1955 ല്‍ പണവും പ്രതാപവും അധികാരവും സ്വാധീനശക്തിയും ഒക്കെയുള്ള ഉന്നതന്മാരായ ഏതാനും സ്വയം പ്രഖ്യാപിത അക്ഷരശ്ലോകസര്വ്വജ്ഞന്മാര് ചേര്‍ന്ന് ഒരു നൂതനസിദ്ധാന്തം ആവിഷ്കരിച്ചു പ്രചരിപ്പിക്കാന്‍ തുടങ്ങി. ആ സിദ്ധാന്തത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.
“അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്. സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്ത് ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിച്ചു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനാണ് അക്ഷരശ്ലോകക്കാര്‍ ശ്രമിക്കണ്ടത്. അക്ഷരശ്ലോകമത്സരങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാത്തവരെ ആദ്യം തന്നെ ഞങ്ങള്‍ എലിമിനേറ്റു ചെയ്യും. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്നവര്‍ അച്ചു മൂളിയാലും ഞങ്ങള്‍ അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യും”.
ഈ സിദ്ധാന്തം കേട്ടവര്‍ക്ക് ഇതില്‍ അപാകം എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. അവര്‍ ഉന്നതന്മാരുടെ സിദ്ധാന്തം അംഗീകരിക്കുകയും ഉന്നതന്മാരെ വാനോളം പുകഴ്ത്തുകയും ചെയ്തു. സാഹിത്യമൂല്യവും അവതരണഭംഗിയും ആസ്വാദ്യതയും ഒക്കെ വര്‍ദ്ധിക്കുമ്പോള്‍ അക്ഷരശ്ലോകത്തിന്റെ നില മെച്ചപ്പെടുമല്ലോ എന്നാണ് അവര്‍ ചിന്തിച്ചത്.
പക്ഷേ കാലക്രമത്തില്‍ പുതിയ സിദ്ധാന്തത്തിന്റെ ദൂഷ്യവശങ്ങള്‍ ഓരോന്നോരോന്നായി പ്രകടമാകാന്‍ തുടങ്ങി. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കണമെങ്കില്‍ സ്വരമാധുര്യവും പാട്ടും കൂടിയേ തീരൂ എന്നു വന്നു. അങ്ങനെ അക്ഷരശ്ലോകം ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഒക്കെയുള്ള ഒരു ന്യൂനപക്ഷത്തിന്റെ കുത്തകയായി മാറി. സാധാരണക്കാരായ ബഹുഭൂരിപക്ഷം അക്ഷരശ്ലോകപ്രേമികളും അഗണ്യകോടിയില്‍ തള്ളപ്പെട്ടു.
ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ ഇന്‍ഡ്യയിലെ കോടിക്കണക്കിനു നാട്ടുകാര്‍ക്കു മാന്യമായി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുകയും അതു മുപ്പതിനായിരം ബ്രിട്ടീഷുകാരുടെയും അവരുടെ ശിങ്കിടികളുടെയും കുത്തകയായി മാറുകയും ചെയ്യുകയുണ്ടായല്ലോ. അതുപോലെയൊരു ദുരവസ്ഥയാണു സാധാരണക്കാരായ അക്ഷരശ്ലോകപ്രേമികള്‍ക്കു നേരിടേണ്ടി വന്നത്. അക്ഷരശ്ലോകമത്സരങ്ങളില്‍ ഉന്നതന്മാരും അവരുടെ ശിങ്കിടികളും മാത്രമേ ജയിക്കൂ എന്നു വന്നു. സാധാരണക്കാര്‍ക്ക് അക്ഷരശ്ലോകം അപ്രാപ്യവും അന്യവും ആയി.
ഇന്ത്യക്കാര്‍ ബ്രിട്ടീഷ് യജമാനന്മാരെ എതിര്‍ക്കാന്‍ കഴിയാതെ കുഴങ്ങിയതു പോലെ സാധാരണക്കാര്‍ ഈ ഉന്നതന്മാരെ എതിര്ക്കാന്കഴിയാതെ കുഴങ്ങുന്നു. തിരുവായ്ക്ക് എതിര്‍വാ പറഞ്ഞാല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടിപ്പോകും എന്ന അവസ്ഥ. തനിക്കു താന്‍ പോന്നവരൊന്നു ചെയ്താല്‍ അതിന്നു കുറ്റം പറയാവതുണ്ടോ?
പണവും പ്രതാപവും സ്വാധീനശക്തിയും ഒക്കെ ഉള്ള ഉന്നതന്മാര് ഉണ്ടാക്കിയതാണെങ്കിലും ആഹ്ലാദിപ്പിക്കല്‍ സിദ്ധാന്തം ശുദ്ധ അസംബന്ധമാണ്. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ലേയല്ല. ആയിരുന്നുവെങ്കില്‍ അക്ഷരനിബന്ധന പാലിക്കണമെന്നും അനുഷ്ടുപ്പ് ഒഴിവാക്കണമെന്നും നമ്മുടെ പൂര്വ്വികന്മാര് നമ്മോട് ആവശ്യപ്പെടുമായിരുന്നില്ല. അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അല്പം ആലോചിച്ചാല്‍ ഉന്നതന്മാര് എഴുന്നള്ളിച്ചത് ഒരു പൊട്ടന് സിദ്ധാന്തം ആണെന്നു ബോദ്ധ്യപ്പെടും.
പൊട്ടന് സിദ്ധാന്തം എഴുന്നള്ളിക്കുന്നവന്‍ എത്ര വലിയ ഉന്നതന് ആയിരുന്നാലും “ഇതു പൊട്ടന് സിദ്ധാന്തമാണ്” എന്ന് അവനോടു നട്ടെല്ലു നിവര്‍ത്തി നിന്നു പറയാനുള്ള തന്റേടം അക്ഷരശ്ലോകക്കാര്‍ നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.