ഭംഗിയായി ചൊല്ലുന്നവരെ മാത്രമേ അക്ഷരശ്ലോകം ചൊല്ലാന്‍ അനുവദിക്കൂ എന്നും അല്ലാത്തവരെയെല്ലാം എലിമിനേറ്റു ചെയ്യും എന്നും പ്രഖ്യാപിച്ചു കൊണ്ട് ഒരു കൂട്ടം ഉന്നതന്മാര് തേര്‍വാഴ്ച തുടങ്ങിയപ്പോള്‍ അത് ഏറ്റവും അധികം ബാധിച്ചതു തൃശ്ശൂരിലെ മഹാപണ്ഡിതനായ ഒരു അക്ഷരശ്ലോകവിദഗ്ദ്ധനെ ആയിരുന്നു. നേരേ ചൊവ്വേ അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തിയിരുന്നെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാരില് ഒരാള്‍ എന്ന പദവി അദ്ദേഹത്തിനു നിശ്ചയമായും കിട്ടുമായിരുന്നു. സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹത്തിനു പ്രശംസനീയമായ കവിത്വവും ഉണ്ടായിരുന്നു. ഛേകാനുപ്രാസവും യമകവും ഒക്കെയുള്ള ധാരാളം ശ്ലോകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും യാതൊരു തെറ്റും ഇല്ലാതെ ചൊല്ലാന്‍ അദ്ദേഹത്തിനു നിഷ്പ്രയാസം കഴിയുമായിരുന്നു. ഈ മേന്മകള് ഒക്കെ ഉണ്ടായിരുന്നിട്ടും പൊടുന്നനെ അദ്ദേഹത്തിന്റെ സ്ഥാനം ചവറ്റുകുട്ടയില്‍ ആയി. എന്തുകൊണ്ടെന്നാല്‍ അദ്ദേഹത്തിനു ശബ്ദമേന്മയോ സംഗീതഗന്ധിയായ ആലാപനശൈലിയോ ഉണ്ടായിരുന്നില്ല. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്നും അതിന് ഇതൊക്കെ കൂടിയേ തീരൂ എന്നും ആയിരുന്നു പരിഷ്കാരികളുടെ സിദ്ധാന്തം. അതിനാല്‍ “പണ്ഡിതന്മാരുടെ ഇടയിലെ മൂല്യഹീനന്” എന്ന ബഹുമതിബിരുദം ആണ് അദ്ദേഹത്തെ കാത്തിരുന്നത്. അക്ഷരശ്ലോകത്തില്‍ സംഗീതത്തിനും സ്വരമാധുര്യത്തിനും യാതൊരു സ്ഥാനവും ഇല്ല എന്ന നഗ്നസത്യം ഉന്നതന്മാര് സൗകര്യപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഏഴയലത്തു വരാന്‍ പോലും യോഗ്യതയില്ലാത്ത പലരും നിരവധി സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയപ്പോള്‍ അദ്ദേഹത്തിനു മിഴുങ്ങസ്യാ എന്നു നോക്കി നില്‍ക്കേണ്ടി വന്നു.
ഇത്രയും കടുത്ത അനീതി സഹിക്കേണ്ടി വന്ന അദ്ദേഹം ഉന്നതന്മാര്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ധീരമായി പോരാടുമെന്നും എല്ലാവരും വിചാരിച്ചു. ജന്മനാ ശബ്ദമേന്മ കുറവായിപ്പോയതിന്റെ പേരില്‍ മൂല്യഹീനതയുടെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട നൂറുകണക്കിനു സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികള്‍ അദ്ദേഹത്തില്‍ ഒരു രക്ഷകനെ കണ്ടു. മഹാപണ്ഡിതനായ അദ്ദേഹം മുന്നില്‍ നിന്നു തങ്ങളെ നയിക്കുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പോരാടി തങ്ങള്‍ക്കു നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാമെന്നും അവര്‍ മനക്കോട്ട കെട്ടി. പക്ഷേ അതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പൊലിഞ്ഞു പോയി.
അദ്ദേഹത്തിന്റെ പ്രതികരണം അത്യത്ഭുതവും അപ്രതീക്ഷിതവും അവിശ്വസനീയവും ആയിരുന്നു. തന്നെയും തന്നെപ്പോലെ ശബ്ദമേന്മ കുറഞ്ഞ ബഹുഭൂരിപക്ഷം അക്ഷരശ്ലോകക്കാരെയും മൂല്യഹീനതയുടെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ ഉന്നതന്മാര്ക്കെതിരെ അദ്ദേഹം ഒരക്ഷരം പോലും ശബ്ദിച്ചില്ല. നേരേ മറിച്ച് അദ്ദേഹം അവരെ വാനോളം പുകഴ്ത്തുകയും അവരുടെ എല്ലാ പ്രവൃത്തികള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുകയും ആണ് ചെയ്തത്. തുല്യദുഃഖിതരായ തന്റെ സഹജീവികളോട് അദ്ദേഹം ഇങ്ങനെ ഒരു കൊലച്ചതി ചെയ്തത് എന്തിനാണെന്ന് എല്ലാവരും അത്ഭുതപ്പെട്ടു.
കാലക്രമത്തില്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ചെമ്പു തെളിഞ്ഞു. രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ വിധേയത്വശൈലി കണ്ട് ഉന്നതന്മാര് അത്യന്തം സന്തുഷ്ടരായി. അവര്‍ ഉപകാരസ്മരണ എന്ന മട്ടില്‍ അദ്ദേഹത്തിനു പ്രധാനജഡ്ജി, മുഖ്യശാസകന്, നിയമനിര്‍മ്മാതാവ്, ഔദ്യോഗികവക്താവ് മുതലായ പദവികളെല്ലാം കരമൊഴിവായി പതിച്ചു കൊടുത്തു. അങ്ങനെ ശബ്ദമേന്മ കുറഞ്ഞ അക്ഷരശ്ലോകക്കാര്‍ക്ക് എതിരെയുള്ള പടയോട്ടത്തില്‍ ഒരു പ്രധാനസേനാനായകനായി അദ്ദേഹം മാറി. സ്വരമാധുര്യവും പാട്ടും ഇല്ലാത്ത അക്ഷരശ്ലോകക്കാരെ ആക്രമിക്കുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹം എപ്പോഴും മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു. ഉന്നതന്മാര് കൊടുത്ത ആനുകൂല്യങ്ങള്‍ക്കു പുറമേ മധുരസ്വരക്കാരായ അക്ഷരശ്ലോകക്കാരുടെ മുക്തകണ്ഠമായ പ്രശംസയും ആരാധനയും ഒക്കെ അദ്ദേഹത്തിനു കിട്ടി. (അവരുടെ നേട്ടങ്ങള്‍ക്കെല്ലാം ഒരു മുഖ്യകാരണം അദ്ദേഹത്തിന്റെ “നിസ്വാര്‍ത്ഥസേവനം” ആയുരുന്നല്ലോ). വിധേയത്വശൈലി അദ്ദേഹത്തിന് അങ്ങനെ ഇരട്ടലാഭം (double benefit) നേടിക്കൊടുത്തു. നഷ്ടപ്പെട്ടതിനെക്കാള്‍ കൂടുതല്‍ നേടിയതിന്റെ പേരില്‍ അദ്ദേഹം അഭിമാനവിജൃംഭിതനായി. ശബ്ദമേന്മ കുറഞ്ഞവരെ എലിമിനേഷന് എന്ന ചാട്ട കൊണ്ട് അടിച്ചോടിക്കുന്നതില് അദ്ദേഹം കാണിച്ച വീറും വാശിയും ശൗര്യവും പരിഷ്കൃതശൈലിയുടെ ഉപജ്ഞാതാക്കളെപ്പോലും കടത്തിവെട്ടുന്നതായിരുന്നു. “മൂല്യഹീനന്മാരെ” ചാട്ട കൊണ്ട് അടിക്കുമ്പോഴൊന്നും താനാണ് ഏറ്റവും വലിയ മൂല്യഹീനന് എന്ന് അദ്ദേഹം ചിന്തിച്ചതേയില്ല. “ഞാനും നിങ്ങളെ ശിക്ഷിക്കാന്‍ അര്‍ഹതയുള്ള ഉന്നതന്മാരുടെ കൂട്ടത്തില്‍ ഒരാളാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവം. ഉന്നതന്മാര്ക്കു ശിങ്കിടി പാടുന്നവരെല്ലാം ഉന്നതന്മാരാവുകയില്ല എന്ന് ആരും അദ്ദേഹത്തിനു പറഞ്ഞുകൊടുത്തില്ല.
ഉന്നതന്മാരുടെ ഓരോ പരിഷ്കൃതസിദ്ധാന്തവും ശബ്ദമേന്മ കുറഞ്ഞ അദ്ദേഹമുള്‍പ്പെടെയുള്ള അക്ഷരശ്ലോകക്കാര്‍ക്കു നേരേ പാഞ്ഞു ചെല്ലുന്ന ഓരോ കൂരമ്പായിരുന്നു. പക്ഷേ അദ്ദേഹം ചാഞ്ഞും ചരിഞ്ഞും നിന്ന് അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. പരിഷ്കൃതമത്സരങ്ങളില് അദ്ദേഹം പങ്കെടുക്കുകയും ഉന്നതന്മാര് നിഷ്പക്ഷമായി വിധി നിര്‍ണ്ണയിക്കുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും എലിമിനേറ്റു ചെയ്യപ്പെടുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു മത്സരത്തിലും പങ്കെടുക്കാതെ ഉരുണ്ടു കളിച്ചു. മഹാപണ്ഡിതന്, ശ്ലോകഭണ്ഡാഗാരം, വാക്കിംഗ് ഡിക് ഷ്ണറി എന്നൊക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും അദ്ദേഹം അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി. താന്‍ നിസ്വാര്‍ത്ഥനാണെന്നും തനിക്കു സമ്മാനമോഹം ഒട്ടും തന്നെ ഇല്ലെന്നും അക്ഷരശ്ലോകത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കല്‍ മാത്രമാണു തന്റെ ലക്ഷ്യമെന്നും ഒക്കെ അദ്ദേഹം തട്ടി മൂളിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു അമ്പു പോലും കൊണ്ടില്ല. കൊണ്ടതെല്ലാം അദ്ദേഹം തങ്ങള്‍ക്കു വേണ്ടി പട വെട്ടുമെന്നും തങ്ങളെ രക്ഷിക്കുമെന്നും പ്രതീക്ഷിച്ചു കാത്തിരുന്ന സഹജീവികളുടെ മേല്‍ മാത്രം. ഉന്നതന്മാരുടെ ക്രൂരതയെക്കള് അവരെ വേദനിപ്പിച്ചത് ഇദ്ദേഹത്തിന്റെ സഹതാപശൂന്യതയായിരുന്നു.
താന്‍ ആരുടെ പ്രീതി സമ്പാദിക്കാന്‍ വേണ്ടിയാണോ ഈ പാടെല്ലാം പെടുന്നത് ആ ഉന്നതന്മാര് തന്നെ നിസ്സാരനായ ഒരു മൂല്യഹീനന് ആയിട്ടാണു കാണുന്നത് എന്ന സത്യം അദ്ദേഹത്തിനു വ്യക്തമായി അറിയാമായിരുന്നു. പക്ഷേ അതു മറ്റാരും അറിയാന്‍ പാടില്ല എന്ന വലിയ നിര്‍ബ്ബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനു വേണ്ടി ആയിരുന്നു ഈ നാട്യങ്ങളും ഉരുണ്ടുകളികളും എല്ലാം.
ഉഗ്രസര്‍പ്പങ്ങള്‍ മാര്‍ച്ച് ചെയ്തു പോകുന്നതു കാണുന്ന നീര്‍ക്കോലിക്ക് അവയുടെ കൂട്ടത്തില്‍ ചേര്‍ന്നു ഗമയില്‍ മുന്നോട്ടു പോകാനുള്ള അദമ്യമായ ആഗ്രഹം ഉണ്ടാവുക സ്വാഭാവികമാണ്. വല്ല വിധവും കൂട്ടത്തില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞാലോ? പണ്ടത്തെ കാര്യമെല്ലാം മറക്കും. പിന്നെ തറയിലെങ്ങും നില്ക്കുകയില്ല. വഴിയില്‍ വല്ല ചേരയെയും കണ്ടാല്‍ ഇഷ്ടന് ഉഗ്രമായി ശാസിക്കും. “സര്പ്പകുലത്തിന് അപമാനമായ വിലകെട്ട ഉരഗകീടമേ! വഴി മാറി നില്ക്ക്. മഹാസര്പ്പകുലോത്തമന്മാരും നാഗരാജാക്കന്മാരും ആയ ഞങ്ങള്‍ വരുന്നതു കണ്ടില്ലേ?” ഇങ്ങനെ പോകും കക്ഷിയുടെ വാഗ്ധോരണി.
ഇത്തരത്തില്‍ തല മറന്ന് എണ്ണ തേയ്ക്കുന്ന ചില വികലചിന്താഗതിക്കാരെ എല്ലാ തുറകളിലും കാണാം. അക്ഷരശ്ലോകപ്രസ്ഥാനവും അതിന് അപവാദമല്ല.
പൊട്ടക്കണ്ണന് കോങ്കണ്ണന്മാരെ പുച്ഛിക്കുന്ന തരത്തിലുള്ള നമ്മുടെ പണ്ഡിതന്റെ വിക്രിയകള്‍ കണ്ട് ഉന്നതന്മാര് ഊറിച്ചിരിച്ചു. എങ്കിലും അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കാരണം തങ്ങളുടെ സിദ്ധാന്തത്തിനു പ്രചാരം കിട്ടുമെന്നു മനസ്സിലാക്കിയ അവര്‍ അദ്ദേഹത്തെ നിര്‍ലോഭമായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ചൂടു ചോറു വാരുന്ന കുട്ടിക്കുരങ്ങനെ മൂത്ത കുരങ്ങന്മാര് പ്രോത്സാഹിപ്പിക്കുന്നതു പോലെയുള്ള ഒരു പ്രോത്സാഹനം. സ്വരമാധുര്യമുള്ള അക്ഷരശ്ലോകക്കാരും തങ്ങള്‍ക്കുണ്ടാകുന്ന ലാഭമോര്‍ത്ത് അദ്ദേഹത്തെ വാനോളം പുകഴ്ത്തി. ഈ “നേട്ടങ്ങള്‍” അദ്ദേഹത്തെ വര്ദ്ധിതവീര്യനാക്കി. അദ്ദേഹം പൂര്‍വ്വാധികം ഭംഗിയായി തന്റെ “സേവനങ്ങള്‍” തുടര്‍ന്നു. ഇങ്ങനെ വിക്രിയകള്‍ നേട്ടങ്ങളെയും നേട്ടങ്ങള്‍ വിക്രിയകളെയും പരസ്പരം പോഷിപ്പിക്കുന്ന ഒരു ദൂഷിതവലയം രൂപപ്പെട്ടു. ഈ ദൂഷിതവലയം അക്ഷരശ്ലോകപ്രസ്ഥാനത്തിനു വരുത്തി വച്ച ദോഷങ്ങള്‍ ചില്ലറയൊന്നുമല്ല.
മഹാത്മാ ഗാന്ധിയെ ഒരു ബ്രിട്ടീഷുകാരന് ചവിട്ടുകയുണ്ടായി. അപ്പോള്‍ അദ്ദേഹം എന്താണു ചെയ്തത്? “ബ്രിട്ടീഷുകാര്‍ അതിശക്തന്മാരും കൊലകൊമ്പന്മാരും ആണ്. അതുകൊണ്ടു മിണ്ടാതെ സഹിക്കുകയും ബ്രിട്ടീഷുകാരുടെ പ്രീതിക്കു പാത്രമാകുംവിധം പ്രവര്‍ത്തിച്ചു സുഖമായി ജീവിക്കുകയും ചെയ്യാം” എന്നു കരുതിയോ? ഇല്ല. Quit India എന്നു പറഞ്ഞ് അവരെ കെട്ടു കെട്ടിക്കുന്നതു വരെ സമരം ചെയ്തു. അതാണു ശൌര്യം. അതാണു പൗരുഷം. അതാണ് ആത്മാഭിമാനം.
സംസ്കൃതത്തില്‍ ഒരു ശ്ലോകമുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്. മണ്ണില്‍ കിടക്കുന്ന പൊടിയെ ചവിട്ടിയാല്‍ അത് ഉയര്‍ന്നു പൊങ്ങി ചവിട്ടിയവന്റെ തലയില്‍ കയറി ഇരിക്കും. എന്നിട്ടു “നീ എന്നെക്കാള്‍ താഴെയാണ്” എന്നു പ്രഖ്യാപിക്കും. വെറും പൊടി പോലും ഇത്രയും ശൗര്യം പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യന് അതിനെക്കാള്‍ ശൗര്യം പ്രകടിപ്പിക്കേണ്ടതല്ലേ?
സംസ്കൃതം അരച്ചു കലക്കി കുടിച്ച മഹാപണ്ഡിതന് ആയിട്ടും നമ്മുടെ കഥാനായകന്റെ മനസ്സില്‍ ഇത്തരം ചിന്തകള്‍ ഒന്നും ഉദിച്ചില്ല. മഹാത്മാ ഗാന്ധിയുടെ നിലവാരത്തിലേക്ക് ഉയരേണ്ടിയിരുന്ന അദ്ദേഹം തൊമ്മിയുടെ നിലവാരത്തിലേക്കു താഴുകയാണു ചെയ്തത്. വിധേയന് എന്ന സിനിമയിലെ ഭാസ്കര പട്ടേലര് എന്ന ജന്മിയുടെ അതിക്രമങ്ങള്‍ക്കു മുന്നില്‍ ആശ്രിതനായ തൊമ്മി സ്വീകരിച്ച വിധേയത്വശൈലിയാണ് ഈ മഹാപണ്ഡിതന് സ്വീകരിച്ചത്. കഷ്ടം!
ശക്തമായ ചവിട്ടു കൊണ്ടാലും “എനിക്കു ചവിട്ടു കൊണ്ടതേയില്ല” എന്നു ഭാവിച്ച് ഉരുണ്ടു കളിച്ചു നില്‍ക്കാനും ചവിട്ടിയവനു വിടുപണി ചെയ്ത് അവന് തരുന്ന ചില്ലറ ആനുകൂല്യങ്ങളും പറ്റി അവന്റെ കോലായില്‍ ആശ്രിതനായി ഒതുങ്ങി കഴിഞ്ഞുകൂടാനും തക്കവണ്ണം ഈ മഹാപണ്ഡിതന് ഇത്രത്തോളം അധഃപതിക്കേണ്ട കാര്യം ഉണ്ടായിരുന്നോ?
തൊമ്മിയുടെ വിധേയത്വം തൊമ്മിയെയും തൊമ്മിയുടെ ഭാര്യയെയും മാത്രം ബാധിക്കുന്നതയിരുന്നു. പക്ഷേ ഇദ്ദേഹത്തിന്റെ വിധേയത്വം ശബ്ദമേന്മ കുറഞ്ഞ എല്ലാ അക്ഷരശ്ലോകക്കാരെയും ബാധിക്കുന്നതായിരുന്നു. സ്വന്തം അവകാശങ്ങള്‍ക്കു പുറമേ അവരുടെ അവകാശങ്ങള്‍ കൂടി ഉന്നതന്മാരുടെ മുമ്പില്‍ അടിയറ വച്ചാണ് ഇദ്ദേഹം അവരുടെ പ്രീതിക്കു പാത്രമായതും നേട്ടങ്ങള്‍ വാരിക്കൂട്ടിയതും. സഹജീവികളുടെ സമ്മതമൊന്നും അക്കാര്യത്തില്‍ അദ്ദേഹത്തിനു വേണ്ടിയിരുന്നില്ല. അതിനാല്‍ തൊമ്മിയുടെ വിധേയത്വശൈലിയെക്കാള് പതിന്മടങ്ങു ജുഗുപ്സാവഹവും ഗര്ഹണീയവും ആണ് ഈ മഹാനുഭാവന്റെ വിധേയത്വശൈലി. അക്ഷരശ്ലോകം ഇത്രത്തോളം വഴി തെറ്റിപ്പോകാനും ശ്ലോകപ്പാട്ട് എന്നു പറയാവുന്ന നിലയിലേക്ക് അധഃപതിക്കാനും ഉള്ള ഒരു പ്രധാന കാരണം ഇദ്ദേഹത്തിന്റെ ഈ വിചിത്രമായ വിധേയത്വശൈലി ആയിരുന്നു.
ഇത്തരക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്ന ശുദ്ധഗതിക്കാരുടെ കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍!
അധികാരപ്രമത്തന്മാരായ കുറേ ഉന്നതന്മാരും അവരെ പ്രീതിപ്പെടുത്തി നക്കാപ്പിച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഏതു തരംതാണ പ്രവൃത്തിയും ചെയ്യാന്‍ തയ്യാറുള്ള ഇത്തരം വിധേയന്മാരും കൂടി അക്ഷരശ്ലോകപ്രസ്ഥാനത്തെ നശിപ്പിച്ചു എന്നു പറഞ്ഞാല്‍ കഴിഞ്ഞു.