1955 ഏപ്രില്‍ മാസത്തിലെ ഒരു സുപ്രഭാതത്തില്‍ തൃശ്ശൂരിലെ പ്രതാപശാലികളായ ഏതാനും അക്ഷരശ്ലോകപണ്ഡിതന്മാര് ഒത്തുചേര്‍ന്ന് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി.
“ഇപ്പോള്‍ അക്ഷരശ്ലോകം ചൊല്ലുന്നവര്‍ നാല്ക്കാലിശ്ലോകങ്ങളും അമ്മായിശ്ലോകങ്ങളും ഒക്കെയാണു ചൊല്ലാറുള്ളത്. സാഹിത്യമൂല്യത്തെപ്പറ്റി ആരും ശ്രദ്ധിക്കുന്നില്ല. ശ്രോതാക്കള്‍ക്കു തങ്ങളുടെ ചൊല്ലല്‍ ആസ്വാദ്യം ആകുന്നുണ്ടോ എന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. എങ്ങനെയെങ്കിലും ശ്ലോകം ചൊല്ലി അച്ചു മൂളല്‍ ഒഴിവാക്കണം എന്നതു മാത്രം ആയിരിക്കുന്നു അവരുടെ ലക്ഷ്യം. ഞങ്ങള്‍ ഇതില്‍ മാറ്റം വരുത്തി അക്ഷരശ്ലോകത്തിന്റെ നിലയും വിലയും ആസ്വാദ്യതയും വര്‍ദ്ധിപ്പിച്ച് ഇതിനെ ഒരു ഉത്തമകല എന്ന നിലയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിമേല്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും ശ്രോതാക്കള്‍ക്ക് അര്‍ത്ഥബോധം ഉളവാകുന്ന വിധത്തില്‍ ഭംഗിയായും ആസ്വാദ്യമായും അവതരിപ്പിക്കുന്നവരെ മാത്രമേ ഞങ്ങള്‍ അക്ഷരശ്ലോകം ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. അല്ലാത്തവരെയെല്ലാം ഞങ്ങള്‍ എലിമിനേറ്റു ചെയ്യും. നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി അവതരിപ്പിക്കുന്നവര്‍ മാത്രമേ ജയിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്താന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ ഒരുക്കുന്നതാണ്”.
ഇത് കേട്ട അക്ഷരശ്ലോകക്കാര്‍ എല്ലാവരും അത്യധികം സന്തോഷിക്കുകയും പണ്ഡിതന്മാരെ വാനോളം പുകഴ്ത്തുകയും ചെയ്തു. “എന്തൊരു മൂല്യബോധം! എന്തൊരു കലാബോധം! എന്തൊരു ബുദ്ധിശക്തി! എന്തൊരു ചിന്താശക്തി! എന്തൊരു പുരോഗമനം!” എന്നൊക്കെ അവര്‍ പണ്ഡിതന്മാരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടി.
പണ്ഡിതന്മാര് വര്ദ്ധിതവീര്യന്മാരായി പരിഷ്കൃതരീതിയിലുള്ള മത്സരങ്ങള്‍ നടത്താന്‍ തുടങ്ങി. ധനാഢ്യന്മാര് പണ്ഡിതന്മാര്ക്കു നിര്‍ലോഭമായി സ്വര്‍ണ്ണവും പണവും വാരിക്കോരി കൊടുക്കാനും തുടങ്ങി. നൂതനമത്സരങ്ങളില് ജയിക്കുന്നവര്‍ക്ക് ഒരു പവന്റെ സ്വര്‍ണ്ണമെഡല്‍ കിട്ടുമെന്നായി. അങ്ങനെ അക്ഷരശ്ലോകത്തിന്റെ സുവര്‍ണ്ണയുഗം ആരംഭിച്ചു.
പക്ഷേ പിന്നീട് ഉണ്ടായതെല്ലാം അപശകുനങ്ങള്‍ ആയിരുന്നു. കാലക്രമത്തില്‍ ഒരു കാര്യം വെളിപ്പെട്ടു. പണ്ഡിതന്മാര് നടത്തുന്ന മത്സരങ്ങളില്‍ ശബ്ദമേന്മ, സംഗീതഗന്ധിയായ ആലാപനശൈലി മുതലായ ജന്മസിദ്ധമായ ചില സൗഭാഗ്യങ്ങള്‍ ഉള്ളവര്‍ മാത്രമേ ജയിക്കുകയുള്ളൂ. ഇതൊന്നും ഇല്ലാത്ത സാധാരണക്കാര്‍ എത്ര കഠിനാദ്ധ്വാനം ചെയ്താലും അവര്‍ തോല്‍ക്കുകയോ എലിമിനേറ്റു ചെയ്യപ്പെടുകയോ ചെയ്യും. കുഞ്ഞുകുഞ്ഞ് ആദിശ്ശര്‍, കെ.സി. അബ്രഹാം, സ്വാമി കേശവാനന്ദസരസ്വതി, ഫാദര്‍ പി.കെ. ജോര്‍ജ്ജ് മുതലായ അതികായന്മാര് പോലും നിഷ്കരുണം എലിമിനേറ്റു ചെയ്യപ്പെട്ടു. ഇവരുടെ ഏഴയലത്തു പോലും വരാന്‍ യോഗ്യതയില്ലാത്ത ചിലര്‍ നാലും അഞ്ചും സ്വര്‍ണ്ണമെഡലുകള്‍ നേടി.
പണ്ഡിതന്മാരുടെ പരിഷ്കാരത്തിന്റെ കാതലായ അംശം സാഹിത്യമൂല്യവും അവതരണഭംഗിയും മറ്റും അളന്നുള്ള മാര്‍ക്കിടല്‍ ആണ്. സാഹിത്യമൂല്യത്തിനും നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും ഉള്ള ചൊല്ലലിനും ഒക്കെയാണു മാര്‍ക്കു കിട്ടുന്നത് എന്ന വാദം വെറും ഒരു ചപ്പടാച്ചി ആണെന്നു തെളിഞ്ഞു. യഥാര്‍ത്ഥത്തില്‍ മാര്‍ക്കു കിട്ടുന്നതു താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് ആണെന്നു കരതലാമലകം പോലെ വ്യക്തമായി.
1. ജന്മസിദ്ധമായ ശബ്ദമേന്മ.
2. സംഗീതഗന്ധിയായ ആലാപനശൈലി.
3. ഉദാത്താനുദാത്തസ്വരിതങ്ങളെപ്പറ്റിയുള്ള അറിവ്.
4. സംസ്കൃതപരിജ്ഞാനം.
അവരുടെ മത്സരങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിജയസാദ്ധ്യത വളരെ കൂടുതലാണെന്നു തെളിഞ്ഞു. ചില ഭാഗ്യവാന്മാര് സ്ഥിരം ജേതാക്കളായി മാറി. മറ്റുള്ളവര്‍ക്കു തലകുത്തി നിന്നു തപസ്സു ചെയ്താലും ഒന്നും കിട്ടാത്ത അവസ്ഥയുണ്ടായി.
അങ്ങനെ “വമ്പിച്ച പുരോഗമനം” എന്നു കൊട്ടി ഘോഷിച്ച പരിഷ്കാരം തീരെ നിര്‍ഗ്ഗുണമായ ഒരു കോപ്രായം ആയിരുന്നു എന്നു തെളിഞ്ഞു. അറിവുള്ളവരെ പുറന്തള്ളിയിട്ടു സ്വരമാധുര്യം ഉള്ളവരെ ജയിപ്പിക്കുന്ന കോപ്രായം.
ചുരുക്കിപ്പറഞ്ഞാല്‍ മല എലിയെ പെറ്റു എന്നു പറഞ്ഞതു പോലെ ആയി അവരുടെ പരിഷ്കാരം.