ഉന്നതന്മാരും സര്വ്വജ്ഞന്മാരും കൂടി അക്ഷരശ്ലോകം പരിഷ്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുകയാണല്ലോ. എന്താണ് ഇവരുടെ പരിഷ്കാരവും മെച്ചപ്പെടുത്തലും? അക്ഷരശ്ലോകത്തില്‍ തികച്ചും അനാവശ്യമായ കുറേ പൊങ്ങച്ചങ്ങള്‍ തിരുകിക്കയറ്റി. അത്ര മാത്രം. എന്തൊക്കെയാണ് ആ പൊങ്ങച്ചങ്ങള്‍ എന്നു നോക്കാം.
- സാഹിത്യമൂല്യം അളന്നു മാര്‍ക്കിടല്‍ എന്ന പൊങ്ങച്ചം.
അക്ഷരശ്ലോകത്തില്‍ സാഹിത്യമൂല്യം അളക്കേണ്ട യാതൊരാവശ്യവും ഇല്ല. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും ഒഴിവാക്കി അക്ഷരം യോജിക്കുന്ന ശ്ലോകങ്ങള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ നിന്നു ചൊല്ലനാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ ചൊല്ലപ്പെടുന്ന ശ്ലോകങ്ങള്‍ക്ക് എത്രത്തോളം സാഹിത്യമൂല്യം വേണം എന്ന കാര്യത്തില്‍ യാതൊരു നിബന്ധനയും ഇല്ല. സ്വീകാര്യമായ എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യ പരിഗണന കൊടുക്കാനാണു നിയമം അനുശാസിക്കുന്നത്.
പക്ഷേ സര്‍വ്വജ്ഞമാനികളായ ഉന്നതന്മാര് ഇതൊന്നും ചിന്തിക്കാറില്ല. പൊങ്ങച്ചം മാത്രമാണ് അവരെ നയിക്കുന്നത്. അവര്‍ സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്നു. അപ്പോള്‍ എന്തു സംഭവിക്കുന്നു? കവിത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മധുരസ്വരക്കാരന് കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചു കൊണ്ടു വന്നു ചൊല്ലിയാല്‍ അവന് വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയി വാഴ്ത്തപ്പെടുന്നു. സ്വന്തമായി ശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലുന്ന ഫാദര്‍ ജോര്‍ജ്ജിനെപ്പോലെയുള്ള അനുഗൃഹീതകവികള്‍ എഴാംകൂലികളായി മുദ്രകുത്തപ്പെടുന്നു. അച്ചുമൂളിയവരെ പുറത്താക്കാതിരിക്കുക എന്ന വിഡ്ഢിത്തം കൂടി ഈ ഉന്നതന്മാര് കാണിക്കുക പതിവാണ്. തല്‍ഫലമായി തുരുതുരെ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു.
2. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ എന്ന പൊങ്ങച്ചം
അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന് ഈ ഉന്നതന്മാര് വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് അജ്ഞതയുടെ പരമകാഷ്ഠയാണ്. അക്ഷരശ്ലോകക്കാര്‍ക്കു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള ബദ്ധ്യതയേ ഇല്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സ്വരമാധുര്യവും പാട്ടും കൂടിയേ തീരൂ.
ഈ ഉന്നതന്മാര് അവതരണഭംഗി എന്ന പേരില്‍ ചിലതൊക്കെ അളന്നു മാര്‍ക്കിടുന്നു. സ്വരമാധുര്യവും പാട്ടും അല്ലാതെ മറ്റൊന്നും അല്ല അവര്‍ അളന്നു മാര്‍ക്കിടുന്നത്. അപ്പോള്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി അധ:പതിക്കുന്നു.
3. വൃത്തനിബന്ധന എന്ന പൊങ്ങച്ചം
അക്ഷരനിബന്ധനയ്ക്കു പുറമേ വൃത്തനിബന്ധന കൂടി ഏര്‍പ്പെടുത്തി ചൊല്ലിയാല്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു പൊതുജനങ്ങള്‍ ധരിച്ചു കൊള്ളും എന്നാണ് ഈ ഉന്നതന്മാരുടെ വിചാരം. പക്ഷേ ഇതു വിപരീതഫലമാണു ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല. പ്രതിഭാശാലികള്‍ എന്നു പറയപ്പെടുന്ന പലരും വൃത്തമൊക്കുന്ന ശ്ലോകം കിട്ടാതെ അച്ചുമൂളി മിഴിച്ചിരിക്കുന്നതു പതിവാണ്. പക്ഷേ ഉന്നതന്മാര് അവരെ പുറത്താക്കുകയില്ല. സ്വരമാധുര്യത്തിനും പാട്ടിനും ഒക്കെ മാര്‍ക്കു വാരിക്കോരി കൊടുത്ത് അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യും.
കേമത്തം വെളിപ്പെടുത്താന്‍ വേണ്ടി കാണിക്കുന്ന പൊങ്ങച്ചം തങ്ങളുടെ വൈജ്ഞാനികപാപ്പരത്തം വെളിപ്പെടുത്താന്‍ മാത്രമേ ഉതകുന്നുള്ളൂ എന്ന നഗ്നസത്യം ഈ ഉന്നതന്മാരും പ്രതിഭാശാലികളും മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം.