭവനേ ഞാന്‍ പത്രികാവാഹകന്…” എന്ന പോലെയുള്ള ശ്ലോകങ്ങളാണ് അദ്ദേഹം ചൊല്ലിയിരുന്നത്. “മല്ലാര്‍പൂങ്കാവിലയ്യാ…” പോലെയുള്ള മൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലാന്‍ അദ്ദേഹം ഒരു ശ്രമവും നടത്തിയിരുന്നില്ല. ഷഡ്ഗുണങ്ങളുള്ള ശബ്ദം, രാഗതാളമേളനമുള്ള ആലാപനശൈലി ഇതൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
തിരുവിതാംകൂറില്‍ എവിടെ അക്ഷരശ്ലോകം ഉണ്ടെങ്കിലും അദ്ദേഹം അവിടെ പോയി അതില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുകയും ചെയ്യും. അദ്ദേഹം മോശക്കാരനാണെന്ന് ആരും വിധിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണു തൃശ്ശൂരില്‍ മഹാകേമന്മാരായ ഉന്നതന്മാര് അതിഗംഭീരമായ ഒരു അക്ഷരശ്ലോകമത്സരം നടത്തുന്നു എന്നു കേട്ടത്. എന്നാല്‍ അവിടെയും ഒരു കൈ നോക്കാം എന്നു കരുതി അദ്ദേഹം തൃശ്ശൂരിലേക്കു വച്ചുപിടിച്ചു. നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ ഭാരവാഹികള്‍ അദ്ദേഹത്തെ എലിമിനേറ്റു ചെയ്തു. അദ്ദേഹത്തിന്റെ ചൊല്ലലില്‍ സാഹിത്യമൂല്യവും അവതരണഭംഗിയും കുറവാണത്രേ.
ഇങ്ങനെ ഒരനുഭവം അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുവരെ ഒന്നാം സ്ഥാനക്കാരന് ആയിരുന്ന അദ്ദേഹം ഇതാ പൊടുന്നനെ തരികിടകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ ഇരുട്ടു കയറി. മത്സരത്തിന്റെ ആദ്യവസാനക്കാരനായി നിന്ന ഉന്നതന്റെ നേരേ അദ്ദേഹം മുന്നും പിന്നും നോക്കാതെ കഠിനമായ ശകാരവര്‍ഷം തന്നെ നടത്തി. അതിലെ ഏതാനും വാക്യങ്ങളാണു മുകളില്‍ ഉദ്ധരിച്ചത്.
ഇതുപോലെ മറ്റു ചിലരില്‍ നിന്നും കണക്കിനു ശകാരം കിട്ടി. എങ്കിലും ഉന്നതന്മാര് പാഠം പഠിച്ചില്ല. “ന തു പ്രതിനിവിഷ്ടമൂര്ഖജനചിത്തം ആരാധയേല്” എന്നാണല്ലോ ആപ്തവാക്യം. തന്നെയുമല്ല, ഒരാള്‍ ശകാരിക്കുമ്പോള്‍ ഒന്‍പതു പേര് ഓച്ഛാനിച്ചു നില്‍ക്കാനും സ്തുതി പാടാനും ഉണ്ടായിരുന്നു. അതിനാല്‍ ഉന്നതന്മാര് തന്നിഷ്ടവും തോന്ന്യാസവും ആയി നിര്‍ബ്ബാധം മുന്നോട്ടു പോവുക തന്നെ ചെയ്തു. ഫലമോ? അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധ:പതിച്ചു.
ആയിരത്തില്‍ ഒരാളേ ഇങ്ങനെ പ്രതികരിക്കുകയുള്ളൂ. പക്ഷേ അവരാണു പ്രസ്ഥാനത്തിന്റെ സമ്പത്ത്. അവര്‍ കാരണമാണ് ശരിയായ അക്ഷരശ്ലോകം നാമമാത്രമായിട്ടെങ്കിലും നിലനില്‍ക്കുന്നത്. അവരും ഇല്ലായിരുന്നെങ്കില്‍ തല്പരകക്ഷികള് പ്രസ്ഥാനത്തെ എന്നേ നശിപ്പിച്ചു നാമാവശേഷമാക്കി കളഞ്ഞേനെ.