അക്ഷരശ്ലോകമത്സരരംഗത്തു നടമാടുന്ന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നീതിക്കു നിരക്കാത്തതും ആയ രണ്ടു കൊള്ളരുതായ്മകളാണ് എലിമിനേഷനും കുലിമിനേഷനും.
ശ്ലോകങ്ങള്‍ നല്ലതുപോലെ പഠിച്ചു കൊണ്ടു വന്നു തെറ്റു കൂടാതെ ചൊല്ലുന്നവരെ സ്വരമാധുര്യവും മറ്റും അളന്നിട്ട മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ധിക്കാരപൂര്‍വ്വം പുറന്തള്ളുന്ന ഏര്‍പ്പാടാണ് എലിമിനേഷന്. അച്ചു മൂളാതെ ചൊല്ലി വിജയത്തോടടുക്കുന്ന മിടുക്കനെ പുകച്ചു പുറത്തു ചാടിച്ചു പരാജിതന് എന്നു മുദ്ര കുത്തി ഒഴിച്ചു വിടാന്‍ ഇതിലും നല്ല സൂത്രവിദ്യയില്ല.
എലിമിനേഷന്റെ നേരേ വിപരീതമായ ഒരേര്‍പ്പാടാണു കുലിമിനേഷന്. ശ്ലോകങ്ങള്‍ നേരേ ചൊവ്വേ പഠിക്കാതെ വന്നിരുന്നിട്ടു കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കുകയോ തെറ്റിച്ചും തപ്പിത്തടഞ്ഞും അപൂര്‍ണ്ണമായും ഒക്കെ ചൊല്ലി സഭയില്‍ പരിഹാസ്യരാകുകയോ ചെയ്യുന്ന ശിങ്കിടികളെയും കണ്ണിലുണ്ണികളെയും പുറത്താക്കാതെ മത്സരത്തില്‍ തുടരാന്‍ അനുവദിക്കലാണ് ഈ കോപ്രായം. അച്ചുമൂളി സംശയാതീതമായി പരാജയപ്പെട്ടു കഴിഞ്ഞ മൂന്നാംകിടക്കാരനായ ശിങ്കിടിയെ യാതൊരുളുപ്പും ഇല്ലാതെ തുടര്‍ന്നു ചൊല്ലാന്‍ അനുവദിച്ചു മാര്‍ക്കു വാരിക്കോരിക്കൊടുത്തു വിജയിയാക്കി മാറ്റാനുള്ള ഈ സൂത്രവിദ്യയ്ക്ക് അനുദിനം പ്രചാരം ഏറി വരികയാണ്.
ഈ രണ്ടു കുടിലതന്ത്രങ്ങളും കൂടി ഒരുമിച്ചു പ്രയോഗിച്ചാല്‍ സ്വന്തക്കാരെ ജയിപ്പിക്കാനുള്ള കുറുക്കുവഴി മലര്‍ക്കെ തുറന്നു കിട്ടും.
ഇതിലും വലിയ “നേട്ടങ്ങള്‍” സ്വപ്നങ്ങളില്‍ മാത്രം.