നാണം കെട്ട തോല്‍വിയോ? അങ്ങനെ പറയുന്നതു സംസ്കാരശൂന്യതയല്ലേ? ഏതു മത്സരം ആയാലും കുറേപ്പേര് തോറ്റല്ലേ മതിയാകൂ? തോല്ക്കുന്നതില് എന്താണു നാണക്കേട്? തോല്‍ക്കുന്നവര്‍ തോല്‍വി അംഗീകരിച്ചു വിജയികളെ അഭിനന്ദിച്ചു വിശാലമനസ്കത കാട്ടുകയല്ലേ വേണ്ടത്? ഇങ്ങനെയൊക്കെ നിങ്ങള്‍ ചോദിച്ചേക്കാം. തുടര്‍ന്നു വായിക്കുക. അപ്പോള്‍ കാര്യം ശരിക്കു മനസ്സിലാകും.
ഒരിടത്ത് ഒരു അക്ഷരശ്ലോക അവതരണമത്സരം നടന്നു. മൊത്തം 20 റൗണ്ട് ആണ്. ചില റൌണ്ടുകളില്‍ വൃത്തനിബന്ധനയും ഉണ്ട്. അതില്‍ പങ്കെടുത്ത ഒരു മഹാനു മന്ദാക്രാന്തയില്‍ ക ചൊല്ലേണ്ടി വന്നു. അദ്ദേഹത്തിനു ചൊല്ലാന്‍ കഴിഞ്ഞില്ല. അച്ചുമൂളിയവരെ പുറത്താക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. അതിനാല്‍ ആ മഹാന് മത്സരത്തില്‍ തുടര്‍ന്നു. അവസാനം മാര്‍ക്കു കൂട്ടി നോക്കിയപ്പോള്‍ അദ്ദേഹത്തിന് ആയിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്ക്. അദ്ദേഹത്തിനു സമ്മാനം കൊടുക്കണമോ വേണ്ടയോ എന്ന കാര്യം ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു. അനുകൂലമായും പ്രതികൂലമായും വാദമുഖങ്ങള്‍ ഉയര്‍ന്നു. അദ്ദേഹത്തിന് അനുകൂലമായി നാലു ഘടകങ്ങള്‍ ഉണ്ടായിരുന്നു.
- അദ്ദേഹം സംഘാടകര്‍ക്കു വേണ്ടപ്പെട്ട ആളാണ്.
- അദ്ദേഹം ദൂരെ നിന്നു വന്ന ആളാണ്.
- അദ്ദേഹം അറിയപ്പെടുന്ന ഒരു വിദഗ്ദ്ധനാണ്.
- അദ്ദേഹം ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടി തന്റെ “അക്ഷരശ്ലോക”വൈദഗ്ദ്ധ്യം തെളിയിച്ചു
അങ്ങനെ അവസാനം അദ്ദേഹത്തിന് ഒന്നാം സമ്മാനം തന്നെ കൊടുത്തു. 20 റൗണ്ടിലും ശ്ലോകം ചൊല്ലിയവര്‍ പലരും ഉണ്ടായിരുന്നെങ്കിലും അവരില്‍ മിക്കവര്‍ക്കും ഒരു സമ്മാനവും കിട്ടിയില്ല. അധികാരികളുടെ ദൃഷ്ടിയില് അവര്‍ പരാജിതര്‍ ആയിരുന്നു.
ഇത്തരം തോല്‍വിയാണു നാണം കെട്ട തോല്‍വി. അന്തസ്സും അഭിമാനവും ഉള്ള ഒരു അക്ഷരശ്ലോകക്കാരന് ഒരിക്കലും അച്ചു മൂളിയവന്റെ മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വരരുത്. വന്നാല്‍ അത് ഒരു നാണംകെട്ട തോല്‍വി ആയിരിക്കും. നാണംകെട്ട തോല്‍വി ഏറ്റു വങ്ങേണ്ടി വരാനുള്ള വിദൂരസാദ്ധ്യതയെങ്കിലും കണ്ടാല്‍ അന്തസ്സുള്ള ഒരു അക്ഷരശ്ലോകക്കാരന് ഉടന്‍ തന്നെ മത്സരത്തില്‍ നിന്നു പിന്മാറണം.
ഒരു ചതുരംഗമത്സരത്തില്‍ അടിയറവു പറഞ്ഞവന് ജയിച്ചു എന്നു വിധിച്ചിട്ട് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? “ഞങ്ങള്‍ ഓരോ നീക്കത്തിന്റെയും മൂല്യം അളന്നു മാര്‍ക്കിട്ടു. അപ്പോള്‍ അടിയറവു പറഞ്ഞവനു കൂടുതല്‍ മാര്‍ക്കു കിട്ടി” എന്നു പറഞ്ഞാല്‍ അന്തസ്സുള്ള ഒരു ചതുരംഗം കളിക്കാരന് ആ നാണംകെട്ട തോല്‍വി അംഗീകരിച്ച് ഓച്ഛാനിച്ചു നില്‍ക്കുമോ?
ഒരു ചതുരംഗം കളിക്കാരന് അടിയറവു പറഞ്ഞവന്റെ മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വരുന്നത് എത്രത്തോളം നാണക്കേടാണോ അത്രത്തോളം നാണക്കേടാണ് ഒരു അക്ഷരശ്ലോകക്കാരന് അച്ചു മൂളിയവന്റെ മുമ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വരുന്നത്. അത്തരം നാണംകെട്ട തോല്‍വി അടിച്ചേല്‍പ്പിക്കുന്നവരുടെ മുമ്പില്‍ അന്തസ്സും അഭിമാനവും ഉള്ള ഒരു അക്ഷരശ്ലോകക്കാരനും ഓച്ഛാനിച്ചു നില്‍ക്കരുത്.
സ്വന്തക്കാര്, ആശ്രിതന്മാര്, സേവകന്മാര്, സ്തുതിപാഠകന്മാര്‍ മുതലായവര്‍ അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കുക എന്നതു പല സംഘടനകളും സ്വീകരിച്ചിട്ടുള്ള ഒരു നയമാണ്. സാഹിത്യമൂല്യം, അവതരണഭംഗി, ശൈലി, ലാവണ്യം, ആസ്വാദ്യത, കലാമേന്മ എന്നൊക്കെ കുറേ ചപ്പടാച്ചികള്‍ പറഞ്ഞാല്‍ ഈ ഹീനമായ ദുര്‍ന്നയത്തെ ന്യായീകരിക്കാം എന്ന് അവര്‍ കരുതുന്നു. ഈ ധിക്കാരത്തിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള തന്റേടം അക്ഷരശ്ലോകപ്രേമികള്‍ കാണിക്കേണ്ടിയിരിക്കുന്നു.
അച്ചുമൂളിയവന് ദേവേന്ദ്രനയാലും തോറ്റേ മതിയാകൂ. അത് അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്ത്വമാണ്. അതു ലംഘിക്കാന്‍ ഒരു ഉന്നതനും അവകാശമില്ല.