പ്രതികരണശേഷി ഇല്ലാത്തവര്‍ കീഴടക്കപ്പെടും

ഏകദേശം ആയിരം കൊല്ലം മുമ്പുള്ള ഭാരതത്തിന്‍റെ അവസ്ഥ എങ്ങനെ ആയിരുന്നു? സ്വാമി രംഗനാഥാനന്ദ പറയുന്നതു കേള്‍ക്കുക :-

“കാബൂളില്‍ അലഞ്ഞു തിരിയുന്ന ഏതു ധനമോഹിക്കും അധികാരമോഹിക്കും പത്തിരുപത് അനുയായികളെ സംഘടിപ്പിച്ചാല്‍ ഭാരതതിലേക്കു കടന്ന് ആക്രമണം നടത്തി ഇവിടെയുള്ള മുതല്‍ സര്‍വ്വവും കൊള്ളയടിച്ചു കൊണ്ടു പോകുകയോ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കീഴടക്കി സാമ്രാജ്യം സ്ഥാപിക്കുകയോ ചെയ്യാമായിരുന്നു. കാര്യമായ എതിര്‍പ്പൊന്നും ഉണ്ടാവുകയില്ല”.

ഘസ്നിയും ഘോറിയും ഖില്‍ജിയും ബാബറും ഒക്കെ ഈ സുവര്‍ണ്ണാവസരം ശരിക്കു മുതലാക്കുക തന്നെ ചെയ്തു. അക്രമികള്‍ മാത്രമല്ല അവരുടെ അടിമകള്‍ പോലും ചക്രവര്‍ത്തിമാരായി ഭരിച്ചു. അങ്ങനെയാണ് അടിമവംശം എന്ന പേരില്‍ ഒരു രാജവംശം ഇവിടെ ഉണ്ടായത്.

ഇതുപോലെ ഒരു പരിതാപകരമായ ദുരവസ്ഥയായിരുന്നു ഏകദേശം 60 കൊല്ലം മുമ്പ് അക്ഷരശ്ലോകസാമ്രാജ്യത്തിലും ഉണ്ടായിരുന്നത്. അറുപതോ എഴുപതോ കാളിദാസശ്ലോകങ്ങള്‍ മനഃപാഠമാക്കിയിട്ടുള്ള ഏതൊരു മധുരസ്വരക്കാരനും പാട്ടുകാരനും ആസ്വാദകവേഷം കെട്ടാന്‍ തയ്യാറുള്ള ഏതാനും ശിങ്കിടികളെ ഒപ്പിച്ചെടുത്താല്‍ അക്ഷരശ്ലോകചക്രവര്‍ത്തിയാകാനും കേരളത്തിലെ എല്ലാ അക്ഷരശ്ലോകവിദഗ്ദ്ധന്മാരെയും അടക്കി ഭരിക്കാനും കഴിയുമായിരുന്നു. കാര്യമായ എതിര്‍പ്പൊന്നും എങ്ങുനിന്നും ഉണ്ടാവുകയില്ല. ഈ അവസ്ഥയെ ചിലര്‍ ശരിക്കും മുതലെടുത്തു.

ആസ്വാദകരെ സന്തോഷിപ്പിക്കുന്നു എന്ന ന്യായം പറഞ്ഞ് അവര്‍ ചക്രവര്‍ത്തി ചമഞ്ഞ്‌ ഈ സാമ്രാജ്യം അടക്കി ഭരിക്കാന്‍ തുടങ്ങി. അവര്‍ നിയമങ്ങള്‍ എല്ലാം അവര്‍ക്ക് അനുകൂലമായി തിരുത്തിയെഴുതി. അച്ചു മൂളിയവരെ ജയിപ്പിക്കാം എന്നു വരെ അവര്‍ പുതിയ നിയമം ഉണ്ടാക്കി. എന്നിട്ടും കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല. യഥാര്‍ത്ഥ വിദഗ്ദ്ധന്മാര്‍ എലിമിനേറ്റു ചെയ്യപ്പെട്ടു. അവരുടെ ഏഴയലത്തു വരാന്‍ പോലും യോഗ്യതയില്ലാത്ത ചിലര്‍ വാനോളം ഉയര്‍ത്തപ്പെടുകയും വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ വാഴ്ത്തപ്പെടുകയും ചെയ്യാന്‍ തുടങ്ങി. ശരിയായ വിദഗ്ദ്ധന്മാര്‍ക്കു ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലഞ്ഞു തിരിയേണ്ടി വന്നു.

എതിര്‍ക്കേണ്ടവരെ എതിര്‍ക്കേണ്ട സമയത്ത് എതിര്‍ത്തില്ലെങ്കില്‍ ഇതായിരിക്കും ഫലം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s