ഏതു മത്സരം ആയാലും അതിന്റെ സംഘാടകര്‍ക്കു ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിവുണ്ടായിരിക്കണം. അല്ലെങ്കില്‍ മത്സരം നിര്ഗ്ഗുണമായിപ്പോകും.
ഒരു ഹൈ ജംപ് മത്സരം ശരിയായി സംഘടിപ്പിക്കുന്നത് എങ്ങനെയാണ്? അളവുകള്‍ രേഖപ്പെടുത്തിയിട്ടുള്ള രണ്ടു സ്റ്റാന്‍ഡുകള്‍ക്കിടയില്‍ തൊട്ടാല്‍ താഴെ വീഴുന്ന വിധത്തില്‍ ഒരു വടി ഉറപ്പിക്കണം. മത്സരാര്‍ത്ഥികള്‍ വടിക്കു മുകളിലൂടെ ചാടണം. വടി താഴെ വീണാല്‍ ചാട്ടം ഫൗള്‍ ആകും. ഫൗള്‍ അല്ലാത്ത ചാട്ടങ്ങള്‍ മാത്രം സ്വീകരിക്കണം. സ്വീകാര്യമായ ചാട്ടത്തിന്റെ ഉയരം പരിഗണിച്ചു വിജയികളെ നിര്‍ണ്ണയിക്കണം. ഇതാണ് ശരിയായ രീതി.
ഇതിനു പകരം ചാട്ടത്തിന്റെ ഭംഗിയും ആസ്വാദ്യതയും ഒക്കെ അളന്നു മാര്‍ക്കിട്ടു ഫലം പ്രഖ്യാപിച്ചാല്‍ അത് അമ്പേ തെറ്റാകും. അതുകൊണ്ടാണു പറയുന്നതു ശരിയും തെറ്റും വേര്‍തിരിച്ച് അറിയാവുന്നവര്‍ വേണം മത്സരം നടത്താന്‍ എന്ന്.
ഇതുപോലെ അക്ഷരശ്ലോകത്തിലും ശരിയും തെറ്റും ഉണ്ട്. അനുഷ്ടുപ്പല്ലാത്ത ശ്ലോകങ്ങള്‍ അക്ഷരനിബന്ധന പാലിച്ചും തെറ്റു കൂടാതെയും തപ്പിത്തടയാതെയും ചൊല്ലിയാല്‍ സ്വീകാര്യമാകും. ഓരോ റൗണ്ടിലും സ്വീകാര്യമായ രീതിയില്‍ ഒരു ശ്ലോകം ചൊല്ലണം. ചൊല്ലാതിരുന്നാല് അച്ചുമൂളലാകും. അച്ചുമൂളിയവനെ പരാജിതന് എന്നു വിധിക്കണം.
അതിനു പകരം ശ്ലോകത്തിന്റെ സാഹിത്യമൂല്യം, ചൊല്ലിയവന്റെ സ്വരമാധുര്യം മുതലായവ അളന്നു മാര്‍ക്കിട്ടു വിധി പ്രസ്താവിച്ചാല്‍ അതു തെറ്റാകും.
ഇവിടെയും ശരിയും തെറ്റും വേര്‍തിരിച്ച് അറിയാവുന്നവര്‍ വേണം മത്സരം നടത്താന്‍. അല്ലെങ്കില്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. അത്തരം മത്സരങ്ങളെ നിര്‍ഗ്ഗുണം എന്നു തന്നെ പറയേണ്ടി വരും.
അക്ഷരശ്ലോകത്തില്‍ സാഹിത്യമൂല്യം അളക്കുന്നതു പോലും തെറ്റാണ്. അപ്പോള്‍ പിന്നെ സ്വരമാധുര്യം, സംഗീതം, ശൈലി മുതലായവ അളക്കുന്നതിനെപ്പറ്റി പറയേണ്ടതുണ്ടോ?