അക്ഷരശ്ലോകത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിക്കാതെ അക്ഷരശ്ലോകസര്വ്വജ്ഞന്മാരായി ഭാവിച്ചു കയറി വന്ന് അക്ഷരശ്ലോകത്തിന്റെ “നിലവാരം ഉയര്‍ത്തിയ” ഉന്നതന്മാര് വരുത്തിയ പരിഷ്കാരങ്ങള്‍ കാരണം അക്ഷരശ്ലോകം രണ്ടു തരത്തില്‍ അധ:പതിച്ചിരിക്കുന്നു.
1. വെറും ശ്ലോകം എന്ന നിലയിലേക്കുള്ള അധ:പതനം
സാഹിത്യമൂല്യവും മറ്റും അളന്നുള്ള അനാവശ്യമായ മാര്‍ക്കിടലിനു പുറമേ അച്ചുമൂളിയവരെ പുറത്താക്കാതിരിക്കുന്ന വിവരക്കേടു കൂടി ആയപ്പോള്‍ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടായി. അച്ചുമൂളിയവര്‍ ജയിച്ചാല്‍ അക്ഷരശ്ലോകം നശിച്ചു എന്നാണര്‍ത്ഥം. അത്തരം മത്സരങ്ങള്‍ അക്ഷരശ്ലോകം എന്ന പേരു പോലും അര്‍ഹിക്കുന്നില്ല. അത്തരം കോപ്രായങ്ങള്‍ക്കു ശ്രീ. കെ. നാരായണന് പോറ്റി ഒരു പുതിയ പേരു കൊടുത്തിട്ടുണ്ട്. അതാണു “വെറും ശ്ലോകം”.
2. ശ്ലോകപ്പാട്ട് എന്ന നിലയിലേക്കുള്ള അധ:പതനം.
സാഹിത്യമൂല്യം അളക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്ക് ഒരു വലിയ അക്കിടി പറ്റി. സാഹിത്യമൂല്യം മാത്രമായി അളക്കാന്‍ ആര്‍ക്കും കഴിയുകയില്ല. സാക്ഷാല്‍ ദേവേന്ദ്രന് തന്നെ വന്ന് അളന്നാലും സാഹിത്യമൂല്യത്തോടൊപ്പം സ്വരമാധുര്യവും പാട്ടും കൂടി അളക്കപ്പെടും. സാഹിത്യമൂല്യത്തിനു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ മാര്‍ക്കു സ്വരമാധുര്യത്തിനും പാട്ടിനും കിട്ടും. അതുകൊണ്ടു പരിഷ്കാരികളുടെ മത്സരങ്ങളില്‍ മധുരസ്വരക്കാരും പാട്ടുകാരും മാത്രം ജയിക്കുന്ന സാഹചര്യം ഉണ്ടായി. അതായത് അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങള്‍ എന്ന നിലയിലേക്ക് അധ:പതിച്ചു.
ഈ രണ്ട് അധ:പതനങ്ങളെയും “വമ്പിച്ച പുരോഗമനം” എന്നാണു തല്പരകക്ഷികള് വിശേഷിപ്പിക്കുന്നത് എന്നതു വേറേ കാര്യം.