സ്വയംപ്രഖ്യാപിത അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായ ചില ഉന്നതന്മാര് സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിടുകയും കുഞ്ഞുകുഞ്ഞ് ആദിശ്ശര്‍, സ്വാമി കേശവാനന്ദ, കെ. സി. അബ്രഹാം മുതലായ യഥാര്‍ത്ഥ വിദഗ്ദ്ധന്മാരെ എലിമിനേറ്റു ചെയ്യുകയും അവരുടെ ഏഴയലത്തു പോലും വരാന്‍ യോഗ്യത ഇല്ലാത്ത ചില ഗര്ഭശ്രീമാന്മാരെ ജയിപ്പിച്ചു വിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര്, പ്രതിഭാശാലികള്‍ എന്നൊക്കെ വാഴ്ത്തുകയും ചെയ്യുന്നതു വ്യക്തമായി കണ്ടാലും കാണുന്നവര്‍ അതിലെ അനീതിയെപ്പറ്റി ഒന്നും അറിയുകയില്ല. എത്ര വിശദീകരിച്ചു പറഞ്ഞുകൊടുത്താലും കേള്‍ക്കുന്നവരും അത് അറിയുകയില്ല. അനുഭവിച്ചവര്‍ മാത്രമേ അറിയൂ. കാക്ക കണ്ടറിയും; കൊക്കു കൊണ്ടേ അറിയൂ എന്നാണല്ലോ പ്രമാണം.
കാണുന്നവരും കേള്‍ക്കുന്നവരും അനീതി മനസ്സിലാക്കുകയില്ല എന്നു മാത്രമല്ല, ഉന്നതന്മാരെ വാനോളം പുകഴ്ത്തുകയും ചെയ്യും. എന്തൊരു പുരോഗമനം! എന്തൊരു മൂല്യബോധം! എന്തൊരു കലാബോധം! എന്തൊരു നിസ്വാര്‍ത്ഥസേവനം! എന്നൊക്കെയായിരിക്കും അവര്‍ പറയുക. യഥാര്‍ത്ഥ അക്ഷരശ്ലോകപ്രേമികളെ സംബന്ധിച്ചിടത്തോളം ഇതു വളരെ നിര്‍ഭാഗ്യകരവും ദുഃഖകരവും ആയ ഒരു ദുരവസ്ഥയാണ്.