ഇതു പറഞ്ഞതു ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം ആണ്. അദ്ദേഹത്തിനു വളരെ മുമ്പു ബെര്‍ട്രണ്ട് റസ്സലും ഇത് തന്നെ പറഞ്ഞിട്ടുണ്ട്. അതിനും മുമ്പു നെപ്പോളിയനും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. The world suffers a lot; not because of the violence of bad people, but because of the silence of good people. ലോകത്ത് അല്പമെങ്കിലും നീതി കാണപ്പെടുന്നതു ബുദ്ധിമാന്മാര് ഉള്ളതുകൊണ്ടല്ല; നട്ടെല്ലുള്ളവര്‍ ഏതാനും പേരെങ്കിലും ഉള്ളതുകൊണ്ടാണ്.
ബുദ്ധിയുള്ള സഹപ്രവര്‍ത്തകരെ വേണമെന്നു കണ്ണന്താനം ഒരിക്കലും നിര്‍ബ്ബന്ധം പിടിക്കാറില്ല. ബുദ്ധി അല്പം കുറഞ്ഞാലും നട്ടെല്ലുള്ളവര്‍ വേണമെന്നാണ് അദ്ദേഹം പറയാറ്.
കണ്ണന്താനത്തിന്റെ അഭിപ്രായം എല്ലാ അക്ഷരശ്ലോകക്കാരും മനസ്സിലാക്കിയിരിക്കേണ്ടതാണ്. അക്ഷരശ്ലോകരംഗത്ത് അടുത്ത കാലത്തായി പൊന്തി വന്നിട്ടുള്ള എല്ലാ നീതിനിഷേധങ്ങള്‍ക്കും കാരണം ബുദ്ധിയുള്ളവരുടെ നട്ടെല്ലില്ലായ്മയാണ്.
അക്ഷരശ്ലോകക്കാര്‍ തങ്ങള്‍ അതിബുദ്ധിമാന്മാരാണെന്ന് അഭിമാനിക്കുന്നവരാണ്. “അനേകവത്സരതപസ്യ”യും “അതിബുദ്ധി”യും കൊണ്ടാണത്രേ ഒരാള്‍ അക്ഷരശ്ലോകി ആകുന്നത്. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം? അച്ചു മൂളിയവരെ ജയിപ്പിക്കുന്നതു പോലെയുള്ള കടുത്ത അനീതി കാട്ടുന്ന ഉന്നതന്മാരുടെയും ധനാഢ്യന്മാരുടെയും മുമ്പില്‍ ഒച്ഛാനിച്ചു നില്‍ക്കാനേ അവര്‍ക്കു കഴിയൂ. നിവര്‍ന്നു നിന്നു രണ്ടു വാക്കു പറയാന്‍ അവര്‍ ഒരിക്കലും ധൈര്യപ്പെടുകയില്ല. ഇത്തരം ബുദ്ധിമാന്മാര് ഉണ്ടായിട്ട് എന്തു കാര്യം?
പണവും പ്രതാപവും ഉള്ള ഉന്നതന്മാര് മൂല്യവാദം, ആസ്വാദ്യതാവാദം, കലാവാദം മുതലായ ചപ്പടാച്ചിവാദങ്ങള് ഉന്നയിച്ചു തങ്ങളെ എലിമിനേറ്റു ചെയ്തിട്ടു തങ്ങളേക്കാള്‍ വളരെ അറിവു കുറഞ്ഞവരും തുരുതുരെ അച്ചു മൂളുന്നവരും ആയ “സുസ്വര”ക്കാരെയും “സംഗീതഗന്ധ”ക്കാരെയും ജയിപ്പിച്ചാലും അവര്‍ ആ അനീതി എല്ലാം സഹിച്ചു മിണ്ടാതെ നില്ക്കുകയേ ഉള്ളൂ. നട്ടെല്ലില്ലാത്തവര്‍ അനീതിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അനുഭവിക്കട്ടെ.