അക്ഷരശ്ലോകമത്സരങ്ങളിലെ ജയാപജയങ്ങള്‍ക്കു പണ്ടു തരംതിരിവുകള്‍ യാതൊന്നും ഉണ്ടായിരുന്നില്ല. കിട്ടിയ അക്ഷരങ്ങളിലെല്ലാം ശ്ലോകം ചൊല്ലിയാല്‍ അന്തസ്സായിട്ടു ജയിക്കാം. അച്ചു മൂളേണ്ടി വന്നാല്‍ അന്തസ്സായിട്ടു പരാജയപ്പെടുകയും ചെയ്യാം.
പക്ഷേ അടുത്ത കാലത്ത് അക്ഷരശ്ലോകസര്വ്വജ്ഞന്മാര് എന്ന് അവകാശപ്പെടുന്ന ചില ഉന്നതന്മാര് വരുത്തിയ “വമ്പിച്ച പുരോഗമനം” കാരണം ജയാപജയങ്ങള്‍ രണ്ടു തരത്തില്‍ ഉണ്ടെന്നു വന്നിരിക്കുന്നു. അന്തസ്സുള്ളതും നാണംകെട്ടതും.
അന്തസ്സുള്ള വിജയം
കിട്ടിയ അക്ഷരങ്ങളിലെല്ലാം മുട്ടാതെ (അച്ചു മൂളാതെ) ശ്ലോകം ചൊല്ലി നേടുന്ന വിജയം അന്തസ്സുള്ള വിജയമാണ്.
നാണം കെട്ട വിജയം
കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം തോന്നാതെ മിഴിച്ചിരുന്നാലും ഇക്കാലത്തു ചിലര്‍ “ജയിച്ച്” ഒന്നാം സമ്മാനവും ഗോള്‍ഡ് മെഡലും ഒക്കെ വാങ്ങാറുണ്ട്. “ഷഡ്ഗുണങ്ങളുള്ള ശബ്ദമുണ്ട്, സംഗീതഗന്ധിയായ ആലാപനശൈലിയുണ്ട്, സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലി, ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു” എന്നൊക്കെ ചില മുടന്തന്‍ ന്യായങ്ങളും ചപ്പടാച്ചികളും പറഞ്ഞ് ഉന്നതന്മാര് അവരെ ജയിപ്പിക്കുകയാണു ചെയ്യുന്നത്. ദയനീയമായ പരാജയം അര്‍ഹിക്കുന്ന ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ഇങ്ങനെ ജയിപ്പിച്ചു കൊമ്പത്തു കയറ്റാന്‍ ഉന്നതന്മാര്ക്കു യാതൊരു ഉളുപ്പും ഇല്ല. ഇതാണു നാണംകെട്ട വിജയം.
അന്തസ്സുള്ള പരാജയം
അച്ചു മൂളിയ ആള് പരാജയം സമ്മതിച്ചാല്‍ അത് അന്തസ്സുള്ള പരാജയമാണ്. ഇങ്ങനെ പരാജയപ്പെടുന്നതില്‍ ലജ്ജാവഹമായി ഒന്നുമില്ല.
നാണം കെട്ട പരാജയം
അച്ചു മൂളാതെ മത്സരം പൂര്‍ത്തിയാക്കുകയും അച്ചു മൂളിയവന്റെ മുന്നില്‍ പരാജയം സമ്മതിക്കേണ്ടി വരികയും ചെയ്താല്‍ അത് അങ്ങേയറ്റം ലജ്ജാവഹമായ ഒരു അവസ്ഥയാണ്. ഈ ദുരവസ്ഥയില്‍ ചെന്നു ചാടാതിരിക്കാന്‍ അന്തസ്സും അഭിമാനവും ഉള്ള എല്ലാ അക്ഷരശ്ലോകക്കാരും തക്കതായ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.
പൊങ്ങച്ചത്തിനു വേണ്ടിയുള്ള വൃത്തനിബന്ധന എവിടെ കണ്ടാലും അതിനു പിന്നില്‍ നാണംകെട്ട ഭവിഷ്യത്തുകള്‍ പതിയിരിക്കുന്നു എന്നു മനസ്സിലാക്കണം. നാണംകെട്ട പരാജയം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണം.
- മാര്‍ക്കിടലും വൃത്തനിബന്ധനയും ഒരുമിച്ചുള്ള മത്സരങ്ങളെ എപ്പോഴും സംശയദൃഷ്ടിയോടെ വീക്ഷിക്കുക. അതിന്റെ സംഘാടകര്‍ തങ്ങളുടെ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ചുളുവില്‍ ജയിപ്പിക്കാന്‍ വേണ്ടി അങ്ങേയറ്റം തരം താണ പ്രവൃത്തികള്‍ ചെയ്യാന്‍ ഒട്ടും മടിക്കുകയില്ല. അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ പോലും അവര്‍ യാതൊരു ഉളുപ്പും ഇല്ലാതെ ലംഘിക്കും. അവരുടെ മത്സരങ്ങളില്‍ പങ്കെടുക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. പങ്കെടുക്കുന്നെങ്കില്‍ നാണംകെട്ട പരാജയം ഒഴിവാക്കാന്‍ തക്കതായ അടവുനയങ്ങള്‍ ബുദ്ധിപൂര്‍വ്വം ചിന്തിച്ചു കണ്ടുപിടിച്ചു നടപ്പാക്കുക. തല്പരകക്ഷികള് നിര്‍ദ്ദേശിക്കുന്ന ഒരു വൃത്തത്തിലും ശ്ലോകം ചൊല്ലാതെ നിസ്സഹകരിക്കുന്നതു ഫലപ്രദമായ ഒരു നിവൃത്തിമാര്‍ഗ്ഗമാണ്.
- നീതി നടപ്പാകണമെങ്കില്‍ മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ ഒരു പ്രാവശ്യം എങ്കിലും അച്ചു മൂളിയവരെ ഉടന്‍ പുറത്താക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സംഘാടകര്‍ അതില്‍ അലംഭാവം കാണിച്ചാല്‍ അവരോടു നിസ്സഹകരിക്കുക.
ചുരുക്കിപ്പറഞ്ഞാല്‍ ഗാന്ധിജി ഉപദേശിച്ച നിസ്സഹകരണമാണു നാണംകെട്ട പരാജയം അടിച്ചേല്‍പ്പിക്കുന്ന ഖലന്മാര്ക്കെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ പ്രതിരോധതന്ത്രം.
നിര്‍ഭാഗ്യമെന്നു പറയട്ടെ, നാണംകെട്ട തോല്‍വി രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും തങ്ങളുടെ മേല്‍ അത് അടിച്ചേല്‍പ്പിച്ച ഖലന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛവും അടക്കി ഓച്ഛാനിച്ചു നില്‍ക്കുകയും ചെയ്യുക എന്നതാണ് ഇക്കാലത്തെ മിക്ക അക്ഷരശ്ലോകക്കാരും സ്വീകരിച്ചിട്ടുള്ള നയം. പ്രതികരണശേഷിയും ചിന്താശക്തിയും തീരെ ഇല്ലാത്ത ഇത്തരക്കാര്‍ കാരണമാണ് അക്ഷരശ്ലോകപ്രസ്ഥാനത്തിന് ഇത്രയേറെ അപചയം സംഭവിച്ചത്.