അക്ഷരശ്ലോകസര്വ്വജ്ഞന്മാരായി ഞെളിഞ്ഞു നടക്കുന്ന ഉന്നതന്മാര് എല്ലാവരും എപ്പോഴും ഇങ്ങനെ ഉല്ഘോഷിക്കാറുണ്ട്:
“നിങ്ങള്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ എലിമിനേറ്റു ചെയ്തുകളയും”
അക്ഷരശ്ലോകക്കാരുടെ സമ്മേളനങ്ങളില്‍ ഏതെങ്കിലും ഒരു ഉന്നതനെ പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഘോരഘോരം പ്രസംഗിക്കാതെ അയാള്‍ തിരിച്ചു പോകുന്ന പ്രശ്നമേ ഇല്ല.
യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകക്കാര്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലേണ്ട ആവശ്യമുണ്ടോ? ഇല്ല എന്നതാണു വാസ്തവം. അക്ഷരം ഒക്കുന്നതും അനുഷ്ടുപ്പ് അല്ലാത്തതും വൃത്തഭംഗം, നിരര്‍ത്ഥകത്വം, വ്യാകരണത്തെറ്റു മുതലായ ദോഷങ്ങള്‍ ഇല്ലാത്തതും ആയ ശ്ലോകങ്ങള്‍ സ്വന്തം ഓര്‍മ്മയില്‍ നിന്നു ചൊല്ലാന്‍ മാത്രമേ നിയമം ആവശ്യപ്പെടുന്നുള്ളൂ. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ വേണമെന്നു നിയമത്തില്‍ ഒരിടത്തും പറയുന്നില്ല.
അക്ഷരം കിട്ടിയശേഷം വേദിയില്‍ വച്ചു സ്വയം നിര്‍മ്മിച്ചു ചൊല്ലുന്ന നിമിഷശ്ലോകങ്ങള്‍ പോലും സ്വീകാര്യമാണെന്നു നിയമം പറയുന്നു. ഇവയില്‍ സാഹിത്യമൂല്യം കൂടുതല്‍ ഉണ്ടാകാന്‍ സാദ്ധ്യത ഇല്ലല്ലോ.
സ്വീകരിക്കപ്പെടുന്ന എല്ലാ ശ്ലോകങ്ങളും തുല്യമായി പരിഗണിക്കുക എന്നതാണ് അക്ഷരശ്ലോകത്തിന്റെ രീതി. സാഹിത്യമൂല്യത്തിന്റെ ഏറ്റക്കുറച്ചില്‍ പരിഗണനാര്ഹമേ അല്ല.
അറിവില്ലായ്മ, ചിന്താജഡത്വം, പൊങ്ങച്ചം മുതലായവയുടെ ഫലമാണു സാഹിത്യമൂല്യവാദം എന്ന ചപ്പടാച്ചി. സാഹിത്യമൂല്യം അളന്നു മാര്‍ക്കിടുന്നത് അനാവശ്യവും ബുദ്ധിശൂന്യവുമായ ഒരു പൊങ്ങച്ചമാണ്. സാഹിത്യമൂല്യം അളക്കേണ്ട ആവശ്യം ഇല്ലെങ്കില്‍ പിന്നെ സ്വരമാധുര്യം. പാട്ടു മുതലായവ അളക്കേണ്ട ആവശ്യമില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.