സ്കൂളില്‍ എന്റെ സഹപാഠിയായി ഒരു മാധവന് ഉണ്ടായിരുന്നു. കലശലായ പന്തുകളിഭ്രമം ഉണ്ട്. പക്ഷേ സ്വന്തമായി പന്തുള്ള ആരെങ്കിലും വിളിച്ചാലേ കളിക്കാന്‍ പറ്റൂ. അതിനാല്‍ എങ്ങനെയെങ്കിലും തനിക്ക് ഒരു പന്തു വാങ്ങണം എന്നു മാധവന് തീരുമാനിച്ചു. ആറ്റു നോറ്റു മിച്ചം പിടിച്ച പണം കൊണ്ടു നല്ല ഒരു റബ്ബര്‍ പന്തു വാങ്ങി. ഇനി വീട്ടില്‍ ചെന്ന് അയല്പക്കത്തെ കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി ഇഷ്ടം പോലെ കളിച്ചു തകര്‍ക്കാമല്ലോ.
വൈകുന്നേരം പന്തും കൊണ്ടു വീട്ടിലേക്കു പോകുന്ന വഴിക്കു പന്ത് ഒന്നു തട്ടി നോക്കി. നല്ല ബൌണ്‍സ് ഉള്ള പന്ത് ആയതുകൊണ്ട് അത് ഉയര്‍ന്നു ബഹുദൂരം മുന്നോട്ടു പോയി വഴിയരികില്‍ വീണു കിടന്നു. മാധവന് അതിന്റെ അടുത്ത് എത്താന്‍ കഴിയുന്നതിനു മുമ്പു തന്നെ മുമ്പേ നടന്നിരുന്ന ഒരു തട്ടാന്റെ കണ്ണില്‍ ആ പന്തു പെട്ടു. വഴിയരികില്‍ അനാഥമായി കിടന്ന പന്ത് അയാള്‍ എടുത്തു തന്റെ പണിയായുധങ്ങളുടെ കൂട്ടത്തില്‍ നിക്ഷേപിച്ചു.
ഇതു കണ്ട മാധവന് ഓടി അടുത്തു ചെന്നു പന്തു തന്റേതാണെന്നും അതു തനിക്കു തരണമെന്നും പറഞ്ഞു. പക്ഷേ തട്ടാന്‍ പന്തു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. “എനിക്കു വഴിയില്‍ നിന്നു കിട്ടിയ പന്താണ്. ഇതു ഞാന്‍ ആര്‍ക്കും കൊടുക്കുകയില്ല” എന്നായി അയാള്‍. ഞങ്ങള്‍ മാധവനു വേണ്ടി സാക്ഷി പറഞ്ഞെങ്കിലും അയാള്‍ വക വച്ചില്ല. “പന്തു നിങ്ങളുടെ ആണെന്നതിന് എന്താണു തെളിവ്? നിങ്ങള്‍ എല്ലാവരും കൂടി ഒത്തു ചേര്‍ന്ന് എന്റെ പന്തു തട്ടിയെടുക്കാന്‍ ശ്രമിക്കുകയല്ലേ?” ഇങ്ങനെ പോയി അയാളുടെ തടസ്സവാദങ്ങള്‍. മാധവന് കരഞ്ഞു പറഞ്ഞിട്ടും അയാള്‍ പന്തു കൊടുത്തില്ല. അയാള്‍ പന്തും കൊണ്ടു പോവുക തന്നെ ചെയ്തു.
ഇതാണു മനുഷ്യസ്വഭാവം. വീണു കിട്ടിയതു വിട്ടു കൊടുക്കുകയില്ല. നിങ്ങള്‍ക്കു പൂര്‍ണ്ണമായും അവകാശപ്പെട്ട വസ്തു ആയാലും മറ്റൊരാളിനു വീണു കിട്ടിയാല്‍ അത് അയാളുടേതായി മാറും. താനാണ് അതിന്റെ ഉടമസ്ഥന് എന്നു പറയാന്‍ അയാള്‍ക്കു യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടാവുകയില്ല. യഥാര്‍ത്ഥ ഉടമസ്ഥന് കരഞ്ഞു പറഞ്ഞാലും അയാള്‍ക്ക് ഒട്ടും അലിവു തോന്നുകയും ഇല്ല.
അക്ഷരശ്ലോകക്കാര്‍ സംസ്കാരസമ്പന്നന്മാര്‍ ആണെന്നു പറയപ്പെടുന്നു. പക്ഷേ അവരും ഈ സ്വഭാവത്തില്‍ നിന്നു മുക്തരല്ല. 1955 ല്‍ ഒരു കൂട്ടം ഉന്നതന്മാര് അക്ഷരശ്ലോകസര്വ്വജ്ഞന്മാരായി ഭാവിച്ച് ഇടിച്ചുകയറി വരികയും അവര്‍ക്കു തോന്നിയതുപോലെ മത്സരങ്ങള്‍ നടത്തി അവര്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങി. ഒന്നാം കിടക്കാരായ പലരെയും അവര്‍ എലിമിനേറ്റു ചെയ്യുകയും ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഉള്ള ചില രണ്ടാംകിടക്കാരെയും മൂന്നാംകിടക്കാരെയും ജയിപ്പിച്ചു വിദഗ്ദ്ധന്, പ്രഗല്ഭന്, പ്രതിഭാശാലി മുതലായ പട്ടങ്ങള്‍ കൊടുത്ത് അത്യുന്നതങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ “പ്രതിഭാശാലികള്‍” അക്ഷരശ്ലോകചക്രവര്ത്തിമാരായി മറ്റുള്ളവരെ അടക്കി ഭരിക്കാന്‍ തുടങ്ങി. അവര്‍ തങ്ങളെപ്പോലെയുള്ളവരെ കൈ പിടിച്ചുയര്‍ത്തി കൂടുതല്‍ കൂടുതല്‍ പ്രതിഭാശാലികളെ സൃഷ്ടിക്കുന്നതും പതിവാക്കി.
യഥാര്‍ത്ഥ വിദഗ്ദ്ധന്മാര് കരഞ്ഞു പറഞ്ഞാലും, ലോകം മുഴുവന്‍ അവര്‍ക്കു വേണ്ടി സാക്ഷി പറഞ്ഞാലും ഒരു ഫലവും ഉണ്ടാവുകയില്ല. സര്വ്വജ്ഞമാനികളുടെ ചിന്താശൂന്യത കാരണം വീണു കിട്ടിയ വിദഗ്ദ്ധപട്ടം വിട്ടു കൊടുക്കാന്‍ ഈ “പ്രതിഭാശാലികള്‍” തയ്യാറാകുമെന്നു പ്രതീക്ഷിക്കാനേ വയ്യ.