ആഢ്യന്മാരും അടിയാന്മാരും

സമത്വസുന്ദരവും സമാധാനപൂര്‍ണ്ണവും സന്തുഷ്ടവും ആയി പരിലസിക്കുന്ന ഏതു സമൂഹത്തിലും എപ്പോഴും സംഭവിക്കാവുന്ന ഒരു അത്യാഹിതമാണു തങ്ങള്‍ തങ്ങളുടെ സഹജീവികളെക്കാള്‍ ഉന്നതന്മാര്‍ ആണെന്നു സ്വയം പ്രഖ്യാപിക്കുന്ന ഒരു ആഢ്യവര്‍ഗ്ഗത്തിന്‍റെ ആവിര്‍ഭാവം. അതോടുകൂടി മറ്റുള്ളവര്‍ അധഃകൃതവര്‍ഗ്ഗക്കാരായ അടിയാന്മാരായി മാറും. അടിയാന്മാരുടെ എല്ലാ അവകാശങ്ങളും ആഢ്യന്മാര്‍ കവര്‍ന്നെടുത്ത് അവരെ അടക്കി ഭരിക്കും. അവകാശങ്ങളും സ്വാതന്ത്ര്യവും എല്ലാം നഷ്ടപ്പെട്ട അടിയാന്മാര്‍ വെറും അടിമകളുടെ നിലയിലേക്ക് അധഃപതിക്കും. അസമത്വം കൊടികുത്തി വാഴുന്ന ഈ സാഹചര്യത്തില്‍ അടിയാന്മാരുടെ സമാധാനം, സന്തുഷ്ടി എല്ലാം നഷ്ടപ്പെടും.

പ്രാചീനഭാരതത്തില്‍ ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം എന്നു പറഞ്ഞുകൊണ്ടു തുടങ്ങിയ ഒരു തൊഴില്‍ വിഭജനപദ്ധതി അവസാനം ചെന്നെത്തിയതു തീണ്ടല്‍ തൊടീല്‍ അയിത്തം മുതലായ അനാചാരങ്ങളിലാണ്‌. എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ചിലര്‍ സമൂഹത്തില്‍ ഉയര്‍ന്നു വരുമ്പോഴാണ് ഇത്തരം അത്യാഹിതം സംഭവിക്കുന്നത്‌. ബുദ്ധിശക്തി, തൊലിവെളുപ്പ്, ഊര്‍ജ്ജസ്വലത ഇങ്ങനെ പല ഘടകങ്ങളും ആഢ്യന്മാരുടെ ആവിര്‍ഭാവത്തിനു കാരണമാകാം. ആഢ്യന്മാരെ ദൈവം സൃഷ്ടിച്ചതു താഴ്ന്നവരെ കൊണ്ടു ജോലി ചെയ്യിക്കാന്‍ ആണെന്നും അതുകൊണ്ട് ആഢ്യന്മാര്‍ക്ക് ഒരു ജോലിയും ചെയ്യാതെ സുഖമായി ജീവിക്കാന്‍ അവകാശം ഉണ്ടെന്നും ഉള്ള ഒരു വിശ്വാസപ്രമാണവും വാദമുഖവും താമസിയാതെ പ്രചാരത്തില്‍ വരും. സാമൂഹ്യ ഉച്ചനീചത്വങ്ങളുടെ ഒരു ഘോഷയാത്രയാണു പിന്നീടു കാണുക.

സവര്‍ണ്ണമേധാവിത്വത്തിനു പുറമേ മുസ്ലീം മേധാവിത്വം, ബ്രിട്ടീഷ് മേധാവിത്വം മുതലായ പല മേധാവിത്വങ്ങളുടെയും ദൂഷ്യഫലങ്ങള്‍ നാം അനുഭവിച്ചിട്ടുണ്ട്. ആഢ്യമേധാവിത്വം അമേരിക്കയിലും ജര്‍മ്മനിയിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

സമത്വസുന്ദരവും ജനകീയവും ആയ ഏതു വ്യവസ്ഥിതിയിലും ഇങ്ങനെ ഒരു ആഢ്യവര്‍ഗ്ഗം ഉയര്‍ന്നു വന്ന് ആധിപത്യം സ്ഥാപിക്കാം. ആഢ്യന്മാരും അടിയാന്മാരും എന്ന ഒരു ചേരിതിരിവ്‌ ഉണ്ടാകാം. ഈ അത്യാഹിതം അക്ഷരശ്ലോകസാമ്രാജ്യത്തിലും നിര്‍ഭാഗ്യവശാല്‍ സംഭവിച്ചു. 1955 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തിലാണ് അക്ഷരശ്ലോകക്കാരുടെ ഇടയില്‍ ഒരു ആഢ്യവര്‍ഗ്ഗം ഉയര്‍ന്നു വന്നതും മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതും. അക്ഷരശ്ലോകരംഗത്തെ ആഢ്യന്മാരുടെ ഉല്‍കൃഷ്ടതാബോധ (superiority complex) ത്തിനു കാരണം സംസ്കൃതപാണ്ഡിത്യം, ശബ്ദമേന്മ, ഉന്നതങ്ങളിലെ സ്വാധീനശക്തി മുതലായ ചില ഘടകങ്ങള്‍ ആയിരുന്നു. മൂല്യവാദം, കലാവാദം, ആസ്വാദ്യതാവാദം മുതലായ ചില ചപ്പടാച്ചിവാദങ്ങള്‍ ഉന്നയിച്ച് അവര്‍ സ്വയം യജമാനന്മാരായി അവരോധിച്ചു. സാധാരണക്കാരോട് അവര്‍ ഇങ്ങനെ ഉല്‍ഘോഷിച്ചു:

“അക്ഷരശ്ലോകം കലയാണ്. അതുകൊണ്ടു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അക്ഷരശ്ലോകക്കാരുടെ ബാദ്ധ്യതയാണ്. ഈ ബാദ്ധ്യത നിറവേറ്റാന്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും മൂല്യം കൂടിയവരും ആയ ഞങ്ങള്‍ക്കു മാത്രമേ കഴിയൂ. മൂല്യം കുറഞ്ഞ നിങ്ങള്‍ ഞങ്ങളോടൊപ്പം ഇരുന്നു ചൊല്ലാന്‍ യോഗ്യരല്ല. നിങ്ങള്‍ ഞങ്ങളുടെ മത്സരത്തില്‍ ചേര്‍ന്നാല്‍ ഞങ്ങള്‍ നിങ്ങളെ എലിമിനേറ്റു ചെയ്യും. അതിനുള്ള അധികാരം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ ഇത്രയും വലിയ കേമന്മാര്‍ ആയതുകൊണ്ട് അച്ചുമൂളിയാലും ഞങ്ങള്‍ക്കു ജയിക്കാന്‍ അവകാശവും ഉണ്ട്.”

സാധാരണക്കാര്‍ക്ക് ഈ ആഢ്യന്മാരെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മലയപ്പുലയന്‍റെ ഗതി (അഥവാ ഗതികേട്) ഉണ്ടായി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s