ധനാഢ്യന്മാരുടെ പൊങ്ങച്ചം

അക്ഷരശ്ലോകത്തെ വഴി തെറ്റിച്ചും കാടു കയറ്റിയും നശിപ്പിക്കുന്ന ഘടകങ്ങളില്‍ സുപ്രധാനമായ  ഒന്നാണു ധനാഢ്യന്മാരുടെ പൊങ്ങച്ചം. മത്സരാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന മിക്ക കലകളും വിനോദങ്ങളും സംഘാടകര്‍ക്കു ധാരാളം പണം നേടിക്കൊടുക്കുന്നവയാണ്. ഉദാഹരണം സംഗീതം, ക്രിക്കറ്റ്‌, ഫുട്ബാള്‍. പക്ഷേ അക്ഷരശ്ലോകത്തിന് അങ്ങനെയൊരു ധനസമ്പാദനശക്തി തീരെ ഇല്ല. അക്ഷരശ്ലോകം ടിക്കറ്റ്‌ വച്ചു നടത്തിയാല്‍ ചില്ലിക്കാശു പോലും കിട്ടുകയില്ല. പിന്നെ അക്ഷരശ്ലോകമത്സരം നടത്താന്‍ എന്താണു മാര്‍ഗ്ഗം? ധനാഢ്യന്മാരുടെ മുമ്പില്‍ കൈ നീട്ടുക തന്നെ.

ഇന്ന സ്ഥലത്തെ ഇന്നാര്‍ മെമ്മോറിയല്‍ സ്വര്‍ണ്ണമെഡലിനു വേണ്ടിയുള്ള അക്ഷരശ്ലോകമത്സരം എന്നു പേരിടുകയും പ്രസ്തുത മാന്യന്‍റെ ഒരു ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്താല്‍ ഒരു പവന്‍റെ സ്വര്‍ണ്ണമെഡലിനുള്ള പണം നിര്‍ലോഭമായി ദാനം ചെയ്യാന്‍ തയ്യാറുള്ള ധനാഢ്യന്മാര്‍ ധാരാളമുണ്ട്. പക്ഷേ അവരെല്ലാം പൊങ്ങച്ചത്തിന്‍റെ അടിമകളാണ്. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമേന്മ എന്നൊക്കെ കൊട്ടി ഘോഷിച്ചുകൊണ്ടു നടക്കുന്ന ഉന്നതന്മാരും സ്ഥലത്തെ പ്രധാന ദിവ്യന്മാരും കൂടി വന്നിരുന്നു മാര്‍ക്കിട്ടു നടത്തുന്ന മത്സരങ്ങള്‍ക്കു മാത്രമേ അവര്‍ പണം നല്‍കുകയുള്ളൂ. “നാല്‍ക്കാലി ചൊല്ലി ജയിക്കാവുന്ന മത്സരം”, ആസ്വാദ്യതയില്ലാത്ത മത്സരം”, “നിലവാരം കുറഞ്ഞ മത്സരം” എന്നൊക്കെ നാട്ടുകാര്‍ കുറ്റം പറയരുതല്ലോ. മാര്‍ക്കിടല്‍ ഇല്ലെങ്കില്‍ നിലവാരം കുറഞ്ഞ തല്ലിപ്പൊളി മത്സരം ആയിപ്പോകും എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അഥവാ അവരെ അങ്ങനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

യഥാര്‍ത്ഥ അക്ഷരശ്ലോകമത്സരത്തില്‍ മാര്‍ക്കിടലിന്‍റെ യാതൊരാവശ്യവും ഇല്ല. പക്ഷേ അത്തരം മത്സരത്തിനുവേണ്ടി ഒരു ധനാഢ്യനും ഒരു ചില്ലിക്കാശു പോലും ദാനം ചെയ്യുകയില്ല. മാര്‍ക്കിട്ടു മധുരസ്വരക്കാരെയും പാട്ടുകാരെയും ജയിപ്പിക്കുന്ന പൊങ്ങച്ചപ്രകടനങ്ങള്‍ക്കു മാത്രമേ പണം കൊടുക്കുകയുള്ളൂ.

യഥാര്‍ത്ഥ അക്ഷരശ്ലോകം ശുഷ്കിച്ചു പോകാനും ധനാഢ്യന്മാരെ തൃപ്തിപ്പെടുത്തുന്ന ഇത്തരം പൊങ്ങച്ചപ്രകടനങ്ങള്‍ തഴച്ചു വളരാനും ഇതു കാരണമാകുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s