1955 ല്‍ ചില സ്വയം പ്രഖ്യാപിത സര്വ്വജ്ഞന്മാര് അക്ഷരശ്ലോകരംഗത്തേക്ക് ഇടിച്ചുകയറി വരികയും അക്ഷരശ്ലോകത്തിന്റെ നിലയും വിലയും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാര്‍ക്കിടല്‍, എലിമിനേഷന്. അച്ചുമൂളിയവരെ ജയിപ്പിക്കല് മുതലായ “വമ്പിച്ച പരിഷ്കാരങ്ങള്‍” ഏര്‍പ്പെടുത്തുകയും ചെയ്തു. തല തിരിഞ്ഞ ഈ പരിഷ്കാരങ്ങള്‍ കാരണം യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാര് എലിമിനേറ്റു ചെയ്യപ്പെടാനും ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും മറ്റുമുള്ള ചില മൂന്നാം കിടക്കാര് വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ഒക്കെയായി വാഴ്ത്തപ്പെടാനും ഇടയായി. അക്ഷരശ്ലോകക്കാരില്‍ 99% പേരും ഹിന്ദുക്കള്‍ ആണെങ്കിലും അവരാരും വേണ്ട വിധത്തില്‍ പ്രതികരിച്ചില്ല. ചിലര്‍ മേല്‍പ്പറഞ്ഞ സര്വ്വജ്ഞന്മാരെ കഠിനമായി ശകാരിച്ചു. പക്ഷേ അപാര തൊലിക്കട്ടിയുള്ള സര്വ്വജ്ഞമാനികളെ അത് ഒട്ടും തന്നെ ബാധിച്ചില്ല. മറ്റു ചിലര്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയില്ല എന്നു ശപഥം ചെയ്തു. അവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നതല്ലാതെ അതുകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഫലപ്രദവും ബുദ്ധിപൂര്‍വ്വവും പ്രശംസനീയവും ആയ ഒരു പ്രതികരണവും ആയി ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ മുന്നോട്ടു വന്നു. അത് ഒരു ക്രിസ്ത്യാനി ആയിരുന്നു. അദ്ദേഹത്തിന്റെ പേരു കെ.സി. അബ്രഹാം.
അദ്ദേഹം മദിരാശിയിലെ ഒരു വ്യവസായി ആയിരുന്നു. എണ്ണമറ്റ ശ്ലോകങ്ങള്‍ ഒരു തെറ്റും ഇല്ലാതെ ഓര്‍മ്മയില്‍ നിന്നു ചൊല്ലാന്‍ കഴിവുള്ള അദ്ദേഹം അത്ഭുതകരമായ ഒരു അക്ഷരശ്ലോകപ്രതിഭ ആയിരുന്നു. പ്രരോദനം മുഴുവന്‍ അദ്ദേഹത്തിനു മനഃപാഠം ആയിരുന്നു എന്നു പറയപ്പെടുന്നു. സര്വ്വജ്ഞന്മാരുടെ പരിഷ്കാരത്തിന്റെ പൊള്ളത്തരം അദ്ദേഹം ശരിക്കു മനസ്സിലാക്കി. സര്വ്വജ്ഞന്മാര് തങ്ങളുടെ വമ്പിച്ച പരിഷ്കാരവുമായി ഇരമ്പിക്കുതിച്ചു മുന്നേറിക്കൊണ്ടിരുന്ന കാലഘട്ടം ആയിരുന്നിട്ടും അദ്ദേഹം ആ പരിഷ്കാരത്തെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. സര്വ്വജ്ഞന്മാര് തങ്ങളുടെ സകല എതിരാളികളെയും മലര്‍ത്തിയടിക്കാന്‍ പ്രയോഗിച്ച മൂല്യവാദം ആസ്വാദ്യതാവാദം മുതലായ ആയുധങ്ങളെ അദ്ദേഹം പുഷ്പം പോലെ തടുത്തു. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒരൊറ്റ കുഞ്ഞു പോലും മുന്നോട്ടു വന്നില്ലെങ്കിലും അദ്ദേഹം തനിച്ചു തന്നെ അക്ഷരശ്ലോകപ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. സര്വ്വജ്ഞന്മാരുടെ പരിഷ്കാരങ്ങള്‍ ഒന്നും ബാധകമാക്കാതെ അദ്ദേഹം സ്വന്തം പണം ഉപയോഗിച്ചു ശരിയായ അക്ഷരശ്ലോകമത്സരങ്ങള്‍ നടത്താന്‍ തുടങ്ങി.
നീതിപൂര്‍വ്വകമായി അക്ഷരശ്ലോകമത്സരം നടത്താനുള്ള പ്രശംസനീയമായ ഒരു പുതിയ വഴി അദ്ദേഹം വെട്ടിത്തുറക്കുകയായിരുന്നു. അതാണ് ഏകാക്ഷരമത്സരരീതി. സ്വീകാര്യമായ ഏതാനും അക്ഷരങ്ങളില്‍ നിന്നു നറുക്കെടുത്തു തീരുമാനിച്ച ഒരക്ഷരത്തില്‍ എല്ലാവരും ശ്ലോകം ചൊല്ലുക. അച്ചുമൂളുന്നവരെ അപ്പപ്പോള്‍ പുറത്താക്കുക. അച്ചുമൂളാതെ അവസാനം വരെ പിടിച്ചു നിന്ന ആളിനെ ജയിപ്പിക്കുക. മാര്‍ക്കിടല്‍ എന്ന “വമ്പിച്ച പുരോഗമനം” പാടേ തള്ളിക്കളയുക. ഇതായിരുന്നു അദ്ദേഹം ആവിഷ്കരിച്ച പുതിയ രീതി. അദ്ദേഹം മരിക്കുന്നതു വരെ അദ്ദേഹം ഈ രീതിയില്‍ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ കൊടുത്തു പോന്നു. അദ്ദേഹത്തെ എതിര്‍ക്കാന്‍ ഒരു സര്‍വ്വജ്ഞനും ധൈര്യപ്പെട്ടില്ല.
പക്ഷെ അദ്ദേഹത്തിന്റെ മരണശേഷം ഏകാക്ഷരമത്സരങ്ങളെ തകര്‍ത്തുകളയാന്‍ തല്‍പ്പരകക്ഷികള്‍ ചില കുത്സിതശ്രമങ്ങള്‍ നടത്തി നോക്കി. ഏകാക്ഷരമത്സരങ്ങളില്‍ മാര്‍ക്കിടല്‍ അടിച്ചേല്‍പ്പിക്കാനുള്ള കുടിലതന്ത്രമാണ് അവര്‍ പയറ്റിയത്. പക്ഷേ മാര്‍ക്കിടല്‍ ഇല്ലാത്ത ഏകാക്ഷരമത്സരങ്ങളുടെ ഗുണഗണങ്ങള്‍ മനസ്സിലാക്കിയ യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികള്‍ ശക്തമായി ചെറുത്തുനിന്നതിനാല്‍ അതു ഫലപ്പെട്ടില്ല. കോഴിക്കോടു സമിതിയും തിരുവനന്തപുരം സമിതിയും അബ്രഹാമിന്റെ രീതിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
അബ്രഹാം എന്ന രക്ഷകന് അവതരിക്കാതിരുന്നെങ്കില് എന്താകുമായിരുന്നു കഥ? ഈ സര്‍വ്വജ്ഞമാനികള്‍ യഥാര്‍ത്ഥ അക്ഷരശ്ലോകത്തെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കിക്കളയുമായിരുന്നില്ലേ?