അച്ചു മൂളിയവരെ ജയിപ്പിക്കുക എന്ന ധിക്കാരം ഇക്കാലത്തു പല അക്ഷരശ്ലോകസംഘടനകളും കാണിക്കാറുണ്ട്. തുരുതുരെ അച്ചു മൂളിയവന്‍ “ജയിച്ച്” ഒന്നാം സമ്മാനവും കൊണ്ടു പോകുമ്പോള്‍ ഒരു ചാന്‍സും വിടാതെ മുഴുവന്‍ റൗണ്ടിലും തെറ്റില്ലാതെ ശ്ലോകം ചൊല്ലിയവര്‍ മിഴുങ്ങസ്യ എന്നു നോക്കി നില്‍ക്കേണ്ടി വരുന്നു. അവര്‍ക്ക് ഒരക്ഷരം പോലും മിണ്ടാന്‍ കഴിയുകയില്ല. സാഹിത്യമൂല്യം എന്ന വജ്രായുധം പ്രയോഗിച്ചാല്‍ അവരുടെ സപ്തനാഡികളും തളര്‍ന്നുപോകും. ഇതറിയാവുന്ന ഖലന്മാര് പരാജയം അര്‍ഹിക്കുന്ന അല്പജ്ഞാനികളായ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും യാതൊരുളുപ്പും ഇല്ലാതെ ജയിപ്പിക്കും.
ഇവിടെ സംഘാടകരാണു കുറ്റക്കാര്‍ എങ്കിലും അവരെ തിരുത്താന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. അലാവുദീന്‍ ഖില്‍ജി നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്ന ഒരു ചക്രവര്‍ത്തി ആയിരുന്നു. പക്ഷേ അയാളെ തിരുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഇതുപോലെയാണ് ഇന്നത്തെ അക്ഷരശ്ലോകസാമ്രാജ്യത്തിലെയും അവസ്ഥ. ചക്രവര്‍ത്തിയുടെ കിരീടം സ്വയം എടുത്തണിഞ്ഞ ചില ഉന്നതന്മാര് “ഞങ്ങള്‍ അച്ചു മൂളിയവരെ ജയിപ്പിക്കും” എന്നു പ്രഖ്യാപിക്കുന്നു. വിനീതവിധേയന്മാരായ പ്രജകളെല്ലാം “എറാന്‍ എറാന്‍” എന്നു പറഞ്ഞ് ഓച്ഛാനിച്ചു നില്ക്കുന്നു. യാതൊരര്‍ഹതയും ഇല്ലാത്ത സമ്മാനം കിട്ടിയവര്‍ രണ്ടു കയ്യും നീട്ടി അതു വാങ്ങിക്കൊണ്ടു പോകുന്നു. കൊടുക്കുന്നവനും ഉളുപ്പില്ല, വാങ്ങുന്നവനും ഉളുപ്പില്ല.
ഈ പ്രശ്നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ മാന്യനായ ഒരു അക്ഷരശ്ലോകപ്രേമി പറഞ്ഞ വാചകമാണു ഹെഡ്ഡിംഗ് ആയി മുകളില്‍ കൊടുത്തിരിക്കുന്നത്.
നിങ്ങള്‍ ഒരു അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുക്കുകയും അച്ചു മൂളുകയും ചെയ്തു. അച്ചു മൂളാതെ മത്സരം പൂര്‍ത്തിയാക്കിയവരെ അവഗണിച്ചു കൊണ്ടു സംഘാടകഖില്ജികള് നിങ്ങള്‍ക്കു സമ്മാനം തന്നു. അപ്പോള്‍ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്? അക്ഷരശ്ലോകപ്രസ്ഥാനത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ നിങ്ങള്‍ ആ സമ്മാനം നന്ദിപൂര്‍വ്വം നിരസിക്കുകയാണു വേണ്ടത്. അല്ലാതെ ആലു കുരുത്താല്‍ അതും തണല്‍ എന്നു പറഞ്ഞതു പോലെ ആ നാണംകെട്ട സമ്മാനം സ്വീകരിച്ചു സ്വയം പരിഹാസ്യനാകരുത്.
നിങ്ങള്‍ പങ്കെടുത്തത് അക്ഷരശ്ലോകമത്സരത്തിലാണ്; വെറും ശ്ലോകമത്സരത്തിലോ ശ്ലോകപ്പാട്ടുമത്സരത്തിലോ അല്ല എന്ന കാര്യം മറക്കാതിരിക്കുക.