വിദേശരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനുള്ള കുരുമുളകു, കശുവണ്ടി മുതലയാവയ്ക്കു നല്ല ഗുണനിലവാരം കൂടിയേ തീരൂ. അത് എങ്ങനെയാണ് ഉറപ്പുവരുത്തുക? അരിച്ചുമാറ്റല്‍ എന്ന പ്രക്രിയയിലൂടെയാണ് അതു സാധിക്കുന്നത്.
നല്ല മുഴുത്ത കുരുമുളകുമണികള്‍ മാത്രം തങ്ങിനില്ക്കുന്ന അരിപ്പ ഉപയോഗിച്ചു കുരുമുളക് അരിക്കുന്നു. ഗുണനിലവാരം കുറഞ്ഞതെല്ലാം അരിച്ചുമാറ്റപ്പെടുന്നു. ഇങ്ങനെ അരിച്ചുകിട്ടിയ കുരുമുളകിന്റെ ഓരോ മണിയും എടുത്തു നോക്കി മൂല്യം നിര്‍ണ്ണയിക്കേണ്ട ആവശ്യമില്ല. മൊത്തം തൂക്കം നോക്കി വില നിശ്ചയിക്കാം.
കശുവണ്ടിയുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെ. വലിപ്പം കുറഞ്ഞതും പൊടിഞ്ഞതും കരിഞ്ഞതും എല്ലാം വകഞ്ഞു മാറ്റപ്പെടും. ബാക്കി ഉള്ളതിനു മൊത്തം തൂക്കം കണക്കാക്കി വില നിശ്ചയിക്കാം. ഓരോ പരിപ്പും എടുത്തു നോക്കി മൂല്യം നിര്‍ണ്ണയിക്കേണ്ട ആവശ്യമില്ല.
വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുമ്പോഴും ഇങ്ങനെ ഒരു അരിച്ചുമാറ്റല്‍ പ്രക്രിയ ഉണ്ട്. പതിനെട്ടു വയസ്സു തികയാത്തവരെല്ലാം അരിച്ചുമാറ്റപ്പെടും. ഭ്രാന്താശുപത്രിയിലും ജയിലിലും കഴിയുന്ന പൌരന്മാരും അരിച്ചു മാറ്റപ്പെടും. ബാക്കി ഉള്ളവര്‍ക്കു തുല്യ വിലയാണ്. ലിസ്റ്റിലുള്ള ഓരോ വോട്ടറുടെയും വിദ്യാഭ്യാസയോഗ്യതയും പ്രബുദ്ധതയും ഒക്കെ അളന്നു മൂല്യനിര്‍ണ്ണയം നടത്തേണ്ട ആവശ്യമില്ല.
അക്ഷരശ്ലോകത്തിലും ഇത്തരത്തില്‍ ഒരു അരിച്ചുമാറ്റല്‍ പ്രക്രിയ ഉണ്ട്. ആദ്യമായി വൃത്തമില്ലാക്കവിത, ഗദ്യകവിത, അത്യന്താധുനികന് മുതലായ ചവറുകള്‍ അരിച്ചു മാറ്റുന്നു. പിന്നീടു കേക, കാകളി മുതലായ ഭാഷാവൃത്തങ്ങളില്‍ ഉള്ള രചനകളും അരിച്ചുമാറ്റുന്നു. ബാക്കിയുള്ളവയില്‍ നിന്ന് അനുഷ്ടുപ്പ് ശ്ലോകങ്ങള്‍ മുഴുവന്‍ അരിച്ചു മാറ്റുന്നു. ശേഷിക്കുന്നവയില്‍ നിന്നു “വൃന്ദാവനത്തില്‍ മരുവീടിന വാസുദേവാ” പോലെ വൃത്തഭംഗമുള്ള വികലസൃഷ്ടികള്‍ അരിച്ചു മാറ്റുന്നു. അതോടൊപ്പം തന്നെ “ആറ്റില്ക്കിടന്നു ചില കന്യകമാര്‍ കുളിക്കും” എന്ന പോലെയുള്ള അശ്ലീലരചനകളും അരിച്ചുമാറ്റുന്നു. ഇതൊന്നും പോരാഞ്ഞിട്ടു വ്യാകരണത്തെറ്റു, ഭാഷാപരമായ വൈകല്യം മുതലായ ദോഷങ്ങള്‍ ഉള്ളവയും അരിച്ചു മാറ്റപ്പെടും. ഇതിനെല്ലാം പുറമേ അപൂര്‍ണ്ണമായി ചൊല്ലിയവയും തപ്പിത്തടഞ്ഞു ചൊല്ലിയവയും ഒക്കെ തിരസ്കരിക്കും.
ഇത്രയും വിശാലമായ ഒരു അരിച്ചുമാറ്റലിനു ശേഷം ബാക്കി നില്ക്കുന്ന ശ്ലോകങ്ങള്‍ മാത്രമാണു പരിഗണനാര്‍ഹമാകുന്നത്. ഈ ശ്ലോകങ്ങള്‍ ഓരോന്നും ചികഞ്ഞു നോക്കി മൂല്യനിര്‍ണ്ണയം നടത്തേണ്ട യാതൊരാവശ്യവും ഇല്ല. സ്വീകരിക്കപ്പെട്ട ശ്ലോകങ്ങളുടെ മൊത്തം എണ്ണം കണക്കാക്കി ജയാപജയങ്ങള്‍ നിശ്ചയിക്കാം.
പക്ഷേ ഇത്തരം കാര്യങ്ങള്‍ എത്ര പറഞ്ഞാലും ചില ഉന്നതന്മാരുടെ തലയില്‍ കയറുകയില്ല. അവര്‍ക്കു പിന്നെയും മൂല്യനിര്‍ണ്ണയം എന്ന ഒരു പൊങ്ങച്ചം കൂടി ഇല്ലാതെ പറ്റുകയില്ല. അവര്‍ മൂല്യനിര്‍ണ്ണയം നടത്തട്ടെ. എന്നിട്ടു മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കട്ടെ. നമുക്കു ശരിയായ വഴിയിലൂടെ മുന്നോട്ടു നീങ്ങാം.