ചില കൊലകൊമ്പന്മാര് നേതൃസ്ഥാനത്ത് എത്തിയാല്‍ അനുയായികളില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തും. നേതാവിന്റെ പ്രസംഗം കേട്ടാല്‍ അയാള്‍ പ്രസ്ഥാനത്തെ വളര്‍ത്തി എവറസ്റ്റ് കൊടുമുടിയോളം ഉയര്‍ത്തുമെന്നും പാലും തേനും ഒഴുക്കുമെന്നും ഒക്കെ തോന്നും. ജനങ്ങള്‍ സര്‍വ്വ പിന്തുണയും നല്‍കും. ഇതു നേതാവിനെ കൂടുതല്‍ കൂടുതല്‍ അധികാരപ്രമത്തനാക്കും. പിന്നീട് അയാള്‍ നീതിയും നിയമവും എല്ലാം കാറ്റില്‍ പറത്തി മുന്നോട്ടു പോകും. ഒടുവില്‍ അനുയായികള്‍ പടുകുഴിയില്‍ വീഴുകയും ചെയ്യും.
ഹിറ്റ്ലര്‍ ആണ് ഇതിന് ഉത്തമോദാഹരണം. ജര്‍മ്മന്‍കാരെ ലോകത്തിന്റെ യജമാനന്മാരാക്കും എന്നാണ് അയാള്‍ അവകാശപ്പെട്ടത്. ജര്‍മ്മന്‍കാര്‍ ഇതു കേട്ട് അത്യധികം സന്തോഷിച്ചു. അവര്‍ അയാള്‍ക്കു സര്‍വ്വ അധികാരങ്ങളും നല്കി. പിന്നീടു സംഭവിച്ചതെല്ലാം ചരിത്രമാണ്. ജര്‍മ്മന്‍കാരുടെ പുരോഗതിക്കു തടസ്സം യഹൂദന്മാരാണ് എന്നു പ്രഖ്യാപിച്ച ഹിറ്റ്ലര്‍ യഹൂദന്മാരെ ഈ ഭൂമുഖത്തു നിന്ന് എലിമിനേറ്റു ചെയ്യാന്‍ തുടങ്ങി. അയല്‍രാജ്യങ്ങളെല്ലാം ജര്‍മ്മനിയുടെ കോളനികള്‍ ആകാന്‍ ഉള്ളവയാണെന്നു പ്രഖ്യാപിച്ച അയാള്‍ അവയെ അകാരണമായും നിഷ്കരുണമായും ആക്രമിച്ചു കീഴടക്കുവാനും തുടങ്ങി. എന്തിനേറെ പറയുന്നു? യജമാനന്മാര് ആകാന്‍ കൊതിച്ച ജര്‍മ്മന്‍കാര്‍ അവസാനം അടിമകളായി മാറി.
മുസ്സോളിനി, ഈദി അമീന്, സദ്ദാംഹുസൈന്, ഗദ്ദാഫി മുതലായവരും ഇതുപോലെ പ്രവര്‍ത്തിച്ചു തങ്ങളുടെ അനുയായികളെ പടുകുഴിയില്‍ ചാടിച്ചവരാണ്.
ഇനി കേരളത്തിലേക്കു വരാം. കേരളത്തിലെ രണ്ട് അധികാരപ്രമത്തന്മാരെ പരിചയപ്പെടുത്താന്‍ പോവുകയാണ്. ഒരാള്‍ സി. പി. രാമസ്വാമി അയ്യര്‍. തിരുവിതാംകൂറിലെ ദിവാന് ആയിരുന്നു. തിരുവിതാംകൂറിനെ സ്വര്‍ഗ്ഗതുല്യം ആക്കും എന്നായിരുന്നു കക്ഷിയുടെ വാഗ്ദാനം. വാഗ്ദാനം വിശ്വസിച്ചവര്‍ പിന്തുണ നല്കി. മസാല ദോശ തിന്നു കഴിഞ്ഞുകൂടുന്ന ഒരു പാവം പട്ടരല്ലേ? കുഴപ്പം ഒന്നും കാണിക്കുകയില്ലായിരിക്കും എന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഏകാധിപത്യപ്രവണതയും ക്രൂരതയും ദുഷ്ടതയും ഒക്കെ അസഹ്യമായി മാറി. പുന്നപ്ര വയലാര്‍ സമരക്കാരെ അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം വെടി വച്ചു കൊന്നു. ഒടുവില്‍ ജനങ്ങള്‍ക്കു സി. പി. യെ ഇരുട്ടത്തു വെട്ടി നാടു കടത്തേണ്ടി വന്നു.
ഇനി ഇവരെക്കാള്‍ ക്രൂരത കുറഞ്ഞ സൗമ്യനായ ഒരു ഭരണാധികാരിയുടെ കഥയാണു പറയാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ പേരു പറയുന്നില്ല. സദ്ഗുണസമ്പന്നന്‍, സദാചാരനിരതന്‍, പരിപൂര്ണ്ണപുണ്യന് എന്നൊക്കെ പരക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹം ഈ പ്രവൃത്തികള്‍ ചെയ്തു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല.
അദ്ദേഹം കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാര്‍ ആയിരുന്നു. തിരുവിതാംകൂറിലെ ദിവാനു തുല്യമായ പദവിയാണ് അത്. രാജാവു കഴിഞ്ഞാല്‍ ഏറ്റവും അധികാരമുള്ള ആള്. സി.പി. പച്ചയായി ഏകാധിപത്യപ്രവണത കാണിച്ചിരുന്നു എങ്കിലും ഇദ്ദേഹം പരോക്ഷമായി മാത്രമേ അതു കാണിച്ചിരുന്നുള്ളൂ. കാടി കുടിച്ചാലും മൂടിക്കുടിക്കണം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ താളത്തിനു തുള്ളാത്തവരെ അദ്ദേഹം മൂക്കു കൊണ്ടു ക്ഷ എഴുതിക്കും. അതിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും. പക്ഷേ അതൊന്നും ആരും അറിയുകയില്ല.
അദ്ദേഹത്തിന്റെ അധികാരപ്രമത്തതയുടെ തിക്തഫലം ഏറ്റവും അധികം അനുഭവിച്ചതു മഹാകവി ജി. ശങ്കരക്കുറുപ്പ് ആയിരുന്നു. ശങ്കരക്കുറുപ്പ് ആരുടെ മുമ്പിലും ഓച്ഛാനിച്ചു നില്ക്കാന് തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ കുറുപ്പു നമ്മുടെ കഥാനായകന്റെ കണ്ണിലെ കരടായി മാറി. പിന്നെ കുറുപ്പിന്റെ കഷ്ടകാലം ആയിരുന്നു.
കുറുപ്പിനു കാലടി ശ്രീ ശങ്കരാ സര്‍വ്വകലാശാലയില്‍ മലയാളം പ്രൊഫസര്‍ ജോലി കിട്ടാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു വന്നു. കുറുപ്പിനെക്കാള് മെച്ചപ്പെട്ട അപേക്ഷകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ സര്‍വ്വാധികാര്യക്കാര്‍ തന്റെ അധികാരശക്തി ഉപയോഗിച്ച് ഇന്റര്‍വ്യൂ ബോര്‍ഡില്‍ കയറിപ്പറ്റുകയും കടുത്ത ചോദ്യങ്ങള്‍ ചോദിച്ചു കുറുപ്പിനെ ഉത്തരം മുട്ടിക്കുകയും ചെയ്തു. എന്തിനേറെ പറയുന്നു? കുറുപ്പിന് ആ ജോലി കിട്ടിയില്ല. കുറുപ്പിന്റെഏഴയലത്തു പോലും വരാന്‍ യോഗ്യതയില്ലാത്ത മറ്റാര്‍ക്കോ ആണ് അതു കിട്ടിയത്.
തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംബരം വന്നപ്പോള്‍ കൊച്ചി രാജാവിന് അത് ഒട്ടും ഇഷ്ടമായില്ല. ഈ പരിസ്ഥിതി മുതലെടുത്തു കുറുപ്പിനെ വെട്ടിലാക്കാന്‍ ഒരു ശ്രമവും സര്‍വ്വാധികാര്യക്കാര്‍ നടത്തി. കൊച്ചി രാജവിനെക്കൊണ്ടു കുറുപ്പിനെ വിളിപ്പിച്ചു ക്ഷേത്രപ്രവേശനത്തിന് എതിരായ ഒരു കവിത എഴുതാന്‍ ആവശ്യപ്പട്ടു. കുറുപ്പിനു ചതി മനസ്സിലായി. കവിത എഴുതിയില്ലെങ്കില്‍ രാജകോപത്തിനു പാത്രമാകും. എഴുതിയാല്‍ കുറുപ്പു ജാതിക്കോമരം ആണെന്ന ആക്ഷേപത്തിനു പാത്രമാകും. രണ്ടായാലും കുടുങ്ങിയതു തന്നെ. പക്ഷേ കുറുപ്പു പതറിയില്ല. നട്ടെല്ലു നിവര്‍ത്തി നിന്നു തന്നെ കുറുപ്പു പറഞ്ഞു. “ഞാന്‍ ഈ കവിത എഴുതുകയില്ല”.
കുറുപ്പിനു ജ്ഞാനപീഠം അവാര്‍ഡ് കിട്ടാനുള്ള സാഹചര്യം തെളിഞ്ഞു വന്നപ്പോഴും സര്‍വ്വാധികാര്യക്കാര്‍ ഇടങ്കോലിടാന്‍ ശ്രമിച്ചു. പക്ഷേ അതു ഫലിച്ചില്ല. എന്‍.വി. കൃഷ്ണവാര്യരും മറ്റും കുറുപ്പിനെ ശക്തമായി പിന്തുണച്ചതു കൊണ്ടു കുറുപ്പിന് അവാര്‍ഡ് കിട്ടുക തന്നെ ചെയ്തു.
സര്വ്വാധികാര്യക്കാരെപ്പറ്റി ഇവിടെ ഇത്രയൊക്കെ പറഞ്ഞത് എന്തിനാണെന്നു തോന്നാം. തക്കതായ കാരണമുണ്ട്. നമ്മുടെ സര്വ്വാധികര്യക്കാര്ക്ക് അക്ഷരശ്ലോകത്തിന്റെ അസ്കിതയും ഉണ്ടായിരുന്നു. താന്‍ ഒരു അക്ഷരശ്ലോകസര്വ്വജ്ഞനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. അദ്ദേഹം “മികച്ച” ഒരു അക്ഷരശ്ലോകമത്സരം നടത്താന്‍ തീരുമാനിച്ചു. അക്ഷരശ്ലോകത്തിന്റെ എല്ലാ നിയമങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് അദ്ദേഹം മത്സരം നടത്തിയത്. നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലി എന്ന് അദ്ദേഹത്തിനു തോന്നാത്തവരെയെല്ലാം അദ്ദേഹം എലിമിനേറ്റു ചെയ്തു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ചിലരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
ഏതു സാഹചര്യത്തിലും അദ്ദേഹം ആരോടും എന്തും വളരെ വിനയാന്വിതനായി മാത്രമേ ആവശ്യപ്പെടുമായിരുന്നുള്ളൂ. മേല്‍പ്പറഞ്ഞ വിധം തന്നിഷ്ടപ്രകാരം “അക്ഷരശ്ലോകമത്സരം” നടത്തുന്നതിനു മുമ്പും അദ്ദേഹം വിനയാന്വിതനായി മത്സരാര്‍ത്ഥികളോട് ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്തുകയുണ്ടായി. “ഞാന്‍ അക്ഷരശ്ലോകത്തിന്റെ നിലവാരം ഉയര്‍ത്താന്‍ വേണ്ടി നിങ്ങളില്‍ ചിലരെ പുറത്താക്കാന്‍ പോവുകയാണ്. ദയവു ചെയ്ത് എല്ലാവരും സഹകരിക്കണം.”
എല്ലാവരും സഹകരിച്ചു. അഭ്യര്‍ത്ഥിക്കുന്നതു സര്വ്വാധികാര്യക്കാരാണ്. അഭ്യര്‍ത്ഥന അങ്ങേയറ്റം വിനയാന്വിതവും. പിന്നെ സഹകരിക്കാതെ എന്തു ചെയ്യും? പക്ഷേ സഹകരിച്ചവര്‍ പടുകുഴിയില്‍ വീണു. അന്നു മുതല്‍ അക്ഷരശ്ലോകപ്രസ്ഥാനത്തിനു വഴി തെറ്റി. വഴി തെറ്റിയതോടെ പ്രസ്ഥാനത്തിന്റെ ശനിദശയും ആരംഭിച്ചു. വെറും ശനിയല്ല. കണ്ടകശ്ശനി തന്നെ.
ആ സംഭവത്തിനു ശേഷം കേരളത്തിലെ എല്ലാ അധികാരപ്രമത്തന്മാരും അദ്ദേഹത്തിന്റെ രീതി പിന്തുടര്ന്നു. അങ്ങനെ നാസിസവും ഫാസിസവും ഒക്കെ വളര്‍ന്നതു പോലെ ഈ തന്നിഷ്ടപ്രസ്ഥാനവും പന പോലെ വളര്‍ന്നു.
അതിന്റെ ഫലം എന്തായിരുന്നു? അക്ഷരശ്ലോകം ചില ഭാഗ്യവാന്മാരുടെ കുത്തകയായി മാറി. സ്വരമാധുര്യവും പാട്ടും ഇല്ലാത്ത സാധാരണക്കാര്‍ മുഴുവന്‍ പുറന്തള്ളപ്പെട്ടു. അക്ഷരശ്ലോകത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടാത്ത ഏതു പൊങ്ങച്ചക്കാരനും സര്വ്വജ്ഞനായി ഭാവിച്ചു ജഡ്ജിപീഠത്തില്‍ കയറിയിരുന്നു കെ.സി. അബ്രഹാമിനെപ്പോലെയുള്ള അതികായന്മാരെ എലിമിനേറ്റു ചെയ്തിട്ട് എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ ഗോള്‍ഡ് മെഡലിസ്റ്റ് പദവിയില്‍ എത്തിക്കാം എന്നു വന്നു. അച്ചു മൂളിയവരെ നിര്‍ബ്ബാധം ജയിപ്പിക്കാം എന്നു വരെ എത്തി കാര്യങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഏതു നിയമവും ലംഘിക്കാം, എന്തു തോന്ന്യാസവും കാണിക്കാം എന്നായി അവസ്ഥ.
അക്ഷരശ്ലോകം തല തിരിഞ്ഞ ഏര്‍പ്പാടുകളുടെയും തോന്ന്യാസങ്ങളുടെയും കൂത്തരങ്ങ് ആയി മാറി. നിയമങ്ങളും കീഴ്വഴക്കങ്ങളും എല്ലാം ലംഘിക്കപ്പെട്ടു. “നിയമങ്ങള്‍ അനുസരിക്കാന്‍ മാത്രമല്ല ലംഘിക്കാന്‍ കൂടിയാണ്” എന്നൊക്കെ പറഞ്ഞു ചില മഹാന്മാര് ഈ കൊള്ളരുതായ്മയ്ക്കു ചൂട്ടു പിടിച്ചു കൊടുക്കാനും മുന്നോട്ടു വന്നു.
ഇന്നലെച്ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാകാം എന്നു പറഞ്ഞതു പോലെ ഈ കൊള്ളരുതായ്മകള്‍ എല്ലാം നിയമങ്ങളായി മാറി.
മൂല്യസംവര്ദ്ധനം, കലാപരിപോഷണം എന്നൊക്കെ ചപ്പടാച്ചി പറഞ്ഞ് ഇങ്ങനെ “വമ്പിച്ച പുരോഗമനം” ഉണ്ടാക്കിയവരുടെ വാഗ്ദാനം ധാരാളം ആസ്വാദകരെ നേടിത്തരാം എന്നായിരുന്നു. പക്ഷേ ആസ്വാദകരുടെ എണ്ണം കുറഞ്ഞതല്ലാതെ ഒട്ടും കൂടിയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ അക്ഷരശ്ലോകം അഗാധമായ ഒരു കുണ്ടില്‍ പതിച്ചു.