പരിശുദ്ധമായ വെളിച്ചെണ്ണ കിട്ടണമെന്ന ആഗ്രഹത്തോടു കൂടിയാണു നാം കടയില്‍ പോകുന്നത്. പക്ഷേ നമുക്ക് അതു കിട്ടുമെന്ന് ഉറപ്പുണ്ടോ? ഇല്ല. മിക്കപ്പോഴും മിനറല്‍ ഓയില്‍ (പാരഫിന്‍), ഫില്‍റ്റര്‍ ചെയ്ത കരി ഓയില്‍ ഇതൊക്കെ ചേര്‍ത്ത വെളിച്ചെണ്ണ ആയിരിക്കും ലഭിക്കുക.
അക്ഷരശ്ലോകത്തിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരിക്കുന്നു. അക്ഷരശ്ലോകത്തില്‍ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ആണു സ്വരമാധുര്യവും പാട്ടും. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്നും ആഹ്ലാദിപ്പിക്കാത്തവരെ എലിമിനേറ്റു ചെയ്യണമെന്നും ആഹ്ലാദിപ്പിക്കുന്നവര്‍ അച്ചു മൂളിയാലും അവരെത്തന്നെ ജയിപ്പിക്കണമെന്നും ഒക്കെ വാദിക്കുന്ന ആസ്വാദ്യതാവാദികള് അറിഞ്ഞോ അറിയാതെയോ ഈ മായം ചേര്‍ക്കല്‍ വീരന്മാര്ക്കു മറ പിടിച്ചു കൊടുക്കുകയാണ്.
മായം ചേര്‍ക്കുന്നവര്‍ ആരും പരസ്യമായിട്ടല്ല മായം ചേര്‍ക്കുന്നത്. അവര്‍ക്ക് അതിനൊരു മറ ആവശ്യമാണ്. അക്ഷരശ്ലോകത്തില്‍ സ്വരമാധുര്യവും പാട്ടും ചേര്‍ത്തു നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തന്ത്രശാലികള്‍ക്ക് ആസ്വാദ്യതാവാദം നല്ല ഒരു മറയായി ഭവിക്കുന്നു.
പണ്ടൊന്നും സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. അക്ഷരശ്ലോകമത്സരത്തില്‍ പാടി ജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നും ഇല്ല. പക്ഷേ ഇക്കാലത്ത് എല്ലാം മാറി മറിഞ്ഞിരിക്കുന്നു. അക്ഷരശ്ലോകം ചൊല്ലുന്നവര്‍ക്കു “സുസ്വരം എന്ന സൗഭാഗ്യം” ഉണ്ടായിരിക്കണം എന്നും അക്ഷരശ്ലോകം “സംഗീതഗന്ധി” ആയിരിക്കണം എന്നും ഒക്കെ യാതൊരു ഉളുപ്പും ഇല്ലാതെ തട്ടി മൂളിക്കുന്ന “മഹാന്മാര്” ഉണ്ട്. അവരുടെപുരോഗമനവാദത്തിന്റെ മറവില്‍ മധുരസ്വരക്കാരും പാട്ടുകാരും ആയ ശിങ്കിടികളെയും കണ്ണിലുണ്ണികളെയും ജയിപ്പിക്കാന്‍ തല്പരകക്ഷികള്ക്ക് അനായാസം സാധിക്കുന്നു.
പതിനായിരം ശ്ലോകങ്ങള്‍ പഠിച്ചിട്ടുള്ള കെ.സി. അബ്രഹാമിനെ എലിമിനേറ്റു ചെയ്തിട്ടു നൂറു ശ്ലോകങ്ങള്‍ മാത്രം പഠിച്ചിട്ടുള്ള ഒരു പാട്ടുകാരിയെ ജയിപ്പിക്കാന്‍ ഇക്കാലത്തു യാതൊരു പ്രയാസവും ഇല്ല.
അക്ഷരശ്ലോകത്തില്‍ സംഗീതം എന്ന മായം ചേര്‍ക്കല്‍ സര്‍വ്വസാധാരണം ആയപ്പോള്‍ സംഗീതമത്സരങ്ങളുടെ അവിഭാജ്യഘടകങ്ങളായ മാര്‍ക്കിടല്‍, എലിമിനേഷന് മുതലായവയും അക്ഷരശ്ലോകമത്സരരംഗത്തേക്കു പറിച്ചു നടപ്പെട്ടു. അക്ഷരശ്ലോകരംഗത്തു പണ്ടെങ്ങും കേട്ടുകേഴ്വി പോലും ഇല്ലാത്ത കോപ്രായങ്ങളാണ് ഇവയൊക്കെ.
അസ്ഥാനത്തുള്ള ഏതും അഴുക്കാണ് (anything out of place is dirt) എന്നാണ് ആപ്തവാക്യം. സംഗീതം വളരെ നല്ല ഒരു കാര്യം ആണെങ്കിലും അക്ഷരശ്ലോകത്തില്‍ അത് അസ്ഥാനത്താണ്. അതുകൊണ്ടുതന്നെ അവിടെ അതു dirt ആണ്. അക്ഷരശ്ലോകത്തെ “സംഗീതഗന്ധി” ആക്കുന്നവര്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുകയും അവരുടെ കയ്യടി നേടുകയും ഒക്കെ ചെയ്യുമെങ്കിലും സഹജീവികളെ ദ്രോഹിക്കുകയാണ് അവര്‍ ചെയ്യുന്നത്. സംഗീതഗന്ധിയാക്കിയ അക്ഷരശ്ലോകം ഒരു dirty and adulterated stuff ആണ്.
പരിശുദ്ധമായ അക്ഷരശ്ലോകം വേണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ഈ മായംചേര്‍ക്കല്‍ വീരന്മാരെയും അവര്‍ക്കു മറ പിടിച്ചു കൊടുക്കുന്ന ആസ്വാദ്യതാവാദികളെയും തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.