ഇങ്ങനെയൊരു ചോദ്യം ഏതെങ്കിലും അക്ഷരശ്ലോകപ്രേമിക്ക് എന്നെങ്കിലും കേള്‍ക്കേണ്ടി വരുമെന്നു പണ്ടാരും സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല. കലികാലവൈഭവമാകാം ഇപ്പോള്‍ അതും കേള്‍ക്കേണ്ടി വന്നിരിക്കുന്നു.
ചോദിക്കുന്നതു സാധാരണക്കാരൊന്നുമല്ല. അക്ഷരശ്ലോകസര്വ്വജ്ഞന്മാര്, വിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര്, പ്രതിഭാശാലികള്‍ എന്നൊക്കെ അറിയപ്പെടുന്ന ഉന്നതന്മാരാണ്. അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചു മൂളിയവരെ ജയിപ്പിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ലത്രേ. അവര്‍ക്ക് അതിനു ന്യായവാദങ്ങളും ഉണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം.
“അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കലാണ്. നല്ല സാഹിത്യമൂല്യം ഉളള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിക്കുന്ന ഉത്തമകലാകാരന്മാര്ക്ക് ഒന്നോ രണ്ടോ റൗണ്ടില്‍ ശ്ലോകം ചൊല്ലാന്‍ പറ്റാതെ വന്നാല്‍ അതൊരു വലിയ പോരായ്മയായി കണക്കാക്കേണ്ടതുണ്ടോ? അവര്‍ നേടിയ മൊത്തം മാര്‍ക്കു പരിഗണിച്ച് അവരെ ജയിപ്പിക്കുന്നതില്‍ എന്താണു തെറ്റ്? 20 റൗണ്ടിലും നാല്ക്കാലി ശ്ലോകങ്ങള്‍ ചൊല്ലിയ ആളിനെക്കാള്‍ കേമനല്ലേ 18 റൗണ്ടില്‍ നല്ല തിളങ്ങുന്ന മുക്തകങ്ങള്‍ അവതരിപ്പിച്ച ഉത്തമകലാകാരന്‍? ഷഡ്ഗുണങ്ങള്‍ ഉള്ള ശബ്ദവും സംഗീതഗന്ധിയായ ആലാപനശൈലിയും ഉള്ള പ്രതിഭാശാലികള്‍ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം നല്കേണ്ടതല്ലേ? ഒരാള്‍ 20 റൗണ്ട് ചൊല്ലി നേടിയ മാര്‍ക്കിനെക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ 18 റൗണ്ട് ചൊല്ലി നേടിയാല്‍ രണ്ടാമനല്ലേ കൂടുതല്‍ മികച്ച അക്ഷരശ്ലോകവിദഗ്ദ്ധന്‍? ശ്ലോകം ചൊല്ലാതിരിക്കുന്ന റൗണ്ടില്‍ അവര്‍ക്കു പൂജ്യം മാര്‍ക്കു മാത്രമേ കൊടുക്കുന്നുള്ളൂ. അതില്‍ കൂടുതല്‍ ശിക്ഷ അവര്‍ക്കു കൊടുക്കേണ്ട ആവശ്യമുണ്ടോ?”
ഈ മുടന്തന്‍ ന്യായങ്ങളെല്ലാം എറാന്‍ എറാന്‍ എന്നുപറഞ്ഞു ശരി വച്ച് ഈ ഉന്നതന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്ക്കുന്ന “അക്ഷരശ്ലോക”പ്രേമികള്‍ ധാരാളമുണ്ട് എന്നതാണ് അത്യത്ഭുതം.
ഇത്തരം കൊഞ്ഞാണന്മാര് ഉള്ളിടത്തോളം കാലം അക്ഷരശ്ലോകമത്സരങ്ങളില്‍ അച്ചു മൂളിയവരെ ജയിപ്പിക്കാനുള്ള ധാര്‍ഷ്ട്യം മുന്‍പറഞ്ഞ ഉന്നതന്മാര്ക്ക് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
“അക്ഷരശ്ലോകമോതീടില്‍ അച്ചു കൂടാതെ ചൊല്ലണം” എന്ന ബാലപാഠം പോലും ഈ ഉന്നതന്മാര് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ചതുരംഗം കളിയില്‍ അടിയറവു പറഞ്ഞവന് പരാജിതനാകുന്നതു പോലെ അക്ഷരശ്ലോകത്തില്‍ അച്ചു മൂളിയവന്‍ പരാജിതനാകും. പരാജിതരായ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും യാതൊരു ഉളുപ്പും ഇല്ലാതെ വിജയികളെന്നു പ്രഖ്യാപിക്കുന്ന പ്രമത്തന്മാരായ ഈ ധിക്കാരികള്‍ ഈ പ്രസ്ഥാനത്തിനു ശാപമാണ്. അവരുടെ മുമ്പില്‍ എറാന്‍ മൂളി നില്ക്കുന്ന ചിന്താശൂന്യന്മാര് അതിലും വലിയ ശാപം.