അക്ഷരശ്ലോകത്തില്‍ അച്ചുമൂളിയവര്‍ക്കു ജയിക്കാന്‍ യാതൊരവകാശവും ഇല്ല. ഫുട്ബാള്‍ മത്സരത്തില്‍ ഗോളടിക്കാത്തവര്ക്കും ചതുരംഗത്തില്‍ അടിയറവു പറഞ്ഞവര്‍ക്കും ജയിക്കാന്‍ അവകാശമില്ല എന്നു പറയുന്നതു പോലെയുള്ള പരിപാവനവും അടിസ്ഥാനപരവും ആയ ഒരു നിയമമാണ് ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം വരെ അച്ചുമൂളിയവരെ ജയിപ്പിച്ച ചരിത്രമേ ഇല്ല. പക്ഷേ അതിനു ശേഷം ചില ഉന്നതന്മാര് തങ്ങളുടെ ശിങ്കിടികളും കണ്ണിലുണ്ണികളും അച്ചുമൂളിയാലും അവരെത്തന്നെ ജയിപ്പിക്കാന്‍ തക്കവണ്ണം നിയമങ്ങള്‍ തിരുത്തിയെഴുതി.
അക്ഷരശ്ലോകമത്സരത്തില്‍ വിജയികളെ കണ്ടെത്തേണ്ടതു മാര്ക്കിട്ടാണെന്നും മാര്‍ക്കു കൂടുതല്‍ ഉള്ളവര്‍ അച്ചു മൂളിയാലും അവരെത്തന്നെ ജയിപ്പിക്കാമെന്നും ആയിരുന്നു അവര്‍ സൃഷ്ടിച്ച പുതിയ നിയമം. ഇരുപതു റൗണ്ട് ഉള്ള മത്സരത്തില്‍ പതിനാറു റൌണ്ടു ചൊല്ലിയവരെ ജയിപ്പിച്ച ചരിത്രം പോലും ഉണ്ട്. അറിവു വളരെ കുറഞ്ഞവരും അതുകൊണ്ടുതന്നെ ജയിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ലാത്തവരും വിദ്വത്സദസ്സില്‍ തുരുതുരെ അച്ചുമൂളി തങ്ങളുടെ വിജ്ഞാനപാപ്പരത്തം കരതലാമലകം പോലെ വെളിപ്പെടുത്തി മിഴിച്ചിരിക്കുന്നവരും ആയ മൂന്നാംകിട മത്സരാര്‍ത്ഥികളെ ഇങ്ങനെ ഹീനമായ കുടിലതന്ത്രങ്ങളിലൂടെ ജയിപ്പിച്ചിട്ട് അവരെ വിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര്, പ്രതിഭാശാലികള്‍ എന്നൊക്കെ വാനോളം പുകഴ്ത്താന്‍ ഈ ഉന്നതന്മാര്ക്കു യാതൊരുളുപ്പും ഇല്ല.
അക്ഷരശ്ലോകത്തെ അശുദ്ധവും അപവിത്രവും ആക്കി മാറ്റിയാലും കുഴപ്പമില്ല, ഞങ്ങള്‍ക്കു ഞങ്ങളുടെ ഇഷ്ടക്കാരെ ജയിപ്പിച്ചേ തീരൂ എന്നതാണ് ഇക്കൂട്ടരുടെ മനോഭാവം.