മാര്‍ക്കിടല്‍ ഉള്ള അക്ഷരശ്ലോകമത്സരങ്ങളില്‍ ജയിക്കണമെങ്കില്‍ ഭാഗ്യവാന്മാരായ ഒരു ന്യൂനപക്ഷത്തിനു മാത്രം ലഭ്യമാകുന്ന ഏതാനും അനുകൂലഘടകങ്ങള്‍ കൂടിയേ തീരൂ. ഇവയെല്ലാം ജന്മസിദ്ധമാണെന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ഏതൊക്കെയാണ് ഇവയെന്നു പരിശോധിക്കാം.
1 ശബ്ദമേന്മ.
നല്ലസ്വരമാധുര്യം ഉള്ളവര്‍ക്കു കൂടുതല്‍ മാര്‍ക്കു കിട്ടും എന്നതു പരസ്യമായ രഹസ്യമാണ്. “സൌഭാഗ്യമേ സുസ്വരം” എന്നതാണു മാര്‍ക്കിടല്‍ പ്രസ്ഥാനക്കാരുടെ ആപ്തവാക്യം. “ഷഡ്ഗുണങ്ങളുള്ള ശബ്ദം” ഉള്ളവര്‍ ശ്ലോകം ചൊല്ലിയാല്‍ കേള്‍ക്കുന്നവര്‍ക്കു വളരെ ആസ്വാദ്യം ആയിരിക്കുമത്രേ.
2 യുവത്വം.
ഒരു യുവാവും ഒരു വൃദ്ധനും തമ്മില്‍ മത്സരിച്ചാല്‍ യുവാവിനു വിജയസാദ്ധ്യത കൂടും. പ്രായം കൂടുന്തോറും ശബ്ദത്തിന്റെ മേന്മ കുറഞ്ഞു കുറഞ്ഞു വരുംഎന്നതാണ് ഇതിനു കാരണം. ചെറുപ്പകാലത്തു ധാരാളം സ്വര്‍ണ്ണമെഡലുകള്‍ നേടിയ പല വിദഗ്ദ്ധന്മാരും വാര്‍ദ്ധക്യകാലത്തു യുവാക്കളോടു മത്സരിച്ചു ദയനീയമായി പരാജയപ്പെടുന്നതു കാണാം.
3 സ്ത്രീത്വം.
ഒരു യുവാവും യുവതിയും തമ്മിലാണു മത്സരമെങ്കില്‍ യുവതിക്കായിരിക്കും വിജയസാദ്ധ്യത കൂടുതല്‍. സ്കൂള്‍ കുട്ടികളുടെ മത്സരത്തില്‍ ഈ ഘടകത്തിന്റെ സ്വാധീനം വളരെ വ്യക്തമായി കാണാം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ മത്സരിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ ബഹുദൂരം പിന്തള്ളപ്പെടും.
4 സംഗീതവാസന.
സംഗീതവാസനയുള്ള ഒരാളും അതില്ലാത്ത ഒരാളും തമ്മില്‍ മത്സരിച്ചാല്‍ സംഗീതവാസനയുള്ള ആളിന്റെ വിജയസാദ്ധ്യത വളരെയേറെ കൂടുന്നതു കാണാം. അക്ഷരശ്ലോകം “സംഗീതഗന്ധി” ആയിരിക്കണം, “സംഗീതസമ്പന്നം” ആയിരിക്കണം എന്നൊക്കെയാണു പുരോഗമനവാദികളുടെ ആപ്തവാക്യങ്ങള്‍.
ചുരുക്കിപ്പറഞ്ഞാല്‍ മധുരസ്വരക്കാരിയായ ഒരു യുവഗായികയോടു മത്സരിച്ചു ജയിക്കാന്‍ സാധാരണക്കാരനായ ഒരു വൃദ്ധനു തലകുത്തിനിന്നു തപസ്സു ചെയ്താലും സാധിക്കുകയില്ല. മധുരസ്വരക്കാരിയുടെ മുമ്പില്‍ ആയുധം വച്ചു കീഴടങ്ങുക എന്നതു മാത്രമേ കരണീയം ആവുകയുള്ളൂ.
കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ള എല്ലാവര്ക്കും ഒരുപോലെ അവകാശപ്പെട്ട ജനകീയവും സമത്വസുന്ദരവും ആയ ഒരു സാഹിത്യവിനോദം ആയിരുന്നു അക്ഷരശ്ലോകം. പക്ഷേ മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പരിഷ്കാരം” വന്നതോടുകൂടി അതു ഭാഗ്യവാന്മാരായ ഏതാനും ഗര്ഭശ്രീമാന്മാരുടെ കുത്തകയായി മാറി.