അധഃകൃതവര്‍ഗ്ഗക്കാരെ സൃഷ്ടിക്കുന്ന പരിഷ്കാരം

ദൈവം മനുഷ്യരെ സൃഷ്ടിച്ചു. മനുഷ്യര്‍ ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചു. എന്നിട്ട് അതിന്‍റെ ഉത്തവാദിത്വം ദൈവത്തിന്‍റെ തലയില്‍ കെട്ടി വച്ചുകൊടുത്തു. “ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം” എന്നു ദൈവം പറയുന്നതായി ഒരു പ്രക്ഷിപ്തശ്ലോകം ചമച്ചു ഭഗവദ്ഗീതയില്‍ തിരുകിക്കയറ്റിയിട്ടു ലോകരെ മുഴുവന്‍ കബളിപ്പിച്ചു. അങ്ങനെ ഒരു കൂട്ടരെ ചവിട്ടി താഴ്ത്തിയിട്ടു മറ്റൊരു കൂട്ടര്‍ ഉന്നതന്മാരായി വിലസി.

ഇതുപോലെ ഒരു കബളിപ്പിക്കല്‍ പ്രസ്ഥാനം അക്ഷരശ്ലോകരംഗത്തും അരങ്ങേറി. അക്ഷരശ്ലോകം സൃഷ്ടിച്ചവര്‍ക്കു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ എന്ന ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ല. അവര്‍ സൃഷ്ടിച്ചതു സമത്വസുന്ദരമായ ഒരു സാഹിത്യവിനോദം ആയിരുന്നു. ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചാലും ഇല്ലെങ്കിലും തെറ്റു കൂടാതെ ശ്ലോകങ്ങള്‍ ചൊല്ലാന്‍ കഴിവുള്ള ഏവര്‍ക്കും ഈ രംഗത്ത്‌ എത്ര വേണമെങ്കിലും ഉയരാന്‍ കഴിയുമായിരുന്നു. സ്വരമാധുര്യം, പാട്ടു, സാഹിത്യമര്‍മ്മജ്ഞത ഇതൊന്നും ഇല്ലാത്ത വെറും സാധാരണക്കാര്‍ക്കും വിജയിക്കാന്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല.

പക്ഷേ 1955ല്‍ പൊടുന്നനെ ഒരു കൂട്ടം ഉന്നതന്മാര്‍ ഈ രംഗത്തേക്ക് ഇടിച്ചുകയറി വരികയും അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണെന്ന ഒരു തട്ടിപ്പു സിദ്ധാന്തം പടച്ചുണ്ടാക്കി പൊതുജനങ്ങളെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയും സമത്വസുന്ദരം ആയിരുന്ന ഈ സാഹിത്യവിനോദത്തെ ജന്മസിദ്ധമായ ചില മേന്മകള്‍ ഉള്ള ഏതാനും ഭാഗ്യവന്മാരുടെ കുത്തകയാക്കി മാറ്റുകയും ചെയ്തു. ശബ്ദമേന്മ, സംഗീതഗന്ധിയായ അവതരണശൈലി, സാഹിത്യമര്‍മ്മജ്ഞത, സംസ്കൃതപാണ്ഡിത്യം, കവിത്വം മുതലായവയായിരുന്നു ഈ ഭാഗ്യവാന്മാരുടെ കൈമുതല്‍. അചിരേണ അവര്‍ ഉന്നതന്മാരും മറ്റുള്ളവരെല്ലാം അധഃകൃതന്മാരും ആയി മാറി. വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഈ ഉന്നതന്മാര്‍ ഈ രംഗത്തു നിന്നു കിട്ടാവുന്ന എല്ലാ നേട്ടങ്ങളും ചുളുവില്‍ സ്വന്തമാക്കി.

അക്ഷരശ്ലോകമത്സരങ്ങളില്‍ മറ്റുള്ളവര്‍ പങ്കെടുത്താല്‍ ഉന്നതന്മാര്‍ അവരെ നിഷ്കരുണം എലിമിനേറ്റു ചെയ്യും. ഉന്നതന്മാര്‍ അച്ചു മൂളിയാലും ഉളുപ്പില്ലാതെ അവര്‍ തന്നെ വിജയം അടിച്ചെടുക്കുകയും ചെയ്യും. അതിനുള്ള കുടിലതന്ത്രങ്ങള്‍ എല്ലാം അവര്‍ ഒപ്പിച്ചു വച്ചിട്ടുണ്ട്.

ഈ മാറ്റത്തെ “വമ്പിച്ച പുരോഗമനം” , “അക്ഷരശ്ലോകത്തിന്‍റെ വിലയും നിലയും കൂട്ടുന്ന പരിഷ്കാരം” എന്നൊക്കെയാണു തല്‍പ്പരകക്ഷികള്‍ വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണല്ലോ അക്ഷരശ്ലോകത്തിന്‍റെ ലക്ഷ്യം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s