ഉന്നതന്മാരും ധനാഢ്യന്മാരും നടത്തുന്ന പുരോഗമനപരമായ അക്ഷരശ്ലോകമത്സരങ്ങളില്‍ മാര്‍ക്കിടാന്‍ വരുന്നവര്‍ പ്രധാനമായി മൂന്നു തരക്കാരാണ്.
1 നിര്മ്മല്സരന്മാര്
സദസ്സുകളിലും മറ്റും ശ്ലോകം ചൊല്ലുമെങ്കിലും ഇക്കൂട്ടര്‍ ഒരിക്കലും മത്സരങ്ങളില്‍ പങ്കെടുക്കുകയില്ല. അതുകൊണ്ടു തന്നെ മത്സരാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍, അവകാശങ്ങള്‍ ഇവയെപ്പറ്റിയൊന്നും ഇവര്‍ക്കു യാതൊരു ഗ്രാഹ്യവും ഇല്ല. ഇവരില്‍ നിന്നു മത്സരാര്‍ത്ഥികള്‍ക്ക് ഒട്ടും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കാവുന്നതല്ല.
2 നിഷ്ചൊല്ലന്മാര്
ചെറിയ സദസ്സുകളില്‍പ്പോലും ഇക്കൂട്ടര്‍ ഒരു ശ്ലോകവും ചൊല്ലുകയില്ല. പക്ഷെ അക്ഷരശ്ലോകത്തെപ്പറ്റി ദീര്‍ഘമായി പ്രസംഗിക്കും. മത്സരാര്‍ത്ഥികള്‍ക്കു നീതി നിഷേധിക്കുന്നതില്‍ അഗ്രഗണ്യന്മാരാണ് ഇക്കൂട്ടര്‍. നിര്മ്മല്സരന്മാരെക്കാള് ഒരു പടി കൂടി കടന്ന ധിക്കാരവും ധാര്‍ഷ്ട്യവും ഇവര്‍ കാണിക്കും. ഒരു ശ്ലോകം പോലും നേരേ ചൊവ്വേ ചൊല്ലാന്‍ കഴിയില്ലെങ്കിലും ഇവര്‍ മത്സരാര്‍ത്ഥികളെ പരാമാവധി ദ്രോഹിക്കും. ക്രൂരമായി നീതി നിഷേധിക്കുകയും ചെയ്യും. ഇവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത് അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരു ലളിതഗാനമത്സരമാണ് അക്ഷരശ്ലോകം എന്നാണ്.
3 പ്രതിഭാശാലികള്‍
മേല്‍പ്പറഞ്ഞ രണ്ടു കൂട്ടരും കൂടി സ്വരമാധുര്യം, സംഗീതഗന്ധിയായ ആലാപനശൈലി മുതലായവ (ആസ്വാദ്യത, മൂല്യം മുതലായവ എന്ന് ഔദ്യോഗികഭാഷ്യം) അളന്നു മാര്‍ക്കിട്ടു ജയിപ്പിച്ചു പ്രതിഭാശാലിപീഠത്തില് അവരോധിച്ചവരാണ് ഇക്കൂട്ടര്‍. പ്രതിഭ എന്നു പറഞ്ഞാല്‍ ശബ്ദമേന്മ എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. കാര്യങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാനുള്ള കഴിവു തീരെയില്ല. വിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര് മുതലായ മറ്റു പല വിശേഷണങ്ങളും ഉള്ള ഇവര്‍ക്കു അക്ഷരശ്ലോകത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെപ്പറ്റി പ്പോലും വേണ്ടത്ര ബോധം ഉണ്ടായിരിക്കുകയില്ല. അവര്‍ തങ്ങളുടെ മേല്‍ക്കോയ്മയെപ്പറ്റി മാത്രമേ ചിന്തിക്കുകയുള്ളൂ. മറ്റുള്ളവരുടെ അവകാശങ്ങള്‍, നീതി, ന്യായം ഇവയെപ്പറ്റിയൊന്നും അവര്‍ ചിന്തിക്കുകയില്ല.
മത്സരാര്‍ത്ഥികള്‍ ശ്ലോകം ചൊല്ലുന്ന ശൈലി ഈ തമ്പ്രാന്മാര്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ മാര്‍ക്കു കുറച്ച് എലിമിനേറ്റു ചെയ്യും. ഇഷ്ടപ്പെട്ടാലോ? തുരുതുരെ അച്ചു മൂളിയാലും അവരെത്തന്നെ ജയിപ്പിക്കുകയും ചെയ്യും. ജഡ്ജിമാരുടെ തീരുമാനം അന്തിമവും അലംഘ്യവും ആയതുകൊണ്ട് ഈ തമ്പ്രാന്മാരുടെ തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ആര്‍ക്കും കഴിയുകയില്ല.
അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ പോലും ശരിക്കു മനസ്സിലാക്കാതെ അക്ഷരശ്ലോകസര്‍വ്വജ്ഞന്‍ ചമഞ്ഞു വന്നിരുന്നു മാര്‍ക്കിട്ട് അക്ഷരശ്ലോകരംഗം കുളമാക്കുന്ന ഈ മൂന്നു കൂട്ടം തമ്പ്രാന്മാരും കൂടി അരങ്ങു തകര്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്കു നീതി നിഷേധിക്കപ്പെടുന്നതില്‍ അത്ഭുതം ഉണ്ടോ?